ഓവല്‍ ടെസ്റ്റിലെ ആവേശ ജയത്തോടെ ആന്‍ഡേഴ്‌സണ്‍ - തെണ്ടുല്‍ക്കര്‍ പരമ്പര സമനിലയിലാക്കിയിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റിന്റെ അഞ്ചാം ദിനം മുഹമ്മദ് സിറാജ് പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. രണ്ടാം ഇന്നിങ്‌സിലെ അഞ്ചു വിക്കറ്റ് നേട്ടമടക്കം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജായിരുന്നു കളിയിലെ താരം. 23 വിക്കറ്റുകളുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയിലും മുമ്പന്‍ സിറാജ് തന്നെ.
ഹൈദരാബാദ് പോലീസില്‍ ഡിഎസ്പി റാങ്കിലുള്ള സിറാജിനെ ഇന്ത്യന്‍ താരങ്ങളും ആരാധകരും ഡിഎസ്പി എന്നു തന്നെ വിളിക്കാറുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ സിറാജിന് ഒരു വിളിപ്പേരുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍.
കളത്തിലെ തീക്ഷ്ണമായ സ്വഭാവം കാരണം സിറാജിനെ 'മിസ്റ്റര്‍ ആംഗ്രി' (ദേഷ്യക്കാരന്‍) എന്നാണ് ഇംഗ്ലീഷ് ടീം വിളിക്കുന്നതെന്ന് ഹുസൈന്‍ വെളിപ്പെടുത്തി. വിജയിക്കാനുള്ള സിറാജിന്റെ അഭിനിവേശം കാരണം അദ്ദേഹത്തോടുള്ള ആദരസൂചകമായി താരത്തെ 'born entertainer' എന്ന് ഹുസൈന്‍ വിശേഷിപ്പിച്ചു. ദി ഡെയ്ലി മെയിലില്‍ എഴുതിയ കോളത്തിലാണ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്.
'അദ്ദേഹം തീവ്രമായി പെരുമാറുന്നയാളാണ്. ഇംഗ്ലണ്ട് ബോയ്‌സ് അദ്ദേഹത്തെ മിസ്റ്റര്‍ ആംഗ്രി എന്നാണ് വിളിക്കാറ്. കളിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോളോ-ത്രൂ ഉള്ള ആളാണ് അയാള്‍. ജന്മനാ ഒരു എന്റര്‍ടെയ്നറാണ് അദ്ദേഹം, പക്ഷേ നിര്‍ണായകമായി ഉയര്‍ന്ന തലത്തില്‍ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. മികച്ച പ്രകടനം നടത്താനുള്ള ത്വര, അഭിനിവേശം, ആത്യന്തികമായി കഴിവ്. ജോ റൂട്ടിനെതിരേ ചെയ്ത പോലെ വോബിള്‍ സീം ഉപയോഗിച്ച് കളിക്കാരെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ഒരു ഹിറ്റ്-ദി-ഡെക്ക് ബൗളര്‍ എന്ന നിലയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിന് രണ്ടാമത്തെ പുതിയ പന്ത് എടുക്കാന്‍ താത്പര്യം തോന്നിക്കാത്തത്ര മികച്ച സ്വിങ് പുറത്തെടുക്കുന്ന ഒരാളിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.' - ഹുസൈന്‍ കുറിച്ചു.
പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം. വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കുന്ന താരം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്.
Content Highlights: Mohammed Siraj, India`s bowling leader successful the Oval Test, has a nickname successful the England team








English (US) ·