Published: September 27, 2025 03:11 PM IST Updated: September 27, 2025 03:33 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്‌ക്കെതിരൊയ മത്സരത്തിൽ ഇന്ത്യയുടെ ‘ഇംപാക്ട് പ്ലെയർ’ അവാർഡ് സ്വന്താക്കി സഞ്ജു സാംസൺ. മത്സരശേഷം മാച്ച് അവലോകനത്തിനു ടീമിനു നിർണായക സംഭാവന നൽകിയ താരത്തിന് ഡ്രസിങ് റൂമിൽവച്ച് ഇംപാക്ട് പ്ലെയർ അവാർഡ് നൽകുന്ന രീതിയുണ്ട്. ഈ അവാർഡാണ് സഞ്ജു സാംസണ് ലഭിച്ചത്. മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ സഞ്ജു, 23 പന്തിൽ 39 റൺസ് നേടിയിരുന്നു. ഫീൽഡിങ്ങിൽ, കുശാൽ പെരേരയെ പുറത്താക്കിയ നിർണായക സ്റ്റംപിങ്ങും സൂപ്പർ ഓവറിലെ കിടിലൻ ത്രോയും സഞ്ജുവിന്റെ വകയായിരുന്നു.
‘നമ്മുടെ സ്വന്തം ചേട്ടന്’ എന്നു വിളിച്ചാണ് ടീം ഫിസിയോ യോഗേഷ് പർമാർ, സഞ്ജുവിന് അവാർഡ് പ്രഖ്യാപിച്ചത്. ഇതൊരു ചെറിയ അവാർഡാണെന്ന് തോന്നുമെങ്കിലും വളരെ വിലപ്പെട്ടതാണെന്ന് മെഡൽ സ്വീകരിച്ചശേഷം സഞ്ജു സാംസൺ പറഞ്ഞു. ഈ ഡ്രസിങ് റൂമിൽ എല്ലാവർക്കുമൊപ്പം ഇരിക്കുന്നതിൽ അഭിമാനമുണ്ട്. ടീമിന് ഏറ്റവും മികച്ച രീതിയിൽ സംഭാവന ചെയ്യാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു.
ശ്രീലങ്കയ്‍ക്കെതിരായ മത്സരത്തിൽ, ഓപ്പണർ അഭിഷേക് ശർമ പുറത്തായതിനു പിന്നാലെയാണ് സഞ്ജു ക്രീസിലെത്തിയത്. അഭിഷേകിന്റെ അഭാവത്തിൽ റൺറേറ്റ് നിലനിർത്തുന്നതിൽ സഞ്ജുവിന്റെ ഇന്നിങ്സ് നിർണായകമായി. നാലാം വിക്കറ്റ്, തിലക് വർമയ്ക്കൊപ്പം ചേർന്ന് 66 റൺസാണ് സഞ്ജു കൂട്ടിച്ചേർത്തത്. 3 സിക്സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്. ഇതിൽ രണ്ടും സിക്സും ഒരു ഫോറും ശ്രീലങ്കയുടെ മികച്ച ബോളറായ ഹസരങ്കയ്‌ക്കെതിരെയാണ്. രാജ്യാന്തര മത്സരങ്ങളിൽ സഞ്ജു സാംസണെ ആറു തവണ പുറത്താക്കിയ ചരിത്രമാണ് ഹസരങ്കയ്ക്കുള്ളത്. അതേ ഹസരങ്കയ്‌ക്കെതിരെ തന്നെയായിരുന്നു സഞ്ജുവിന്റെ ‘ആറാട്ട്’.
ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്‌ക്കായി ഏറ്റവുമധികം സിക്സർ നേടിയ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. 48 ഇന്നിങ്സുകളിലായി 55 സിക്സുകളാണ് സഞ്ജു അടിച്ചത്. 85 ഇന്നിങ്സുകളിൽനിന്ന് 52 സിക്സുകളടിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ റെക്കോർഡാണ് സഞ്ജു മറികടന്നത്. 66 ഇന്നിങ്സുകളിൽനിന്ന് 44 സിക്സുമായി ഋഷഭ് പന്ത് മൂന്നാമതും 32 ഇന്നിങ്സുകളിൽനിന്ന് 36 സിക്സുമായി ഇഷാൻ കിഷൻ നാലാമതുമുണ്ട്.
English Summary:








English (US) ·