നമ്മൾ സ്വന്തം ‘മെസിമാരെ’ സൃഷ്ടിക്കണം, ഇവിടെനിന്ന് അർജന്റീനയിലേക്കാണ് താരങ്ങളെ അയയ്ക്കേണ്ടത്: ഐ.എം. വിജയൻ

1 month ago 2

ഓൺലൈൻ പ്രതിനിധി

Published: November 28, 2025 10:41 PM IST

1 minute Read


 മനോരമ ഹോർത്തൂസിൽ ‘മെസിയെ കാത്ത് കേരളം’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ മോഡറേറ്ററായ  മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ്‌, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻമാരായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവർ.
മനോരമ ഹോർത്തൂസിൽ ‘മെസിയെ കാത്ത് കേരളം’ എന്ന വിഷയത്തിലുള്ള ചർച്ചയിൽ മോഡറേറ്ററായ മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ്‌, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻമാരായ ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി എന്നിവർ.

കൊച്ചി∙ ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരളത്തിലേക്കുള്ള വരവിൽ അനശ്ചിതത്വം തുടരുന്നതിനിടെ കായിക കേരളത്തിനു മുന്നറിയിപ്പുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം.വിജയൻ. മെസിയെ കേരളത്തിലേക്ക് എത്തിക്കുന്നതിനു പകരം അതുപോലെയുള്ള താരങ്ങളെ നാട്ടിൽ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐ.എം വിജയൻ പറഞ്ഞു. മനോരമ ഹോർത്തൂസിൽ ‘മെസിയെ കാത്ത് കേരളം’ എന്ന വിഷയത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോപോൾ അഞ്ചേരിയുമായി നടത്തിയ ചർച്ചയിലായിരുന്നു പരാമർശം. കായികരംഗത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ നടത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

‘‘പ്രാദേശിക ടൂർണമെന്റുകളുടെ ഭാഗമാകുന്ന താരങ്ങൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനവും അനുഭവസമ്പത്തും നൽകുന്നത് ഗുണം ചെയ്യും. മെസിയെയും സംഘത്തെയും കേരളത്തിൽ പന്തുതട്ടാൻ എത്തിക്കുന്നതിനു പകരം, നമ്മൾ സ്വന്തം മെസിമാരെ സൃഷ്ടിക്കണം. അർജന്റീനയിലേക്കും മറ്റു രാജ്യങ്ങളിലേക്കും സൗഹൃദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നമ്മുടെ ടീമുകളെ അയയ്ക്കണം. അവർ സ്വയം മെച്ചപ്പെടുന്നതിനോടൊപ്പം ഇന്ത്യൻ ഫുട്ബോളും വളരും’’– ഐ.എം വിജയൻ പറഞ്ഞു.

സൂപ്പർ ലീഗ് കേരള നമ്മുടെ നാടിന്റെ ഫുട്ബോൾ സംസ്കാരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ സഹായിക്കുന്നുണ്ട്. എല്ലാവർക്കും ഐലീഗിന്റേയും ഐഎസ്എലിന്റെയും ഭാഗമാകാൻ സാധിച്ചെന്നു വരില്ല. ടൂർണമെന്റിനു ലഭിക്കുന്ന ജനപിന്തുണയും മാധ്യമശ്രദ്ധയും താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ടെന്നും വിജയൻ കൂട്ടിച്ചേർത്തു. ഐലീഗും ഐഎസ്എലും കളിച്ചാണ് ഒരുകാലത്ത് താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നതെങ്കിൽ ഇന്ന് സൂപ്പർ ലീഗ് കേരളയിലൂടെ അവർ ദേശീയ ടീമിന്റെ കുപ്പായമണിയുന്നുണ്ടെന്നും ഐ.എം.വിജയൻ പറഞ്ഞു.

ഫിഫ നിലവാരത്തിലുള്ള സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അർജന്റീനയുടെ മത്സരം നടക്കുമോയെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. മെസി കേരളത്തിലെത്തിയാൽ അതു അവിസ്മരണീയമായ നിമിഷമായിരിക്കുമെന്ന് ജോപോൾ അഞ്ചേരി പറഞ്ഞു. ‘‘ജപ്പാനിലെയും കൊറിയയിലെയും യുവതാരങ്ങൾക്ക് യൂറോപ്പിൽ പരിശീലനം നേടാനും കളിക്കാനും അവസരങ്ങൾ ലഭിക്കുന്നു. ഇന്ത്യൻ താരങ്ങൾക്കു വേണ്ടിയും അത്തരം അവസരങ്ങൾ സൃഷ്ടിക്കപ്പെടണം.’’–യുവതാരങ്ങൾക്ക് വിദേശത്തെ അക്കാദമികളിൽ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അതു ഭാഗ്യമാണെന്ന് അഞ്ചേരിയുടെ പരാമർശം ശരിവച്ചു കൊണ്ട് ഐ.എം വിജയൻ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ പ്രകടനത്തിൽ താഴ്ന്നുകൊണ്ടിരുന്ന സമയത്താണ് ഐഎസ്എൽ വരുന്നത്. ഇന്ത്യൻ താരങ്ങൾക്ക് വിദേശതാരങ്ങളോടൊപ്പം പന്തു തട്ടാനും എക്സ്പോഷർ നേടാനും ഐഎസ്എൽ സഹായകരമായെന്ന് ഐ.എം. വിജയൻ പറഞ്ഞു. നിരവധി താരങ്ങളുടെ ഉദയംകൊണ്ടും വളർന്നു വരുന്ന താരങ്ങൾക്ക് അവസരമൊരുക്കിയും ഐഎസ്എൽ ജനകീയമായി മാറിയെന്നും അനശ്ചിതത്വം നീങ്ങി ജനുവരിയിൽ ലീഗ് തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് ജോപോൾ അഞ്ചേരിയും പറഞ്ഞു.

‘‘ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ വംശജരായ താരങ്ങൾക്ക് സീനിയർ ടീമിന്റെ ഭാഗമാകാൻ അവസരം നൽകി. ഔസ്ട്രേലിയൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ ടീമിനൊപ്പം ആദ്യം ചേർന്ന വ്യക്തി റയാൻ വില്യംസാണ്. അതൊരു നല്ലമാറ്റമാണ്. ബംഗ്ലദേശിനോട് ഇന്ത്യ തോൽവി വഴങ്ങിയതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഹംസ ചൗധരി, ജമാൽ ബുയാൻ ഉൾപ്പെടെയുള്ള താരങ്ങൾ നിലവിൽ ബംഗ്ലാ ടീമിന്റെ ഭാഗമാണ്. ഇന്ത്യൻ വംശജർ നിലവിൽ കളിക്കുന്ന ടീമുകളിൽ പിന്മാറി നമുക്കായി ബൂട്ടുകെട്ടിയാൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിലും മാറ്റം വരും’’– ജോപോൾ അഞ്ചേരി പറഞ്ഞു. മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസ്‌ ആയിരുന്നു മോഡറേറ്റർ.
 

English Summary:

Indian Football improvement should absorption connected creating home-grown talents alternatively than bringing successful planetary stars. Investing successful section tournaments and providing international-level grooming volition payment Indian shot successful the agelong run. Sending Indian teams overseas for grooming and affable matches volition besides assistance players amended and lend to the maturation of Indian football.

Read Entire Article