'നരിവേട്ട'യുടെ ബോക്‌സ് ഓഫീസ് വേട്ട; മൂന്ന് ദിവസംകൊണ്ട് 15 കോടിയിലേറെ കളക്ഷന്‍

7 months ago 7

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട' ഇപ്പോള്‍ തീയേറ്ററുകളില്‍ ട്രെന്‍ഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യമൂന്ന് ദിവസം കൊണ്ട് നരിവേട്ട 15കോടിയിലേറെയാണ് ആഗോള ബോക്‌സ് ഓഫീസില്‍ കരസ്ഥമാക്കിയത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം എന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെന്‍ഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വര്‍ഗീസ് പീറ്റര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിക്കുമ്പോള്‍ സുരാജ് ഹെഡ് കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരന്‍ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം' എന്ന ടാഗ്‌ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് കൂടുതല്‍ കൈയടി അര്‍ഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ അതിലേക്ക് കൊണ്ടുപോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്‌സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രെയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എന്‍.എം. ബാദുഷ, ഛായാഗ്രഹണം: വിജയ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്: ബാവ, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍: ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്: വിഷ്ണു പി സി, സ്റ്റീല്‍സ്: ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്: യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്: സോണി മ്യൂസിക് സൗത്ത്.

Content Highlights: Narivetta Box Office Collection

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article