'നവാസിന് സെറ്റിൽ വെച്ച് നെഞ്ചുവേദന ഉണ്ടായിട്ടില്ല, വിനോദ് കോവൂരിന് തെറ്റിദ്ധാരണ' -പ്രകമ്പനം ടീം

5 months ago 5

ശിഹാബുദ്ദീൻ തങ്ങൾ

02 August 2025, 04:42 PM IST


സെറ്റിൽ ആർക്കും അ‌റിയാത്ത ഈ വിവരം എങ്ങനെ വിനോദ് കോവൂർ അ‌റിഞ്ഞുവെന്ന് ശശി പൊതുവാൾ

sasi poduval

1. ശശി പൊതുവാൾ 2. കലാഭവൻ നവാസ്

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന് സെറ്റിൽ വെച്ച് നെഞ്ചുവേദനയോ മറ്റ് അ‌സ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് അ‌ദ്ദേഹം അ‌ഭിനയിച്ചിരുന്ന ‘പ്രകമ്പനം’ സിനിമയുടെ പ്രൊഡക്ഷൻ ടീം അംഗങ്ങൾ. ഇതുസംബന്ധിച്ച് നടൻ വിനോദ് കോവൂർ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ മൂലമായിരിക്കാമെന്നും പ്രൊഡക്ഷൻ കൺട്രോളർ ശശി പൊതുവാൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'കലാഭവൻ നവാസ് വെള്ളിയാഴ്ച വൈകിട്ട് ആറുമണി വരെ സെറ്റിൽ സജീവമായിരുന്നു. വീട്ടിൽ പോകാനായാണ് ഹോട്ടൽ റൂമിലേക്ക് മടങ്ങിയത്. കാറിൽ കയറ്റിവിട്ടത് ഞാനാണ്. മൂന്ന് ദിവസം ഷൂട്ട് ഇല്ലാത്തതിനാൽ വീട്ടിൽ പോവുകയാണെന്നും പറഞ്ഞു. നവാസ് റൂം വെക്കേറ്റ് ചെയ്യുന്ന കാര്യം ഹോട്ടലിൽ വിളിച്ചുപറഞ്ഞിരുന്നു. കീ കാണാത്തതുകൊണ്ട് ഹോട്ടൽ ജീവനക്കാർ റൂമിൽ പോയി നോക്കിയപ്പോഴാണ് അ‌ദ്ദേഹം താഴെ വീണുകിടക്കുന്നത് കണ്ടത്. ഉടനെ തന്നെ ഞങ്ങൾ ഹോട്ടലിലെത്തി അ‌ദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു' -ശശി പൊതുവാൾ വിശദമാക്കി.

കലാഭവൻ നവാസിന് സെറ്റിൽവെച്ചുതന്നെ നെഞ്ചുവേദന ഉണ്ടായിരുന്നെന്ന് വിനോദ് കോവൂർ ഫെയ്സ്ബുക്ക് പോസ്റ്റുചെയ്ത കുറിപ്പിൽ പറഞ്ഞിരുന്നു. ഡോക്ടറെ വിളിച്ച് സംസാരിച്ച ശേഷം ഷൂട്ടിന് ബുദ്ധിമുട്ടാകേണ്ട എന്നു കരുതി ആശുപത്രിയിൽ പോകാതെ അ‌ഭിനയം തുടരുകയായിരുന്നെന്നും ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകാമെന്നുമാണ് വിനോദിന്റെ പോസ്റ്റിലുള്ളത്.

അ‌തേസമയം, സെറ്റിൽ ആർക്കും അ‌റിയാത്ത ഈ വിവരം എങ്ങനെ വിനോദ് കോവൂർ അ‌റിഞ്ഞുവെന്ന് ശശി പൊതുവാൾ ചോദിക്കുന്നു. അ‌ദ്ദേഹത്തിന് തെറ്റിദ്ധാരണ ഉണ്ടായതാകാം. വളരെ സന്തോഷവാനായാണ് നവാസ് സെറ്റിൽ നിന്ന് പോയത്. നവാസുമായി വളരെ വർഷങ്ങളായുള്ള ബന്ധമാണ്. എന്തെങ്കിലും അ‌സ്വസ്ഥത ഉണ്ടായിരുന്നെങ്കിൽ പറയുമായിരുന്നു. ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അ‌വർ വേണ്ടെന്ന് പറഞ്ഞാലും ഡോക്ടറെ കാണിക്കുകയാണ് ചെയ്യാറുള്ളതെന്നും ശശി പൊതുവാൾ കൂട്ടിച്ചേർത്തു.

Content Highlights: ‘Prakambanam’ Team Refutes Vinod Kovoor’s Claim connected Navas’s Health

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article