നല്ല നായകന്‍ ! എളുപ്പം നേടാമായിരുന്ന സെഞ്ചുറികൾ അയാൾ നിസ്വാർഥമായി വലിച്ചെറിഞ്ഞു

10 months ago 6

ടി.ജെ. ശ്രീജിത്ത്‌

10 March 2025, 05:22 PM IST

rohit sharma

Photo | ANI

മനുഷ്യന് അല്പം ‘സെൽഫിഷ്’ ആകാമായിരുന്നു..! അങ്ങനെയൊരു ചിന്ത മനസ്സിന്റെ പിച്ചിലിരുന്ന് പുകഞ്ഞത് അഹമ്മദാബാദിലെ 2023 ഏകദിന ലോകകപ്പ് ഫൈനലിൽ മാത്രമായിരുന്നു. ഓസ്‌ട്രേലിയയെന്ന മഞ്ഞവെളിച്ചത്തിൽ ചിറക് കരിഞ്ഞുവീഴുന്ന ഇന്ത്യൻ ബാറ്റിങ് നിര... അയാൾ ക്രീസിൽ നിന്നപ്പോൾ അങ്ങനെയായിരുന്നില്ല. റൺസുകൾ ഉയർന്നു പറക്കുകയായിരുന്നു. ആ നായകന്റെ ഇന്നിങ്‌സ് അല്പായുസ്സായതോടെ എല്ലാം തീർന്നു. അന്ന് ഇന്ത്യയുടെ കൈയിൽനിന്ന് വഴുതിവീണത് ഒരു ലോകകപ്പായിരുന്നു. എന്നിട്ടും അയാളാ ശൈലി മാറ്റിയില്ല... ഇപ്പോഴും തുടരുന്നു. ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിലും അയാളുടെ ഇന്നിങ്‌സായിരുന്നു വിജയത്തിന്റെ അടിത്തറ. ഏകദിനത്തിൽ സമീപകാലത്ത് ഇന്ത്യൻ കുതിപ്പിന്റെ ‘ഗിയർ’ രോഹിത് ശർമയെന്ന നായകന്റെ കണ്ണുകളും കൈകളും തമ്മിലുള്ള ഇണക്കമാണ്. ആ കുതിപ്പുകളിൽ മിക്കപ്പോഴും അയാൾ പാതിവഴിയെത്തുംമുൻപ്‌ വീണുപോകും. പക്ഷേ, അതിനകം ഇന്നിങ്സിന് അടിത്തറയുണ്ടായിട്ടുണ്ടാകും. പിന്നാലെ വരുന്നവർക്ക് സമയമെടുത്ത് കളിക്കാൻ.

എളുപ്പം സ്വന്തമാക്കാനാകുമായിരുന്ന അർധസെഞ്ചുറികളും സെഞ്ചുറികളും അയാൾ നിസ്വാർഥമായി വലിച്ചെറിഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലെ ഫൈനലിനു മുമ്പുള്ള നാല് ഇന്നിങ്‌സിൽ രോഹിത് എന്ന ഓപ്പണർ നേടിയത് 104 റൺസ് മാത്രമാണ്. ശൈലീമാറ്റത്തിനു മുൻപ്‌ 2018-19 കാലത്ത് രോഹിത് നേടിയത് 12 സെഞ്ചുറികളാണ്. കോവിഡ് കാലം ഒഴിച്ചുനിർത്തിയാൽ 2022 മുതൽ 2025 മാർച്ച് വരെ രോഹിതിന്റെ പേരിലുള്ളത് മൂന്ന് സെഞ്ചുറി മാത്രം. നായകന് വേണമെങ്കിൽ ആ ദൗത്യം ടീമിലെ ആരേയും ഏൽപ്പിക്കാമായിരുന്നു. പക്ഷേ, ഏകദിന ലോകകപ്പിനുമുൻപുതന്നെ രോഹിത് ആ തീരുമാനമെടുത്തു. ആ റോൾ സ്വയം ഏറ്റെടുത്തു. അതിനായി സ്വന്തംപേരിൽ കുറിക്കപ്പെടുമായിരുന്ന സെഞ്ചുറികൾ നഷ്ടമാക്കി.

അക്ഷരാർഥത്തിൽ ‘ടീം മാൻ’ ആണ് രോഹിത്. നായകനായും അങ്ങനെത്തന്നെ. കളിക്കാരിൽനിന്ന് കൈയകലം സൂക്ഷിച്ച് അവരെ കൃത്യമായി ഉപയോഗിച്ച നായകനായിരുന്നു മഹേന്ദ്രസിങ് ധോനി. പിന്നാലെ വന്ന വിരാട്, സ്വന്തം പ്രകടനത്തിലൂടെ സഹകളിക്കാരെ ഉത്തേജിപ്പിച്ചു. പെർഫോമൻസ് മാത്രം ആധാരമാക്കിയ കോലി നിലനിൽപ്പിനായി ഓരോരുത്തരും മികച്ച പ്രകടനത്തിലേക്ക് എത്തുമെന്ന് വിശ്വസിച്ചു. പക്ഷേ, രോഹിത് ശർമ നാടൻ നായകനായിരുന്നു... എല്ലാ അർഥത്തിലും ‘മുംബൈക്കർ’. ചെറിയ തെറ്റുകൾക്കുപോലും സഹതാരങ്ങളെ ചീത്തവിളിക്കുകയും അതേസമയം, അവരുടെ തോളിൽ കൈയിട്ട് നടക്കുകയും ചെയ്തു. ‘ബോയ്‌സ്’ എന്നും ‘ലഡ്‌കെ’ എന്നും വിളിച്ച് ഒരു മുതിർന്ന ചേട്ടനെപ്പോലെ അവരെ കൈകാര്യം ചെയ്തു. ടീമിൽനിന്ന് മാറ്റിനിർത്തുന്നവരോട് അതിന്റെകാരണം എന്തെന്ന് കൃത്യമായി പറഞ്ഞുകൊടുക്കും. അത് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി.

സാഹചര്യങ്ങൾക്കനുസരിച്ച് ബൗളർമാരെ ഉപയോഗിക്കുന്നതിൽ രോഹിതിന് പ്രത്യേക മികവുണ്ട്. സച്ചിനും വിരാടും നായകസമ്മർദങ്ങളിൽ തളർന്നവരാണെങ്കിൽ രോഹിത് ‘ഈസി ഗോയിങ്’ ആയിരുന്നു.

Content Highlights: rohit sharma icc champions trophy amerind captain

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article