Published: November 17, 2025 09:32 PM IST
1 minute Read
ന്യൂഡൽഹി ∙ രാജ്യാന്തര ക്രിക്കറ്റിൽ ഒരു താരത്തിനുണ്ടാകുന്ന സമ്മർദത്തേക്കാൾ കൂടുതലാണ് ഐപിഎലിൽ അനുഭവിക്കേണ്ടി വരുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് താരവുമായ കെ.എൽ.രാഹുൽ. ഐപിഎലിൽ ക്യാപ്റ്റൻസി വഹിക്കുമ്പോഴുണ്ടാകുന്ന സമ്മർദത്തെക്കുറിച്ചും താൻ നായകസ്ഥാനം ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ചും രാഹുൽ തുറന്നുപറഞ്ഞു. ഐപിഎലിൽ, ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായിരുന്ന രാഹുൽ, പിന്നീട് ഡൽഹിയിലെത്തിയപ്പോൾ നായകസ്ഥാനം നിരസിച്ചിരുന്നു. 2024 സീസണിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ തോറ്റത്തിനു പിന്നാലെ ഉടമ സഞ്ജീവ് ഗോയങ്ക, രാഹുലിനോട് കയർക്കുന്ന വിഡിയോ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് താരം ഫ്രാഞ്ചൈസി വിട്ടത്.
ഐപിഎലിലെ ക്യാപ്റ്റൻമാർ നിരന്തരം കടുത്ത സമ്മർദത്തിലാണെന്നും കായികരംഗത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത ആളുകളാണ് പലപ്പോഴും ചോദ്യം ചെയ്യുന്നതെന്നും രാഹുൽ വെളിപ്പെടുത്തി. ‘‘ഐപിഎലിൽ ക്യാപ്റ്റൻസി വഹിച്ചപ്പോൾ എനിക്ക് ബുദ്ധിമുട്ട് തോന്നിയത് ഒട്ടേറെ മീറ്റിങ്ങുകളിലും അവലോകനങ്ങളിലും പങ്കെടുക്കേണ്ടി വന്നു എന്നതാണ്. ഉടമകളോട് തീരുമാനങ്ങൾ വിശദീകരിക്കേണ്ടി വന്നു. ഐപിഎൽ അവസാനിച്ചപ്പോഴേക്കും 10 മാസം രാജ്യാന്തര ക്രിക്കറ്റ് കളിച്ചതിനേക്കാൾ മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയി.’’– രാഹുൽ പറഞ്ഞു.
‘‘പരിശീലകരോടും ക്യാപ്റ്റന്മാരോടും നിരന്തരം ധാരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഒരു ഘട്ടത്തിനുശേഷം, നിങ്ങളെ ചോദ്യം ചെയ്യുന്നതായി തോന്നും. എന്തുകൊണ്ടാണ് നിങ്ങൾ ഈ മാറ്റം വരുത്തിയത്? എന്തുകൊണ്ടാണ് അദ്ദേഹം ഇലവനിൽ കളിച്ചത്? നമുക്ക് 120 പോലും നേടാൻ കഴിയാത്തപ്പോൾ എതിർ ടീം എങ്ങനെയാണ് 200 റൺസ് നേടിയത്? എന്തുകൊണ്ടാണ് അവരുടെ ബോളർമാർക്ക് കൂടുതൽ സ്പിൻ ലഭിക്കുന്നത്? എന്നൊക്കെയാണ് ചോദ്യങ്ങൾ.’’– ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് വേണ്ടി നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റ് ഇത്തരം സൂക്ഷ്മപരിശോധന നിലവിലില്ലെന്നും പരിശീലകരും സെലക്ടർമാരും കളിയെക്കുറിച്ചു ധാരണയുള്ളവരാണെന്നും രാഹുൽ വിശദീകരിച്ചു. ‘‘വർഷത്തിലുടനീളം ഞങ്ങളോട് ഒരിക്കലും ചോദിക്കാത്ത ചോദ്യങ്ങളാണിവ. കാരണം പരിശീലകർക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാം. ക്രിക്കറ്റ് കളിച്ച്, കളി മനസ്സിലാക്കിയ പരിശീലകർക്കും സെലക്ടർമാർക്കും മാത്രമേ നിങ്ങൾ ഉത്തരം നൽകേണ്ടതുള്ളൂ. നിങ്ങൾ എന്തു ചെയ്താലും കായികരംഗത്ത് ഒന്നും വിജയം ഉറപ്പുനൽകുന്നില്ല. കായിക പശ്ചാത്തലമില്ലാത്ത ആളുകളോട് അതു വിശദീകരിക്കാൻ പ്രയാസമാണ്.’’– രാഹുൽ കൂട്ടിച്ചേർത്തു.
മൂന്നു സീസണുകളിൽ എൽഎസ്ജിയെ നയിച്ച രാഹുൽ, ഉടമകളുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് ഫ്രാഞ്ചൈസി വിട്ടതെന്നാണ് സൂചന. 2025 ലെ മെഗാ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 14 കോടി രൂപയ്ക്കാണ് താരത്തെ വാങ്ങിയത്. എങ്കിലും നായകസ്ഥാനം ഏറ്റെടുക്കാൻ താരം തയാറായില്ല. തുടർന്ന് അക്ഷർ പട്ടേലിനെ ക്യാപ്റ്റനായി നിയമിച്ചു. 2026 ഐപിഎലിനു മുന്നോടിയായുള്ള ലേലത്തിന് മുൻപ് താരത്തെ ഡൽഹി നിലനിർത്തുകയും ചെയ്തു.
English Summary:








English (US) ·