'നരിവേട്ട'യിൽ ടൊവിനോയുടെ അതി​ഗംഭീര പ്രകടനം കാണാം, അത് അഹങ്കാരത്തോടെതന്നെ പറയുന്നു -അനുരാജ് മനോഹർ

8 months ago 6

Narivetta Team

നടി ആര്യാ സലിം, ടൊവിനോ തോമസ്, സംവിധായകൻ അനുരാജ് മനോഹർ എന്നിവർ | ഫോട്ടോ: അറേഞ്ച്ഡ്

'ഇഷ്‌കി'ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത്, ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന 'നരിവേട്ട' റിലീസിന് ഒരുങ്ങുകയാണ്. സെൻസർ ബോർഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ (U/ A) സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മെയ്‌ 23നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ നായകനായ ടോവിനോ തോമസിന്റെ അഭിനയത്തെക്കുറിച്ച് വാചാലനായിരിക്കുകയാണിപ്പോൾ സംവിധായകൻ അനുരാജ് മനോഹർ.

"ഈ സിനിമ നിങ്ങൾക്ക് പൂർണ്ണമായും എൻജോയ് ചെയ്യാൻ പറ്റുന്ന വിധത്തിൽ സംഘർഷങ്ങളുംഇമോഷണൽ കണക്ഷനുമെല്ലാം അടങ്ങിയ ഒന്നാണ്. അതെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ ഒരു സിനിമയാണ്. ആ ഒരു കോൺഫിഡൻസിലാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്. ഞാൻ ഇഷ്‌ക് എന്ന സിനിമ ചെയ്ത് ആറ് വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ടോവി എന്റെ സുഹൃത്താണ്. എന്നെ സംബന്ധിച്ചിടത്തോളം ടോവിയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ സിനിമയിലുള്ളത്. അതെനിക്ക് അഹങ്കാരത്തോട് കൂടി തന്നെ പറയാൻ പറ്റും. എന്നെ വിസ്മയിപ്പിച്ച ചില മുഹൂർത്തങ്ങളും എന്നെ കരയിപ്പിച്ച ചില മുഹൂർത്തങ്ങളും വൈകാരികമായി സ്പർശിച്ച ഒരുപാട് രംഗങ്ങളുമൊക്കെ ഈ സിനിമയിലുണ്ട്. ടോവിനോയുടെ കരിയറിൽ തന്നെ അടയാളപ്പെടുത്താൻ പറ്റുന്ന സിനിമയായി മാറുമിതെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്." അനുരാജ് പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് ടൊവിനോയുടെ അഭിനയത്തെക്കുറിച്ച് സംവിധായകൻ ഇത്തരമൊരു പരാമർശം നടത്തിയത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും കഥ പറഞ്ഞു കൊണ്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൽ വർഗ്ഗീസ് പീറ്ററായി എത്തുന്നത് ടൊവിനോ തോമസ് ആണ്. വലിയ ക്യാൻവാസിൽ, വൻ ബജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നരിവേട്ടയുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തത് എജിഎസ് എന്റർടെയ്‌ൻമെന്റ് ആണ്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Content Highlights: Director Anujaraj Manohar`s Narivetta, starring Tovino Thomas, releases May 23rd

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article