Published: May 26 , 2025 09:23 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് – കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ അവിചാരിതമായി ഒരു ആരാധകന്റെ ഫോണിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫീൽഡ് ചെയ്യുന്ന ഡൽഹി ക്യാപിറ്റൽസ് നായകൻ ഫാഫ് ഡുപ്ലേസിയുടെ പിന്നിൽ പഞ്ചാബ് കിങ്സ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ നിൽക്കുന്ന ചിത്രമാണ് ആരാധകർ കൂട്ടത്തോടെ ഏറ്റെടുത്തത്. സിനിമാ ഫ്രെയിമിനെപ്പോലും തോൽപ്പിക്കുന്നതാണ് ഈ ചിത്രമെന്നാണ് ആരാധകരുടെ പക്ഷം.
ഇവരെ വച്ച് ആരെങ്കിലും ഒരു സിനിമയെടുക്കൂ എന്ന ആവശ്യവുമായി സമൂഹമാധ്യമത്തിലൂടെ രംഗത്തെത്തിയ ആരാധകന്, സാക്ഷാൽ ഫാഫ് ഡുപ്ലേസി നേരിട്ട് മറുപടി നൽകിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. ഡുപ്ലേസിയെ കണ്ടാൽ ഒരു ആക്ഷൻ ഹീറോയേപ്പോലെയുണ്ടെന്നും പ്രീതി സിന്റയ്ക്കൊപ്പം ഡുപ്ലേസിയെ നായകനാക്കി ഒരു സിനിമ ചെയ്യൂ എന്നുമായിരുന്നു ആരാധകന്റെ ആവശ്യം.
‘‘ഫാഫ് ഡുപ്ലേസിയെയും പ്രീതി സിന്റയെയും വച്ച് ആരെങ്കിലും ഒരു സിനിമ ചെയ്യൂ. ഡുപ്ലേസിയെ കണ്ടാൽ ഒരു ആക്ഷൻ ഹീറോയേപ്പോലെയുണ്ട്. പ്രീതി സിന്റയാണെങ്കിൽ പ്രായം കൂടും തോറും കൂടുതൽ സുന്ദരിയുമാകുന്നു. ഇവരെ വച്ച് ഒരു സ്പോർട്സ് ഡ്രാമയോ റോയൽ റൊമാൻസ് ചിത്രമോ പ്ലാൻ ചെയ്യാം. ഈ ദൃശ്യ സമ്പൂർണത നഷ്ടമാക്കരുത്’ – ഇതായിരുന്നു വൈറൽ ചിത്രം പങ്കുവച്ച ആരാധകന്റെ കുറിപ്പ്.
ഈ പോസ്റ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതിനു പിന്നാലെയാണ്, സാക്ഷാൽ ഡുപ്ലേസി തന്നെ മറുപടിയുമായി രംഗത്തെത്തിയത്. ‘‘ആ സിനിമ യാഥാർഥ്യമാക്കൂ’ എന്നായിരുന്നു ഡുപ്ലേസിയുടെ മറുപടി.
ഇതിനു പിന്നാലെ വൈറൽ ചിത്രവുമായി ബന്ധപ്പെട്ട് ഫാഫ് ഡുപ്ലേസിയുടെ ടീമായ ഡൽഹി ക്യാപിറ്റൽസ് പ്രത്യേക വിഡിയോ തന്നെ പുറത്തിറക്കി. മത്സരത്തിനു ശേഷം ഡുപ്ലേസിയും പ്രീതി സിന്റയും സംസാരിക്കുന്ന ചിത്രങ്ങൾ കോർത്തിണക്കി, പ്രീതി സിന്റ അഭിനയിച്ച ‘കൽ ഹോ നഹോ’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ.
അതേസമയം, അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഡൽഹി ആറു വിക്കറ്റിന് തകർത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, ഡൽഹി ക്യാപിറ്റൽസ് 19.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്ന പഞ്ചാബിന് ഈ തോൽവിയോടെ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താനുള്ള സാധ്യത മങ്ങിയപ്പോൾ, നേരത്തെ തന്നെ പുറത്തായ ഡൽഹിക്ക് വിജയാശ്വാസത്തോടെ മടക്കം.
English Summary:








English (US) ·