നയിക്കാൻ ക്യാപ്റ്റൻ അസറുദ്ദീൻ, ബാറ്റിങ് കരുത്താകാൻ സൂപ്പർ താരം സഞ്ജു; രഞ്ജി ട്രോഫിക്ക് കേരളം റെഡി

3 months ago 4

മനോരമ ലേഖകൻ

Published: October 13, 2025 10:46 PM IST

2 minute Read

സഞ്ജു സാംസൺ രഞ്ജി ട്രോഫി പരിശീലനത്തിനിടെ
സഞ്ജു സാംസൺ രഞ്ജി ട്രോഫി പരിശീലനത്തിനിടെ

തിരുവനന്തപുരം∙ രഞ്ജി ട്രോഫിയുടെ പുതിയ സീസണ് ബുധനാഴ്ച തുടക്കമാകും. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിന്റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയാറെടുക്കുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസനുമുണ്ട്.

കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൗട്ടിലേക്ക് മുന്നേറിയത്. 

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിന്റെ സ്ഥാനം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് - ബോളിങ് നിരകൾ ഫോമിലേക്ക് ഉയർന്നാൽ ഇവരെയൊക്കെ മറികടക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ സീസണിൽ കേരള ടീം തെളിയിച്ചതാണ്. മികച്ച പ്രകടനവുമായി ടീമിന്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.

ബാറ്റിങ് നിരയിൽ സഞ്ജുവിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞത്. ഇത്തവണ കൂടുതൽ മത്സരങ്ങളിൽ സഞ്ജു ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് ക്യാപ്റ്റൻ. അസറുദ്ദീനൊപ്പം മധ്യനിരയുടെ കരുത്തായി സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കെസിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറായി ടീമിലുണ്ട്. ഒപ്പം അഹ്മദ് ഇമ്രാനും വത്സൽ ഗോവിന്ദും അടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ ഏതൊരു ടീമിനോടും കിടപിടിക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്.

നിധീഷ് എം.ഡി, ബേസിൽ എൻ.പി,ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് ബോളിങ് നിരയിലുള്ളത്. ഒപ്പം മറുനാടൻ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശർമയും കൂടിയുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ബാബ അപരാജിത്ത്. ആദ്യ മത്സരത്തിൽ ശക്തരായ എതിരാളികളെ തന്നെയാണ് കേരളത്തിന് നേരിടാനുള്ളത്. മഹാരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞാൽ, പുതിയ സീസണ് ആത്മവിശ്വാസത്തോടെ തുടക്കമിടാൻ കേരളത്തിനാകും. അങ്കിത് ബാവ്നയാണ് മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റൻ. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന പൃഥ്വി ഷായും ഋതുരാജ് ഗെയ്ക്‌വാദുമാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ നയിക്കുന്നത്. പരിശീലന മത്സരത്തിൽ മുംബൈയ്ക്കെതിരെ പൃഥ്വി ഷാ ഉജ്വല സെഞ്ചറി നേടിയിരുന്നു. കരിയറിൽ ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന താരത്തെ സംബന്ധിച്ച് ഈ സീസൺ നിർണായകമാണ്.

വർഷങ്ങളായി കേരളത്തിന്റെ ഓൾറൗണ്ട് കരുത്തായിരുന്ന ജലജ് സക്സേനയും ഇത്തവണ മഹാരാഷ്ട്രയ്ക്കൊപ്പമുണ്ട്. ഭാവിയുടെ താരമായി വിലയിരുത്തപ്പെടുന്ന അർഷിൻ കുൽക്കർണ്ണിയാണ് മഹാരാഷ്ട്രയുടെ മറ്റൊരു ഓൾ റൗണ്ടർ. രജനീഷ് ഗുർബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബോളിങ് നിരയും കരുത്തുറ്റതാണ്. ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിൽ വച്ചാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിന്റെ എവേ മത്സരങ്ങൾ.

English Summary:

Kerala Gears Up for Ranji Trophy Season: Kerala Ranji Trophy squad is each acceptable for the caller play with Mohammed Azharuddeen arsenic skipper and Sanju Samson boosting the batting lineup. The squad aims to repetition the occurrence of the erstwhile play and flooded challenges successful their group. With cardinal players returning and beardown additions, Kerala is poised for a competitory tally successful the Ranji Trophy.

Read Entire Article