നമ്മുടെ കുട്ടികൾ, നമുക്കൊരു സ്വപ്നം!

3 months ago 4

കൊച്ചി∙ ‘‘എനിക്കൊരു സ്വപ്നമുണ്ട്. 2036ലെ ഒളിംപിക്സിൽ ഇന്ത്യയുടെ പതാക ഉയർത്തിനിർത്തുന്ന നമ്മുടെ സ്വന്തം കേരളത്തിലെ പത്തു താരങ്ങളെക്കുറിച്ചുള്ള സ്വപ്നം. അതു സാധ്യമാക്കാവുന്ന ലക്ഷ്യമാണ്. അതിലേക്കുള്ള യാത്ര നമുക്ക് ഇന്നുമുതൽ ആരംഭിക്കാം’’

സംസ്ഥാന സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയ്ക്കു തുടക്കമിട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി പറഞ്ഞതു കേരളത്തിന്റെ സ്വപ്നമാണ്.

2036ലെ ഒളിംപിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ ശ്രമിക്കുമ്പോൾ, അന്ന് ഒരു ഒളിംപിക് മെഡലിന്റെ തലപ്പൊക്കം നമുക്കും വേണ്ടേ? 2036ലെ ഒളിംപിക്സിൽ മത്സരിക്കേണ്ട നമ്മുടെ കുട്ടികൾ ഇന്നു തിരുവനന്തപുരത്ത് ആരംഭിക്കുന്ന സംസ്ഥാന കായികമേളയിൽ ട്രാക്കിലും ഫീൽ‌ഡിലും ഇറങ്ങുന്നുണ്ട്.

ഒളിംപിക്സ് മെഡൽ എന്ന സ്വപ്നത്തിലേക്കുള്ള യാത്രയ്ക്കാണ് ‘വിഷൻ 2036’ ആശയക്കൂട്ടായ്മയിലൂടെ മനോരമ തുടക്കമിട്ടത്. ഉഷയ്ക്കു പുറമേ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, ഒളിംപ്യൻമാരായ എം.ഡി.വൽസമ്മ, മേഴ്സി കുട്ടൻ, കെ.എം.ബിനു, രാജ്യാന്തര അത്‌ലീറ്റ് അനു രാഘവൻ എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം സായ് എൽഎൻസിപിഇ പ്രിൻസിപ്പലും റീജനൽ മേധാവിയുമായ ‍ഡോ. ജി.കിഷോർ മോഡറേറ്ററായി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, സ്പോർട്സ് എഡിറ്റർ സുനിഷ് തോമസ്, ചീഫ് സബ് എഡിറ്റർ ജോമിച്ചൻ ജോസ് എന്നിവർ പ്രസംഗിച്ചു.

ചർച്ചയിൽനിന്ന്

വേണം, കളിക്കളങ്ങൾ

ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു പുതിയ അത്‌ലീറ്റുകളെ വളർത്തിക്കൊണ്ടു വരണം. അതിനു സർക്കാർ തലത്തിൽ കൂടുതൽ പദ്ധതികൾ വേണം.

അത്‌ലറ്റിക്സിൽ പണമിറക്കണംമറ്റു ഗെയിമുകളെ അപേക്ഷിച്ച് അത്‌ലറ്റിക്സ് രംഗം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. അത്‌ലറ്റിക്സ് പദ്ധതികൾക്കായി കൂടുതൽ പണം കണ്ടെത്താനും പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാരിനു കഴിയണം.

ടാലന്റ് ഹണ്ട് നടത്തണംകഴിവുള്ള അത്‌ലീറ്റുകളെ കണ്ടെത്തി വളർത്താൻ പ്രാദേശികതലത്തിൽ ‘ടാലന്റ് ഹണ്ട്’ നടത്തണം. കഴിവുതെളിയിക്കുന്നവർക്കു വിദഗ്ധ പരിശീലനം നൽകണം.

കോച്ചിങ് മികവ്കായിക താരങ്ങൾക്കൊപ്പം മികച്ച പരിശീലകരെയും ആവശ്യമാണ്. ഇതിനുവേണ്ടി കോച്ചുമാർക്കു പരിശീലനം നൽകണം. കൂടുതൽ കായികാധ്യാപകരെ നിയമിക്കണം.

വനിതകളെവിടെ?ഒരു കാലത്തു രാജ്യത്തെ മുൻനിര അത്‌ലറ്റിക് മീറ്റുകളിൽ കേരളത്തിലെ വനിതാ അത്‌ലീറ്റുകളുടെ സ്വർണവേട്ടയായിരുന്നു. ഇപ്പോൾ സംസ്ഥാനത്തു കായിക രംഗത്തേക്ക് എത്തുന്ന വനിതകളുടെ എണ്ണം പോലും കുറഞ്ഞു.

സ്മാർട്ടാകട്ടെ സൗകര്യങ്ങൾഅത്‌ലറ്റിക്സ് പരിശീലനമെന്നത് ഇപ്പോൾ കേവലം കായികാധ്വാനം മാത്രമല്ല. നിർമിതബുദ്ധി, ഡേറ്റ അനാലിസിസ് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണു പരിശീലനം.

കായികസംസ്കാരംകായികരംഗത്തു മുന്നേറ്റമുണ്ടാക്കിയ പല രാജ്യങ്ങളും സ്പോർട്സിനെ ഒരു സംസ്കാരമാക്കി വളർത്തിയെടുത്തവയാണ്. ആ രീതിയിൽ ഒരു കായികസംസ്കാരം പ്രാദേശികതലം മുതൽ വളർത്തിയെടുക്കാൻ നമുക്കു കഴിയണം. അതുവഴി കൂടുതൽ ഉയരങ്ങൾ തേടാൻ നമുക്കു കഴിയും.

പി.ടി.ഉഷയുടെ നിർദേശങ്ങൾ∙ കായിക പ്രതിഭാന്വേഷണ പ്രോഗ്രാം: എല്ലാ പഞ്ചായത്തുകളിലും സ്കൂളുകളിലും പ്രതിവർഷം ‘ടാലന്റ് ഹണ്ട്’ ക്യാംപ്.

∙ പരിശീലന നെറ്റ്‌വർക്: ഒളിംപിക്സ് ലക്ഷ്യമാക്കി ഓരോ ജില്ലയിലും വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ.

∙ സ്പോർട്സ് നഴ്സറികൾ: ഓരോ സ്കൂളിലും കുറഞ്ഞത് ഒരു സ്പോർട്സ് സ്പെഷലൈസേഷനെങ്കിലും നടപ്പാക്കുക.

∙ നമ്മുടെ കുട്ടികൾ: കുട്ടികളുടെ കായിക മുന്നേറ്റത്തിൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക് ഉറപ്പാക്കുക.

∙ അത്‌ലീറ്റുകളെ ദത്തെടുക്കുക: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, കഴിവുള്ള കുട്ടികൾക്കു കോർപറേറ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ഉറപ്പാക്കുക.

∙ വിദേശ പരിശീലനം: പ്രതിഭാശാലികളായ കുട്ടികൾക്കു വിദേശങ്ങളിൽ പരിശീലനവും മത്സര പരിചയവും നൽകുക.

∙ സ്പോർട്സ് സയൻസ്: പരിശീലനം ശാസ്ത്രീയമായി രൂപകൽപന ചെയ്യുക. സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

∙ കോർപസ് ഫണ്ട്: പ്രതിഭകൾക്കു സാമ്പത്തികസഹായം ലഭ്യമാക്കാനായി കോർപസ് ഫണ്ടിനു രൂപം നൽകുക.

∙സ്പോർട്സ് മാനേജ്മെന്റ്: മികവു വർധിപ്പിക്കാനായി സ്പോർട്സ് മാനേജ്മെന്റ് വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തുക.

∙ കൂട്ടായ്മകൾ: ഒരൊറ്റ ഒളിംപിക്സ് മെഡലും ഒരു അത്‌ലീറ്റിന്റെ വ്യക്തിപരമായ പരിശ്രമത്തിന്റെ മാത്രം ഫലമല്ല; രാജ്യം, സർക്കാർ, പരിശീലകർ, ശാസ്ത്രജ്ഞർ, മാധ്യമങ്ങൾ, സമൂഹം തുടങ്ങി എല്ലാവരും ചേർന്നുള്ള കൂട്ടായ്മയുടെ ഫലമാണ്.

‘സ്ഥലം നൽകിയാൽ സൗകര്യമുണ്ടാക്കാം’സംസ്ഥാന സർക്കാർ തൃശൂരോ മറ്റോ സ്ഥലം നൽകുകയാണെങ്കിൽ കോർപറേറ്റുകളുടെ ഫണ്ട് ലഭ്യമാക്കി അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാമെന്ന് പി.ടി.ഉഷ എംപി വാഗ്ദാനം ചെയ്തു. സ്വകാര്യവ്യക്തികളുടെ സ്ഥലം ലഭ്യമാക്കിയാൽ മതിയോയെന്നു യു.ഷറഫലി ആരാഞ്ഞു. ഇത്തരം സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്തു കൈമാറുകയാണെങ്കിൽ പരിഗണിക്കാമെന്ന് ഉഷ പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ ബുദ്ധിമുട്ടുന്ന നമ്മുടെ അത്‌ലീറ്റുകൾ മത്സരിക്കുന്നത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിശീലനം നടത്തുന്ന സംസ്ഥാനങ്ങളുമായാണ്. വരുംവർഷങ്ങളിൽ ഇത്തരം സാങ്കേതികവിദ്യകൾ സ്പോർട്സിനെ വലിയരീതിയിൽ മാറ്റും

ഗെയിംസ് രംഗത്തു സ്വകാര്യ സ്ഥാപനങ്ങളുടെ സാമ്പത്തികസഹായം ധാരാളം കിട്ടുന്നുണ്ട്. അതിനാൽ സംസ്ഥാനത്തു ഗെയിംസ് അത്രത്തോളം പിന്നാക്കം പോയിട്ടില്ല. അത്‌ലറ്റിക്സിൽ ഇത്തരത്തിലുള്ള സഹായങ്ങൾ ലഭ്യമാകുന്നില്ല

അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടതും നിലവിലുള്ളവ വികസിപ്പിക്കേണ്ടതും സംസ്ഥാനത്തിന്റെ കടമയാണ്. സ്വകാര്യ മേഖലയിൽ നിന്നടക്കമുള്ള സ്പോൺസർഷിപ്പുകൾ കണ്ടെത്തണം

സ്പോർട്സ് സയൻസ് ഉൾപ്പെടെ ഫലപ്രദമായി പ്രയോജനപ്പെടുത്തി നല്ല പരിശീലനരീതികൾ ആവിഷ്കരിക്കാനും അതുവഴി മികവുള്ള കോച്ചുമാരെ സൃഷ്ടിക്കാനും കഴിയണം. സ്കൂൾ, കോളജ് തലങ്ങളിൽ അതിനുള്ള പദ്ധതികൾ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് ആലോചിക്കണം.

സ്കൂൾ മീറ്റിനു ശേഷം കുട്ടികൾ പലരും കരിയർ അവസാനിപ്പിക്കുന്നതു കൂടിവരുന്നു. മക്കൾക്കു സുരക്ഷിതമായ ജോലി എന്നതാണു മാതാപിതാക്കളുടെ ആശങ്ക. പുതുതലമുറ മാതാപിതാക്കളെ ഇക്കാര്യങ്ങളിൽ ബോധവൽക്കരിക്കണം

പുതുതലമുറ താൽപര്യത്തോടെ കായികരംഗത്തേക്കു വരുന്നില്ല എന്നതാണു യാഥാർഥ്യം. സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞു. മാതാപിതാക്കൾക്കും താൽപര്യമില്ലാതായി. ഈ സമീപനത്തിൽ മാറ്റമുണ്ടാകണം

English Summary:

P.T. Usha Inspires Kerala's 'Vision 2036': A Dream for Olympic Glory

Read Entire Article