02 August 2025, 02:43 PM IST

കുഞ്ഞികൃഷ്ണൻ പങ്കുവെച്ച പോസ്റ്റിൽ നിന്ന്| ഫോട്ടോ: fb/ Kunhikrishnan Ppk
അന്തരിച്ച നടൻ കലാഭവൻ നവാസ് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രം പങ്കുവെച്ച് അദ്ദേഹത്തിനൊപ്പം വേഷമിട്ട പി.പി. കുഞ്ഞികൃഷ്ണൻ. പ്രകമ്പനം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോഗം.
'പ്രിയപ്പെട്ട നവാസിനൊപ്പം അവസാന ദിവസം പ്രകമ്പനം ലൊക്കേഷനിൽ' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രം പങ്കുവെച്ചത്.
സൗമ്യനായ വ്യക്തിയായിരുന്നു നവാസെന്ന് പി.പി. കുഞ്ഞികൃഷ്ണൻ നേരത്തേ പ്രതികരിച്ചിരുന്നു. ''ചിത്രീകരണത്തിനിടെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. വളരെ കൂളായി നടന്നുപോയതാണ്. റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 25-ാം തീയതിയാണ് അദ്ദേഹം പ്രകമ്പനത്തിൽ ജോയിൻ ചെയ്തത്. രണ്ടുദിവസം ഷൂട്ടിങ് ഇല്ലാത്തതുകൊണ്ട് വീട്ടിൽപോയിട്ട് വരാം എന്നാണ് പറഞ്ഞത്. സിനിമയിൽ സജീവമായി വരുന്ന സമയമായിരുന്നു. വളരെ സന്തോഷത്തോടെ സിനിമയിലേയും വീട്ടിലേയും കാര്യങ്ങൾ പറഞ്ഞിരുന്നതാണ്''.- പി.പി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കൾ: നഹ്‌റിൻ, റിദ്‌വാൻ, റിഹാൻ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും നടനാണ്.
Content Highlights: Actor Kalabhavan Nawaz's Final Moments Recalled by Co-star P.P. Kunjikrishnan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·