
മോഹൻലാലും ഷാജി. എൻ. കരുണും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
1986-ല്‍ വേറിട്ട മൂന്ന് സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. കെ.പി. കുമാരന്റെ 'നേരം പുലരുമ്പോള്‍', രഘുനാഥ് പലേരിയുടെ 'ഒന്നുമുതല്‍ പൂജ്യംവരെ', എം.ടി.-ഹരിഹരന്‍ ടീമിന്റെ 'പഞ്ചാഗ്‌നി'. ഈ മൂന്ന് സിനിമകളുടെയും ഛായാഗ്രാഹകന്‍ ഷാജി എം. കരുണായിരുന്നു. അന്നു തുടങ്ങുന്നു ഹൃദയബന്ധം.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുക എന്നത് അപൂര്‍വതയായിരുന്ന കാലത്താണ് ഞാന്‍ പാര്‍ക്കുന്ന തിരുവനന്തപുരം നഗരത്തിലുള്ള ഒരാള്‍ ഛായാഗ്രാഹകനായിവരുന്നത്. പിന്നീട് ഷാജി സാര്‍ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ചുമതലക്കാരനായി. സിനിമാ ജോലികള്‍ക്കിടെ അവിടെ ചെല്ലുമ്പോള്‍ അദ്ദേഹത്തെ കാണുമായിരുന്നു.
ജി. അരവിന്ദന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെ സ്വാധീനം ഷാജിസാറിലുണ്ടായിരുന്നു. അരവിന്ദേട്ടനും ഷാജിസാറും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഉള്ളാലെ ചിരിച്ചിട്ടുണ്ട്. രണ്ടുപേരും പറയുന്നത് അവര്‍ക്കുതന്നെ കേള്‍ക്കില്ല. മൗനം കലയാക്കി മാറ്റിയവര്‍. മമ്മുട്ടിക്ക പറയുന്ന ഒരു കുസൃതിയുണ്ട്. പലപ്പോഴും ഷോട്ടെടുത്തിട്ട് ഒകെയാണോ എന്നറിയാന്‍ ഷാജിസാറിന്റെയടുത്ത് നടന്നുചെന്ന് ചോദിക്കണം. കട്ട് പറയുന്നത് ക്യാമറയ്ക്കുപോലും കേള്‍ക്കാന്‍ സാധിക്കില്ല. അരവിന്ദേട്ടനും അങ്ങനെയായിരുന്നു. വാസ്തുഹാരയില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അരവിന്ദേട്ടനും ഷാജിസാറും ഒന്നിച്ച് വരുമ്പോള്‍, ഷോട്ട് ഒകെയാണെങ്കില്‍ അരവിന്ദേട്ടന്‍ ഷാജിസാറിന്റെ തോളില്‍ ഒന്ന് തൊടും. മൗനം അവര്‍ക്കിടയില്‍ ഭാഷയാവും.
ഞാന്‍കൂടി നിര്‍മാണപങ്കാളിയായ 'വാനപ്രസ്ഥ'ത്തിന്റെ ചിത്രീകരണസമയത്താണ് ഷാജി സാറിന്റെ ബഹുമുഖത്വം ഞാനറിയുന്നത്. തികച്ചും മറ്റൊരന്തരീക്ഷമായിരുന്നു അത്. ചുറ്റിലും കലാമണ്ഡലം ഗോപി, കുടമാളൂര്‍ ആശാന്‍, വെണ്മണി വിഷ്ണു, കലാമണ്ഡലം കേശവന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍. കഥകളി വേഷമണിഞ്ഞ് മണിക്കൂറുകളോളമുള്ള ഇരിപ്പ്. ചായകുടിക്കാന്‍ പോലും സ്‌ട്രോ ഉപയോഗിച്ച ദിവസങ്ങള്‍. ഒരു സംവിധായകനായി മാത്രമല്ല സ്വപ്നതുല്യമായ ഒരു വേഷംചെയ്യാന്‍ എന്നിലെ നടനൊപ്പം ക്ഷമാപൂര്‍വംനിന്ന സഹോദരതുല്യനായ മനുഷ്യന്‍കൂടിയായിട്ടായിരുന്നു വാനപ്രസ്ഥത്തിലെ ഷാജിസാറിനെ എനിക്ക് അനുഭവിക്കാനായത്. നടനെക്കാള്‍ സംവിധായകന് അപാരമായ ക്ഷമവേണ്ട ആ സന്ദര്‍ഭങ്ങളെ അദ്ദേഹം ശാന്തമായും സമചിത്തതയോടെയും നേരിട്ടു.
അതിന് ഫലമുണ്ടായി. കാന്‍ ചലച്ചിത്രമേളയില്‍ ഞങ്ങള്‍ റെഡ് കാര്‍പ്പറ്റില്‍ നടന്നു. അപ്പോള്‍ ഷാജിസാര്‍ എന്റെ കൈപിടിച്ചിരുന്നു. നടക്കുമ്പോള്‍ അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞു: ''നമ്മുടെ സിനിമകൊണ്ട് ഇന്ത്യയുടെ പതാക ഇവിടെ പാറുന്നു!''
ആത്മാര്‍ഥമായി ആഗ്രഹിച്ച രണ്ട് സിനിമകളുടെ നഷ്ടംകൂടിയാണ് എനിക്ക് ഷാജിസാറിന്റെ വിയോഗം. ടി. പത്മനാഭന്റെ 'കടലും' പദ്മരാജന്റെ പ്രതിമയും രാജകുമാരിയും. ആ കഥകള്‍ ഇനി എന്നില്‍ ഷാജിസാറിന്റെ ഓര്‍മകൂടികൊണ്ടുവരും. ആ ഓര്‍മകള്‍ക്കിടയിലും ഒരു കൈവന്ന് എന്റെ തോളില്‍ത്തട്ടും ചെവിയില്‍ മന്ത്രിക്കും...
Content Highlights: Mohanlal shares memories of Shaji N. Karun
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·