
മുഹമ്മദ് ഷമിയും മകൾ ഐറയും | Instagram.com/mdshami.11
പ്രതിസന്ധികളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടന്നുപോകുന്നത്. മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാന്‍ ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. നിയമപോരാട്ടം തുടരുമ്പോഴും മകള്‍ ഐറയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് താരം പങ്കുവെച്ചു.
'നമ്മൾ സംസാരിച്ചും ചിരിച്ചും കഴിഞ്ഞ രാത്രികളെയും പ്രത്യേകിച്ച് നിന്റെ നൃത്തവും ഞാൻ ഇപ്പോഴും ഓർക്കുന്നു. നീ ഇത്ര വേഗം വളരുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ജീവിതത്തിൽ നിനക്ക് എല്ലാ നന്മകളും നേരുന്നു. സ്നേഹവും സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകി ദൈവം നിന്നെ എന്നും അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ.' - ഷമി കുറിച്ചു.
ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
അതേസമയം ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. അതിനാൽ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.
ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
Content Highlights: Mohammed Shamis Emotional Post For Daughter Aaira








English (US) ·