കൊൽക്കത്ത∙ വിവാഹസമയത്ത് മോഡലിങ്ങും അഭിനയവുമായി നല്ല വരുമാനമുണ്ടായിരുന്ന തന്നെ, നിർബന്ധിച്ച് ജോലി കളയിച്ച് വീട്ടിലിരുത്തിയത് മുഹമ്മദ് ഷമിയാണെന്ന് മുൻ ഭാര്യ ഹസിൻ ജഹാൻ. അതുകൊണ്ട് തന്റെയും മകളുടെയും മുഴുവൻ ചെലവും നോക്കേണ്ട ചുമതല ഷമിക്കുണ്ടെന്നും ഹസിൻ ജഹാൻ തുറന്നടിച്ചു. മുൻ ഭാര്യയ്ക്കും മകൾക്കുമായി ഷമി നാലു ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി നൽകണമെന്ന കൽക്കട്ട ഹൈക്കോടതി വിധിയിലാണ് ഹസിൻ ജഹാന്റെ പ്രതികരണം.
‘‘വിവാഹത്തിനു മുൻപ് ഞാൻ മോഡലിങ് ചെയ്തിരുന്നു. അഭിനയിച്ചും പണം സമ്പാദിച്ചിരുന്നു. വിവാഹത്തോടെ ജോലി ഉപേക്ഷിക്കാൻ ഷമി എന്നെ നിർബന്ധിച്ചു. ഞാൻ ഒരു സാധാരണ വീട്ടമ്മയായി വീട്ടിൽ ഒതുങ്ങിക്കഴിയുന്നതായിരുന്നു ഷമിക്ക് താൽപര്യം. ഷമിയെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നതിനാൽ ജോലി കളയാനുള്ള നിർബന്ധത്തിന് വഴങ്ങുകയായിരുന്നു’ – ഹസിൻ ജഹാൻ പറഞ്ഞു.
‘‘ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനം ഒന്നുമില്ല. അതുകൊണ്ട് ഞങ്ങളുടെ കാര്യങ്ങളെല്ലാം പൂർണമായും നോക്കേണ്ടത് ഷമിയുടെ ചുമതലയാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ ഷമി തയാറാകാതെ വന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടി വന്നത്. നീതി നടപ്പാക്കും വിധം ഇക്കാര്യത്തിൽ ഇടപെടലുണ്ടായതിൽ ദൈവത്തിന് നന്ദി’ – ഹസിൻ ജഹാൻ പറഞ്ഞു.
ഷമിയുടെ സ്വഭാവരീതികളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഹസിൻ ജഹാൻ, മകളുടെ ഭാവി പോലും ഷമി അപകടത്തിലാക്കുകയാണെന്നും ആരോപിച്ചു. ‘‘നമ്മൾ ഒരു ബന്ധത്തിൽ അകപ്പെടുമ്പോൾ അയാൾ മോശം സ്വഭാവക്കാരനാണെന്നോ ക്രിമിനലാണെന്നോ നമ്മുടെയും മകളുടെയും ഭാവി വച്ച് കളിക്കുമെന്നും മുഖത്തുനോക്കി മനസ്സിലാക്കാനാകില്ലല്ലോ. ഞാനും അത്തരത്തിലാണ് ഇരയാക്കപ്പെട്ടത്’– ഹസിൻ ജഹാൻ പറഞ്ഞു.
‘‘വലിയ ക്രിമിനലുകളോടു പോലും ദൈവം ക്ഷമിച്ചിട്ടുണ്ട്. മകളുടെ സുരക്ഷയോ ഭാവിയോ സന്തോഷമോ ഒന്നും ഒരിക്കലും ഷമിക്ക് ഒരു വിഷയമേയല്ല. ഹസിൻ ജഹാന്റെ ജീവിതം നശിപ്പിച്ചേ അടങ്ങൂവെന്ന വാശി ഷമി ഉപേക്ഷിക്കണം. എന്നെ നശിപ്പിക്കാൻ ഷമിക്കു കഴിയില്ല. കാരണം ഞാൻ നീതിയുടെ വശത്താണ്. ഷമി അനീതിയുടെ ഭാഗത്തും’ – ഹസിൻ ജഹാൻ പറഞ്ഞു.
∙ ഷമിക്ക് തിരിച്ചടിയായി കോടതി വിധി
ഹസിൻ ജഹാനും മകൾക്കുമായി മുഹമ്മദ് ഷമി പ്രതിമാസം 4 ലക്ഷം രൂപ വീതം ജീവനാംശമായി നൽകണമെന്ന് കൽക്കട്ട ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇതിൽ 1.5 ലക്ഷം രൂപ ഹസിൻ ജഹാനും, 2.5 ലക്ഷം രൂപ മകൾക്കുമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഷമിക്ക് കനത്ത തിരിച്ചടിയാകുന്ന വിധി വന്നിരിക്കുന്നത്. ഹസിൻ ജഹാനും മകൾക്കുമായി 1.3 ലക്ഷം രൂപ പ്രതിമാസം ജീവനാംശം നൽകണമെന്ന് ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്തയിലെ ആലിപ്പോർ കോടതി വിധിച്ചിരുന്നു. 50,000 രൂപ ഹസിൻ ജഹാനും 80,000 രൂപ മകൾക്കും എന്നായിരുന്നു വിധി. ഇതിനെതിരെ ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ്, ജീവനാംശം കുത്തനെ വർധിപ്പിച്ചുകൊണ്ടുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി.
നേരത്തെ, പ്രതിമാസം 10 ലക്ഷം രൂപ വീതം ജീവനാംശം ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചത്. തനിക്ക് 7 ലക്ഷം രൂപയും മകൾക്ക് 3 ലക്ഷം രൂപയും വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ ആവശ്യം തള്ളിയാണ് കീഴ്ക്കോടതി ഹസിൻ ജഹാന് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകാൻ ഉത്തരവിട്ടത്. തനിക്കും മകൾക്കും പ്രതിമാസം ആറു ലക്ഷത്തിലധികം രൂപ ചെലവുണ്ടെന്നും ഹസിൻ ജഹാൻ ഹൈക്കോടതിയിൽ വാദിച്ചു. ഷമിക്ക് നല്ല സാമ്പത്തിക ശേഷിയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ്, കീഴ്ക്കോടതി വിധിച്ച ജീവനാംശ തുക കൽക്കട്ട ഹൈക്കോടതി കുത്തനെ ഉയർത്തിയത്. മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമായി മുഹമ്മദ് ഷമിക്ക് സ്വന്തം ഇഷ്ടപ്രകാരം കൂടുതൽ പണം നൽകാവുന്നതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
മോഡലും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർലീഡറുമായിരുന്ന ഹസിൻ ജഹാനെ, 2014ലാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്. ഷമിയേക്കാൾ 10 വയസ് മൂത്തയാളാണ് ഹസിൻ ജഹാൻ. ഷമിയെ വിവാഹം കഴിക്കുന്നതിനു മുൻപേ വിവാഹിതയായിരുന്നു ഹസിൻ ജഹാൻ. ബംഗാളിൽ വ്യാപാരിയായ ഷെയ്ഖ് സയ്ഫുദ്ദീനായിരുന്നു ആദ്യ ഭർത്താവ്. ആ ബന്ധത്തിൽ രണ്ടു പെൺമക്കളുമുണ്ട്. 2015ൽ ഷമിക്കും ഹസിൻ ജഹാനും മകൾ ജനിച്ചു. എന്നാൽ, 2018ൽ ഷമിക്കെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഹസിൻ ജഹാൻ രംഗത്തെത്തിയതോടെയാണ് വിവാഹബന്ധം തകർന്നത്. ഇതിനു പുറമേ ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഉന്നയിച്ചതോടെ പ്രശ്നം രൂക്ഷമായി. തനിക്കും മകൾക്കും ഷമി ചെലവിനു തരുന്നില്ലെന്നും ഹസിൻ ജഹാൻ ആരോപിച്ചിരുന്നു.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇവ https://www.instagram.com/hasinjahanofficial, X/@BCCI എന്നീ സമൂഹമാധ്യമ പേജുകളിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·