Published: January 14, 2026 09:11 AM IST Updated: January 14, 2026 10:10 AM IST
2 minute Read
-
ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ഏകദിനം ഇന്ന്
-
മത്സരം രാജ്കോട്ടിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ
രാജ്കോട്ട്∙ ന്യൂസീലൻഡിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ന് രാജ്കോട്ടിൽ ഇറങ്ങുമ്പോൾ പരമ്പര നേട്ടത്തിൽ കുറഞ്ഞതൊന്നും ടീം ഇന്ത്യയും ആരാധകരും പ്രതീക്ഷിക്കുന്നില്ല. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം സമ്മാനിക്കാൻ മുന്നിൽ നിന്ന സൂപ്പർ താരം വിരാട് കോലിയുടെ ഫോമിൽ തന്നെയാണ് ഇന്നും ആരാധകരുടെ പ്രതീക്ഷ.
മറുവശത്ത് ഒന്നാം ഏകദിനത്തിൽ, ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്കു നീങ്ങിയ ഇന്ത്യയെ അവസാന ഓവർ വരെ പിടിച്ചുനിർത്താൻ സാധിച്ചതിന്റെ ആശ്വാസവും ആത്മവിശ്വാസവും ന്യൂസീലൻഡിനുണ്ട്. രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
കരുത്തോടെ ഇന്ത്യകഴിഞ്ഞ 5 ഏകദിന മത്സരങ്ങളിൽ നിന്ന് 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായി മിന്നും ഫോമിലുള്ള വിരാട് കോലി തന്നെയാണ് ടീം ഇന്ത്യയുടെ ബാറ്റിങ് നിരയെ നയിക്കുക. ആദ്യ മത്സരത്തിൽ നല്ല തുടക്കം ലഭിച്ചിട്ടും മികച്ച സ്കോർ കണ്ടെത്താൻ സാധിക്കാതിരുന്ന രോഹിത് ശർമ ഇന്ന് ഫോം കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരിച്ചെത്തിയതും ടീമിന് ആശ്വാസമാണ്. എന്നാൽ ഒന്നാം ഏകദിനത്തിൽ കോലി പുറത്തായതിനു പിന്നാലെ ഇന്ത്യൻ മധ്യനിര സമ്മർദത്തിലായത് ടീമിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ബാറ്റിങ് കരുത്ത് വർധിപ്പിക്കാൻ മധ്യനിരയിൽ ഒരു ബാറ്ററെ കൂടി പരീക്ഷിക്കാൻ ഇന്ത്യ തയാറായേക്കും.
പ്രതീക്ഷയോടെ നിതീഷും ബദോനിയുംആദ്യ മത്സരത്തിനിടെ പരുക്കേറ്റ വാഷിങ്ടൻ സുന്ദറിന് പകരം പേസ് ബോളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയോ സ്പിൻ ബോളിങ് ഓൾറൗണ്ടർ ആയുഷ് ബദോനിയോ ടീമിൽ എത്തിയേക്കും. പേസ് ബോളിങ് വിഭാഗം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചാൽ നിതീഷിനു നറുക്കുവീഴും. ഇതോടെ വാഷിങ്ടന് പകരക്കാരനായി സ്ക്വാഡിൽ എത്തിയ ബദോനിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കില്ല.
ബോളിങ് ബാധ്യതകഴിഞ്ഞ 12 ഏകദിന മത്സരങ്ങൾക്കിടെ ഇന്ത്യൻ ബോളർമാർ ആദ്യമായി പവർപ്ലേയിൽ വിക്കറ്റ് നേടാതെ പോയ മത്സരമായിരുന്നു വഡോദരയിൽ നടന്നത്. ന്യൂബോളിൽ മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാത്തത് ടീമിന് തലവേദനയാണ്. ഇവരിൽ ഒരാൾക്കു പകരം ഇടംകൈ പേസർ അർഷ്ദീപ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയേക്കും. രവീന്ദ്ര ജഡേജ– കുൽദീപ് യാദവ് സ്പിൻ ജോടി തുടരും.
തിരിച്ചടിക്കാൻ കിവീസ്ആദ്യ ഏകദിനത്തിൽ തോറ്റെങ്കിലും പുതുമുഖ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയുള്ള പരീക്ഷണം ഏറക്കുറെ ഫലം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ്. ഡെവൻ കോൺവേ– ഹെൻറി നിക്കോളാസ് സഖ്യം നൽകുന്ന തുടക്കവും മധ്യനിരയിൽ ഡാരിൽ മിച്ചലിന്റെ പ്രകടനവും കിവീസിന്റെ ബാറ്റിങ് കരുത്ത് വർധിപ്പിക്കുന്നു. ബോളിങ്ങിൽ കെയ്ൽ ജയ്മിസന് ഒഴികെ മറ്റാർക്കും താളം കണ്ടെത്താൻ സാധിക്കാത്തതാണ് കിവീസിന്റെ പ്രധാന പ്രശ്നം. ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ നിറംമങ്ങുന്നതും ടീമിനെ പിന്നോട്ടുവലിക്കുന്നു.
പിച്ച് റിപ്പോർട്ട്ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് രാജ്കോട്ടിലേത്. ഇവിടെ നടന്ന 4 രാജ്യാന്തര ഏകദിന മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമിനായിരുന്നു ജയം. ചേസിങ് ദുഷ്കരമായ പിച്ചിൽ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
English Summary:








English (US) ·