
ബാലൻ കെ നായർ, എം.എൻ. നമ്പ്യാർ (Photo: മാതൃഭൂമി ആർക്കൈവ്സ്)
മഞ്ഞേരി നാരായണൻ നമ്പ്യാർ എന്ന എം എൻ നമ്പ്യാരെ ത്യാഗരാജൻ അറിഞ്ഞു തുടങ്ങുന്നത് പുലികേശിയുടെ സഹായിയായി പ്രവർത്തിക്കുന്ന കാലത്താണ്. എംജിആറിന്റെയും ശിവാജി ഗണേശന്റെയും ചിത്രങ്ങളിലെ മാത്രമല്ല മിക്ക തമിഴ് സിനിമകളിലെയും വില്ലൻ അക്കാലത്ത് എം എൻ നമ്പ്യാരായിരുന്നു. എത്ര കണ്ടിട്ടും പ്രേക്ഷകർ നമ്പ്യാരെ വെറുത്തില്ല. കഥാപാത്രവുമായി അത്രയേറെ ഇഴുകിച്ചേർന്ന് അഭിനയിച്ച നമ്പ്യാർ യഥാർത്ഥ ജീവിതത്തിൽ അത്രമേൽ നിഷ്കളങ്കനുമായിരുന്നു. മലയാളത്തിൽ ത്യാഗരാജനൊരുക്കിയ സംഘട്ടനങ്ങളിൽ എം എൻ നമ്പ്യാർ അഭിനയിച്ച രണ്ട് പ്രധാന സിനിമകളായിരുന്നു 'തച്ചോളി അമ്പു'വും 'മാമാങ്ക'വും. വാൾപ്പയറ്റും കുതിരയോട്ടവുമൊക്കെയായി തീപാറുന്ന സംഘട്ടനങ്ങളാൽ നിറഞ്ഞ ചിത്രമായിരുന്നു രണ്ടും. തച്ചോളി അമ്പുവിൽ പ്രേംനസീറിനോടായിരുന്നു നമ്പ്യാർ ഏറ്റുമുട്ടിയതെങ്കിൽ മാമാങ്കത്തിൽ ബാലൻ കെ നായരോടായിരുന്നു ആ കൊമ്പുകോർക്കലേറെയും.
മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പുവിന്റെ ചിത്രീകരണകാലത്താണ് നമ്പ്യാരും ബാലൻ കെ നായരും തമ്മിൽ അടുക്കുന്നത്. സിനിമയിൽ കൊടിയവില്ലന്മാരാണെങ്കിലും ജീവിതത്തിൽ രണ്ടുപേരും നിഷ്‌ക്കളങ്കരാണെന്നത് അടുത്ത് പരിചയമുള്ളവർക്കെല്ലാം വ്യക്തമായി അറിയുന്ന കാര്യമാണ്. പക്ഷേ, ആ നിഷ്കളങ്കത ഫൈറ്റ് സീനിൽ മിക്കപ്പോഴും മറന്നുപോയത് ബാലൻ കെ നായരാണ്.
'മാമാങ്ക'ത്തിന്റെ ചിത്രീകരണം ഭാരതപ്പുഴയുടെ തീരത്തും പരിസരങ്ങളിലുമായി നടക്കുന്ന കാലം. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിൽ പ്രേംനസീറിനും ജയനും ബാലൻ കെ നായർക്കുമൊപ്പം നമ്പ്യാരുമുണ്ട്. സ്റ്റണ്ട് സ്വീക്വൻസുകൾ ത്യാഗരാജൻ വിശദീകരിച്ചു. അതുവരെ കസേരയിലിരുന്ന് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ചിരുന്ന ബാലൻ കെയും നമ്പ്യാരും വാളും പരിചയും കയ്യിലെടുത്ത് കഥാപാത്രങ്ങളായി മാറി. 'ആക്ഷൻ' എന്ന് കേൾക്കേണ്ട താമസം അഭിനയം മറന്ന് ബാലൻ കെ പൊരുതാൻ തുടങ്ങി. തുടക്കത്തിൽ നമ്പ്യാർക്ക് കാര്യം മനസ്സിലായില്ല. നമ്പ്യാരുടെ കയ്യിലെ വാളും പരിചയും തെറിപ്പിച്ച് ബാലൻ കെ ചാടിവീണു. കയ്യിലെ വാൾകൊണ്ട് നമ്പ്യാരുടെ വയറ്റിൽ ആഞ്ഞുകുത്താനൊരുങ്ങുമ്പോഴേക്കും ത്യാഗരാജൻ 'കട്ട്' പറഞ്ഞു. പക്ഷേ, അതൊന്നും കേൾക്കാൻ ബാലൻ കെയ്ക്ക് കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സ് പൂർണമായും അഭിനയത്തിന്റെ ഭ്രാന്തമായ ലഹരിയിലായിരുന്നു അപ്പോൾ. നമ്പ്യാരുടെ ശരീരത്തിൽ കുത്തേൽക്കുന്നതിന് സെക്കൻഡുകൾക്ക് മുൻപേ ത്യാഗരാജൻ ബാലൻ കെയെ പിടിച്ചുമാറ്റി. അപ്പോഴും താൻ ക്യാമറയ്ക്ക് മുന്നിലാണെന്ന ബോധ്യം ബാലൻ കെ യ്ക്ക് ഉണ്ടായിരുന്നില്ല. ഇതെല്ലാംകണ്ട് നമ്പ്യാർ വല്ലാതെ ഭയപ്പെട്ടു.
'ബാലൻ... എന്തുപറ്റി?' നമ്പ്യാർ ചോദിച്ചു.
'ഒന്നുമില്ല സാർ.' മറുപടി പറഞ്ഞത് ത്യാഗരാജനാണ്. തന്റെയുള്ളിലെ ഭീതി നമ്പ്യാർ ത്യാഗരാജനോട് പങ്കുവെച്ചു. അല്പസമയം കഴിഞ്ഞപ്പോൾ നമ്പ്യാരോട് മാത്രമായി ത്യാഗരാജൻ പറഞ്ഞു.'സാർ ക്ഷമിക്കണം. ബാലൻ കെ അങ്ങനെയാണ്. ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഒരു ബോധവും ഉണ്ടാവില്ല. എത്ര പറഞ്ഞാലും മനസ്സിലാവില്ല. ഫൈറ്റ് സീനിൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ കുഴപ്പമുണ്ടാകും. വാളായാലും കത്തിയായാലും കുത്തേൽക്കും.'
'അയ്യയ്യോ... അങ്ങനെയോ...
എന്താ ത്യാഗരാജൻ ഇത്?'
അരമണിക്കൂർ കഴിഞ്ഞ് സ്റ്റണ്ട് ചിത്രീകരണം പുനഃരാരംഭിച്ചു. ഉള്ളിലെ ഭയം മറച്ചുപിടിച്ച് നമ്പ്യാർ പൊരുതി. ബാലൻ കെ വീണ്ടും പഴയ അവസ്ഥയിലേക്ക് വരാൻ തുടങ്ങിയപ്പോഴേക്കും ത്യാഗരാജൻ ഇടപെട്ട് അല്പം രോഷത്തോടെ പറഞ്ഞു:
'ഇങ്ങനെ എടുത്താൽ ശരിയാവില്ല.'
ബാലൻ കെയും വല്ലാത്ത അവസ്ഥയിലായി. അദ്ദേഹം ത്യാഗരാജനോട് ക്ഷമ ചോദിച്ചു. പക്ഷേ, ബാലൻ കെ യോട് ഫൈറ്റ് ചെയ്യാൻ എംഎൻ നമ്പ്യാർക്ക് പേടിയായി. അദ്ദേഹം ത്യാഗരാജനോട് പറഞ്ഞു:
'ബാലനുമൊത്തുള്ള ആക്ഷൻ സീനിൽ നിന്നും എന്നെ മാറ്റണം. ഡ്യുപ്പിനെ വെച്ച് ചെയ്‌താൽ മതി.'
'സാർ പേടിക്കേണ്ട, ഒരപകടവും വരാതെ ഞാൻ നോക്കിക്കോളാം.'ത്യാഗാരാജൻ പറഞ്ഞെങ്കിലും നമ്പ്യാർക്ക് അത് അംഗീകരിക്കാൻ പ്രയാസമായിരുന്നു.
'വേണ്ട ത്യാഗരാജൻ എനിയ്ക്ക് ജീവനിൽ പേടിയുണ്ട്. നിങ്ങൾ ഡ്യുപ്പിനെ വെച്ച് ചെയ്തോളൂ.' ഒടുവിൽ ത്യാഗരാജന് നമ്പ്യാരുടെ അഭിപ്രായത്തെ അംഗീകരിക്കേണ്ടി വന്നു. ബാലൻ കെ നായരുടെയും നമ്പ്യാരുടെയും കുറെ ക്ലോസപ്പ് ഷോട്ടുകൾ എടുത്തശേഷം രണ്ടുപേർക്കും തുല്യരായ ഡ്യുപ്പുകളെ വെച്ചാണ് ആ ഫൈറ്റ് സീൻ ത്യാഗരാജൻ പൂർത്തീകരിച്ചത്.
ബാലൻ കെ നായർ എന്ന പ്രതിഭാധനനായ നടൻ എപ്പോഴും അങ്ങനെയായിരുന്നു. അഭിനയത്തിൽ ജീവിച്ചു. ജീവിതത്തിൽ ഒരു തരിപോലും അഭിനയിച്ചില്ല. പക്ഷേ, ഫൈറ്റ് സീനിലും ജീവിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പം അഭിനയിച്ചവരുടെ ശരീരത്തിൽ പോലും അത് വലിയ പോറലുണ്ടാക്കി. അത് സിനിമാ മേഖലയിൽ പലപ്പോഴും ചർച്ചയാവുകയും ചെയ്തു. മാമാങ്കത്തിനുശേഷം 'കോളിളക്ക'മായിരുന്നു എംഎൻ നമ്പ്യാരും ബാലൻ കെ യും ഒന്നിച്ചഭിനയിച്ച ഒരേയൊരു ചിത്രം. പിന്നീടവർ കണ്ടുമുട്ടിയില്ല. മദിരാശിയിലെ സ്റ്റുഡിയോ ഫ്ളോറിൽ വെച്ചു പോലും. കോളിളക്കം കഴിഞ്ഞ് ഏറെക്കാലം മറ്റൊരു മലയാള പടത്തിൽ നമ്പ്യാർ അഭിനയിച്ചതുമില്ല.
വർഷങ്ങൾ കടന്നുപോയപ്പോൾ എവിഎം സ്റ്റുഡിയോയിൽ വെച്ച് എംഎൻ നമ്പ്യാരോട് ത്യാഗരാജനാണ് ബാലൻ കെ നായരുടെ ജീവിതത്തിലുണ്ടായ ആ ദുരന്തത്തെക്കുറിച്ച് പറഞ്ഞത്. രക്താർബുദം ബാധിച്ച് തിരിച്ചറിയാനാവാത്ത വിധം ബാലൻ കെ മാറിപ്പോയെന്ന സത്യം. രുചിയും ഗന്ധവും കാഴ്ചശക്തിയും നഷ്ടപ്പെട്ട് വേദനയുടെ തീക്കടലിൽ ജീവിക്കുകയായിരുന്നു ആ നാളുകളിൽ ബാലൻ കെ.
ഷൊർണ്ണൂരിൽ വാടാനാംകുറിശ്ശിയിലെ വീട്ടിൽപോയി ബാലൻ കെയെ കാണാനുള്ള ആഗ്രഹം ത്യാഗരാജനോടാണ് നമ്പ്യാർ പറഞ്ഞത്. ഒന്നിച്ച് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി ബാലൻ കെയെ കാണാൻ ത്യാഗരാജന് കഴിഞ്ഞില്ല. ത്യാഗരാജൻ കൂട്ടില്ലാത്തതുകൊണ്ട് നമ്പ്യാർക്കും. നീണ്ട പത്തുവർഷം രോഗവുമായി പൊരുതി ഒടുവിൽ ബാലൻ കെ നായർ ഓർമയായി. കോളിളക്കം കഴിഞ്ഞ് ഇരുപതു വർഷങ്ങൾ പിന്നിട്ടപ്പോഴായിരുന്നു ബാലൻ കെ യുടെ വിയോഗം. സംഘട്ടനരംഗങ്ങളിൽ പരമാവധി ഡ്യൂപ്പുകളെ ഒഴിവാക്കിയിരുന്ന അദ്ദേഹത്തിന് പലപ്പോഴും തിരിച്ചറിയാനാവാതെ പോയത് ക്യാമറയ്ക്ക് മുന്നിലാണ് താനെന്ന സത്യത്തെയായിരുന്നു. അത്രമാത്രം അഭിനയം ഒരു ലഹരിയായി കൊണ്ടുനടന്നിരുന്നു ബാലൻ കെ നായർ.
(തുടരും)
Content Highlights: MN Nambiar, Balan K Nair, Mamangam, Thacholi Ambu, combat scene, Malayalam cinema, Thiagarajan
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·