.jpg?%24p=fc0b6cd&f=16x10&w=852&q=0.8)
ഒമർ ലുലു, ഷീലു അബ്രഹാം | ഫോട്ടോ: മാതൃഭൂമി
കൃഷ്ണാ പൂജപ്പുര എഴുതി മനോജ് പാലോടന്‍ സംവിധാനംചെയ്ത ചിത്രമാണ് 'രവീന്ദ്രാ നീ എവിടെ?'. അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധിഖ്, ഷീലു എബ്രഹാം, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആയിരുന്നു ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖത്തിനിടെ അബ്രഹാം മാത്യുവിന്റെ ഭാര്യയും ചിത്രത്തിലെ നായികയുമായ ഷീലു അബ്രഹാം പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
ഒമര്‍ ലുലു സംവിധാനംചെയ്ത 'ബാഡ് ബോയ്‌സ്' ഇറങ്ങിയതോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നല്‍കുന്ന പരാമര്‍ശമായിരുന്നു അന്ന് ഷീലു നടത്തിയത്. ഷീലുവിന്റെ വീട് താന്‍ കണ്ടിട്ടുള്ളതാണ് എന്ന് അവതാരക പറഞ്ഞപ്പോള്‍, 'ബാഡ് ബോയ്‌സ്' ഇറങ്ങിയതോടെ ആ വീട് വിറ്റു എന്നായിരുന്നു ഷീലു അബ്രഹാം പറഞ്ഞത്. ആ വീട് വിറ്റ് വാടകവീട്ടിലേക്ക് മാറിയെന്നും 'രവീന്ദ്രാ നീ എവിടെ?' അതിനുമുന്നേ എടുത്തുവെച്ച ചിത്രമാണെന്നുമാണ് ഷീലു പറഞ്ഞത്. ഇനി ആ വാടക വീട് വിറ്റിട്ടുവേണം അടുത്ത പടം ഇറക്കാന്‍ എന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ധ്യാന്‍ ശ്രീനിവാസന്‍ തമാശയായി പറഞ്ഞിരുന്നു. അതേസമയം, ഷീലു പറഞ്ഞത് കാര്യമായിട്ടാണോ അതോ തമാശയാണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ആരാധകര്‍.
എന്നാലിപ്പോള്‍, ഷീലുവിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാഡ് ബോയ്‌സ് സംവിധായകന്‍ ഒമര്‍ ലുലു. പരിഹാസരൂപേണയുള്ള പോസ്റ്റിലാണ് ഒമര്‍ ലുലുവിന്റെ മറുപടി. 'ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മലയാള സിനിമക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്പ്റ്റുകള്‍ എഴുതി സമാനിച്ച ധ്യാന്‍ സാറും കൂടി മറ്റൊരു ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് നല്‍കി കൊണ്ട് നായികയും നിര്‍മാതാവുമായ ഷീലു മാഡത്തിന് 'ബാഡ് ബോയ്‌സി'ലൂടെ നഷ്ടപ്പെട്ടു പോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍', എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'പുലിവാല്‍ കല്യാണം' എന്ന ചിത്രത്തില്‍ സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഫയര്‍ ഫോഴ്‌സിന് നന്ദി പറയുന്ന മീമും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
.jpg?$p=6c89f46&w=852&q=0.8)
പിന്നീട് നിമിഷങ്ങള്‍ക്കകം ഒമര്‍ ലുലു പോസ്റ്റ് ഡിലീറ്റ് ചെയ്തു. പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്കും ഒമര്‍ ലുലു മറുപടി നല്‍കി. 'അപ്പോള്‍ ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ', എന്നൊരാള്‍ ഒമര്‍ ലുലുവിനോട് ചോദിച്ചു. 'അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. ഇത് സൗഹൃദപൂര്‍വ്വമുള്ള സര്‍ക്കാസമാണ്', എന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി.
Content Highlights: Omar Lulu Responds to Sheelu Abraham Bad Boyz Remark
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·