നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു, സംവിധാനം മഹേഷ് നാരായണൻ

6 months ago 6

Narain Karthikeyan and Mahesh Narayanan

നരെയ്ൻ കാർത്തികേയൻ, മഹേഷ് നാരായണൻ | ഫോട്ടോ: അറേഞ്ച്ഡ്

ഫോർമുല വൺ കാറോട്ടമത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ ഡ്രൈവറായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു. തമിഴിലുള്ള സിനിമ സംവിധാനംചെയ്യുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

കോയമ്പത്തൂർ സ്വദേശിയായ നരെയ്ൻ കാർത്തികേയൻ, കാറോട്ടത്തിലെ ഏറ്റവും ഉയർന്ന മത്സരവേദിയായ ഫോർമുല വണിൽ 2005 മുതൽ 2012 വരെ മാറ്റുരച്ചു. ജോർദാൻ ഫോർമുല വൺ ടീമിനുവേണ്ടിയായിരുന്നു അരങ്ങേറ്റം. മോട്ടോർ സ്‌പോർട്‌സ് ടൂർണമെന്റായ ഓട്ടോ ജിപി, സൂപ്പർ ജിടി തുടങ്ങിയ മത്സരങ്ങളിലും പങ്കെടുത്തു. 2010-ൽ പദ്‌മശ്രീ പുരസ്‌കാരം നേടി.

NK370 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയ പേരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോട്ടോർസ്പോർട്ടാണ് തനിക്ക് എല്ലാം തന്നതെന്നും ഈ ചിത്രം ആ കഥയാണ് ലോകത്തിന് നൽകാൻ പോകുന്നതെന്ന് നരെയ്ൻ വെറൈറ്റിയോട് പ്രതികരിച്ചു. റേസിങ് മാത്രമല്ല നരെയ്ൻ കാർത്തികേയന്റെ ജീവിതയാത്രയെന്ന് മഹേഷ് നാരായണനും പ്രതികരിച്ചു. നിങ്ങളിലും രാജ്യത്തിലുമുള്ള വിശ്വാസം, മറ്റൊരാൾക്കും കാണാൻ സാധിക്കാത്ത സ്വപ്നം എന്നിവയേക്കുറിച്ചുമാണ് അദ്ദേഹത്തിന്റെ ജീവിതം പറയുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശാലിനി ഉഷാ ദേവിയാണ് NK370യുടെ രചന നിർവഹിക്കുന്നത്. ഫറാസ് അഹ്സാൻ, വിവേക് രം​ഗാചാരി, പ്രതീക് മൈത്ര എന്നിവരായിരിക്കും നിർമാതാക്കളെന്നും ടെല​ഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഫിലിം എഡിറ്റർ, തിരക്കഥാകൃത്ത് എന്നീനിലകളിലും ശ്രദ്ധേയനായ മഹേഷ് നാരായണൻ, ടേക് ഓഫ്, സീ യു സൂൺ, മാലിക് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്ന പാട്രിയറ്റ് എന്ന ചിത്രമാണ് മഹേഷ് നാരായണന്റേതായി വരാനുള്ളത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ​ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Content Highlights: Mahesh Narayanan directs a Tamil biopic connected Narain Karthikeyan, the archetypal Indian Formula One driver

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article