
പ്രൊമോ സോങ്ങിൽനിന്ന് | Photo: Screen grab/ Sony Music South
കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന 'നരിവേട്ട' തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രീത നേടി സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്. യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ 'വാടാ വേടാ' എന്ന പ്രൊമോ ഗാനം വെള്ളിയാഴ്ച മുതല്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
വേടന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികള്‍. വേടന്‍ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളില്‍ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. മുപ്പത് ലക്ഷത്തിനു മുകളില്‍ വ്യൂസും ഈ വേടന്‍ ഗാനത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്.
ഒരേസമയം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതും വേട്ടയാടുന്നതുമായ അനുഭവമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. പത്ത് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. മഴയെ പോലും വകവയ്ക്കാതെ തീയേറ്ററുകള്‍തോറും ഹൗസ്ഫുള്‍ ഷോകളുമായാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.
ആദിവാസികള്‍ക്കെതിരെയുള്ള അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളില്‍ തട്ടും വിധമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നവരുടെ ചങ്കില്‍ കൊള്ളുന്നതാണ് സിനിമയിലെ ദൃശ്യങ്ങള്‍. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥപറച്ചില്‍. ടൊവിനോ തോമസാണ് ചിത്രത്തില്‍ വര്‍ഗീസ് എന്ന കോണ്‍സ്റ്റബിളായെത്തിയിരിക്കുന്നത്. മനസ്സില്ലാ മനസ്സോടെ പോലീസിലേക്ക് എത്തിയ വര്‍ഗ്ഗീസ്, ചിയമ്പം ഭൂസമരം നടക്കുന്ന കാട്ടില്‍ എത്തിച്ചേരുന്നതും തുടര്‍സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചടുലവും തീവ്രവും അതിസൂക്ഷ്മവുമായ കഥാഗതിയാണ് 'നരിവേട്ട'യെ വ്യത്യസ്തമാക്കുന്നത്.
പ്രകടനങ്ങളില്‍ ഏറെ ശ്രദ്ധേയം ടൊവിനോയുടേയും അതോടൊപ്പം ബഷീര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളായെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റേയും ഡിഐജി രഘുറാം കേശവദാസായെത്തിയ തമിഴിലെ ശ്രദ്ധേയ താരം ചേരന്റേതുമാണ്. അതോടൊപ്പം ഭൂസമര നേതാവായി എത്തിയ ആര്യ സലീമിന്റേയും നായിക വേഷത്തിലെത്തിയ പ്രിയംവദയുടേയും ടൊവിനോയുടെ അമ്മ വേഷത്തിലെത്തിയ റിനി ഉദയകുമാറിന്റേയും താമി എന്ന ആദിവാസി പോരാളിയായെത്തിയ പ്രണവ് തിയോഫിന്റേയും പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഒരു പൊന്‍തൂവലാണ് നരിവേട്ട എന്ന് നിസ്സംശയം പറയാം.
അനുരാജ് മനോഹറിന്റെ സംവിധായമികവില്‍ വിപ്ലവവീര്യം നിറഞ്ഞുനില്‍ക്കുന്ന സിനിമയുടെ സെക്കന്‍ഡ് ഹാഫിലെ ഓരോ രംഗങ്ങളും ശ്വാസമടക്കിപിടിച്ചിരുന്ന് കണ്ടിരുന്നുപോകും വിധമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിംഗിള്‍ ഷോട്ടിലുള്ള ഉള്ളുലയ്ക്കുന്ന ക്ലൈമാക്‌സും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. പോലീസ് സേനയിലെ പുഴുകുത്തുകളും ഉള്ളുകളികളും സംഘര്‍ഷങ്ങളുമൊക്കെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം വിജയ് ആണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം, സമരത്തിന്റെ തീവ്രത ഏറെ ആഴത്തില്‍ ഹൃദയസ്പര്‍ശിയായി, സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാന്‍ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നത് മാത്രം എടുത്തുകൊണ്ട് അളന്നുമുറിച്ചുള്ള ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. സിനിമ സംസാരിക്കുന്ന വിഷയവും കഥാപാത്രങ്ങളുടെ തീവ്രതയും ആന്തരിക സംഘര്‍ഷങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതും കഥയുടെ ഗൗരവം പ്രേക്ഷകര്‍ക്ക് അനുഭവമാകുന്ന വിധത്തിലും ഉള്ളതാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതം.
Content Highlights: Narivetta Tovino Thomas Vaada Veda opus successful theater
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·