
ശിവകാർത്തികേയനും ആരതിയും | ഫോട്ടോ: www.instagram.com/aarthy.sivakarthikeyan/
ഭാര്യ ആരതി തനിക്ക് ജീവിതത്തിൽ നൽകിയ പിന്തുണയെക്കുറിച്ച് സംസാരിച്ച് നടൻ ശിവകാർത്തികേയൻ. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന തൻ്റെ പുതിയ ചിത്രമായ 'മദ്രാസി'യുടെ പ്രൊമോഷണൽ ചടങ്ങിനിടെ ഹൈദരാബാദിൽ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. സിനിമയിൽ വിജയിക്കുന്നതിനുമുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടായിരുന്നു ശിവകാർത്തികേയന്റെ മറുപടി.
തന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് കോളേജ് സുഹൃത്തുക്കളാണെന്നും അവരാണ് തന്നെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചതെന്നും ശിവകാർത്തികേയൻ പറഞ്ഞു. സ്റ്റേജിൽ കയറാനും മിമിക്രി ചെയ്യാനും പ്രോത്സാഹിപ്പിച്ചത് സുഹൃത്തുക്കളാണെന്നും അദ്ദേഹം ഓർമിച്ചു. താൻ നടനാകുന്നതിന് മുൻപേതന്നെ ആരതി വിവാഹത്തിന് സമ്മതിച്ചുവെന്നും, അതിന് താൻ അവരോട് എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം," ശിവകാർത്തികേയൻ വ്യക്തമാക്കി.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിദ്യുത് ജംവാൾ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം കേരളത്തിൽ വിതരണംചെയ്യുന്നത്.
Content Highlights: Sivakarthikeyan Credits Wife and Friends for Support Before Acting Success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·