നസ്ലിനുമായി മത്സരമില്ല, 'ഫാലിമി' ഏറ്റവും സ്‌പെഷല്‍ സിനിമ- സന്ദീപ് പ്രദീപ്

7 months ago 7

വര്‍ഷം റിലീസായ 'പടക്കളം' സിനിമയിലെ മികച്ച പ്രകടനത്തിലൂടെ മലയാളസിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ സന്ദീപ് പ്രദീപ് തന്‍റെ സിനിമാ ജീവിതത്തെയും വരാനിരിക്കുന്ന പ്രോജക്ടുകളെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കുന്നു.

ദൃശ്യമാധ്യമലോകത്തേക്കുള്ള വഴി

കുട്ടിക്കാലം മുതല്‍ നടനാകാന്‍ ആഗ്രഹിച്ചയാളാണ്. അതിനുള്ള ശ്രമങ്ങള്‍ ഒന്‍പത് -10 ക്ളാസുകളിലെത്തിയപ്പോള്‍ തന്നെ തുടങ്ങി. ഹ്രസ്വചിത്രങ്ങളിലുടെയായിരുന്നു ആദ്യശ്രമങ്ങള്‍. കൂട്ടുകാരുമൊത്ത് ഒരു പിടി ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. അതിനിടയ്ക്കാണ് 'പതിനെട്ടാം പടി'യുടെ ഓഡിഷന് വിളിക്കുന്നത്. ആ സിനിമയുടെ ഷൂട്ടും മറ്റുകാര്യങ്ങളും ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. അതില്‍ നിന്നും കാര്യമായ ഒരു ബ്രേക്ക് എനിക്ക് കിട്ടിയില്ല. അപ്പോഴും ഞാന്‍ സമാന്തരമായി ഹ്രസ്വചിത്രങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു.'ഫാലിമി' സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവ് എന്‍റെ 'ശാന്തി മുഹൂര്‍ത്തം' കണ്ടിരുന്നു. ഞാന്‍ ബാംഗ്ലൂരില്‍ വി എഫ് എക്സ് പഠിച്ചുകൊണ്ടിരിക്കുന്ന കാലം. അന്ന് സിനിമയില്‍ സഹസംവിധായകനായിരുന്ന നിതീഷേട്ടന്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്‍റെ മനസ്സില്‍ ഒരു സിനിമയുണ്ടായിരുന്നു, ആ കഥ എന്നോട് പറഞ്ഞു, ഒരു വേഷവും ഓഫര്‍ ചെയ്തു പക്ഷേ, ആ സിനിമ നടന്നില്ല.

പക്ഷേ ഞങ്ങള്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. നിതീഷേട്ടന്‍റെ ഒരു ഹ്രസ്വചിത്രത്തിന്റെ വി.എഫ്.എക്സ് ഞാനാണ് ചെയ്തത്, ചെറിയൊരു വേഷവും ഉണ്ടായിരുന്നു. പിന്നീടാണ് 'പതിനെട്ടാം പടി' വന്നത്. അതിനിടെ 'അന്താക്ഷരി' എന്ന പേരില്‍ ഒരു വെബ് സീരീസ് ചെയ്തു, പിന്നീട് അതേപേരില്‍ അത് സിനിമയുമായി. സംവിധായകന്‍ 'ജയ ജയ ഹേ' ഫെയിം വിപിന്‍ദാസ് ആയിരുന്നു. ഞാന്‍ നായകനായ ആദ്യസിനിമ എക് ദീന്‍ ആണ്. പക്ഷേ പടം ഇറങ്ങിയില്ല. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടില്‍ ഒക്കെ ഓടിക്കാവുന്ന സിനിമയായിരുന്നു. അന്നെനിക്ക് കഷ്ടിച്ച് 20 വയസ്സ് മാത്രമേ ഉണ്ടാവൂ.

'പതിനെട്ടാം പടി'ക്കാലത്ത് ഒതുങ്ങിക്കൂടുന്ന സാധുവായിരുന്നു എന്ന് കേട്ടിട്ടുണ്ട്

അതേ ആളാണ് ഇപ്പോഴും. അന്ന് ഞാന്‍ വളരെ പയ്യനായിരുന്നു. സിനിമാജീവിതത്തിന്‍റെ തുടക്കമായിരുന്നതിനാല്‍ എല്ലാം പുതുമയായി തോന്നുന്ന കാലം. ശങ്കരേട്ടനെ (സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍) പോലുള്ള വലിയ ആള്‍ക്കാരുടെ സിനിമയില്‍ അഭിനയിക്കുന്നതിന്‍റെ ഭയപ്പാടുണ്ടായിരുന്നു. സെന്‍സിറ്റീവാണ് ഞാന്‍, വളരെ കംഫര്‍ട്ട് സോണില്‍ മാത്രം ഒരുപാട് സംസാരിക്കുന്ന തരം ആള്‍. പ്രായം കൂടുന്നതനുസരിച്ചുള്ള മെച്യുരിറ്റി വന്നതല്ലാതെ കാര്യമായിട്ടൊന്നും സംഭവിച്ചിട്ടില്ലെന്നാണ് എന്‍റെ വിശ്വാസം.

മെച്യൂരിറ്റി വന്നു എന്നാണോ

അങ്ങനെയല്ല, ആ പ്രായവും ഇപ്പോഴത്തെ പ്രായവും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ നമുക്കറിയാമല്ലോ, എന്തൊക്കെ വ്യത്യാസം വന്നെന്ന്. പുറമേ കാണുന്നവരുടെ കണ്ണില്‍ ആ വ്യത്യാസം അനുഭവപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ സ്വയം വിലയിരുത്തുമ്പോള്‍ മാറ്റമുണ്ട്, ചെറിയ വ്യത്യാസങ്ങള്‍.

സന്ദീപിന്‍റെ കരിയറില്‍ 'ഫാലിമി' എത്രയ്ക്ക് വലിയ വഴിത്തിരിവായിരുന്നു

എത്രത്തോളം കഷ്ടപ്പെട്ടു, അല്ലെങ്കില്‍ എത്രത്തോളം കഠിനാധ്വാനം ചെയ്തു എന്നതിനെക്കാള്‍ കൃത്യസമയത്ത് കൃത്യമായ വേഷം കിട്ടുക, അത് സ്വീകരിക്കപ്പെടുക എന്നതാണ് ഒരു നടനു കിട്ടുന്ന ബ്രേക്ക് ത്രൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും എന്‍റെ കരിയറിലെ ബ്രേക്ക് ത്രൂ സിനിമയാണ് 'ഫാലിമി'. അതിനുശേഷമാണ് ഇപ്പോള്‍ കാണുന്ന സിനിമകളുടെ ലൈനപ്പ് എനിക്ക് മുന്നില്‍ വന്നത്. ഇനി എത്ര സിനിമകള്‍ ചെയ്താലും 'ഫാലിമി'യാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്പെഷലായ സിനിമ.

'ഫാലിമി'യില്‍ ഹാസ്യത്തിന്റെ സ്പര്‍ശമുള്ള കാരക്ടര്‍ ആയിരുന്നല്ലോ. ആ വേഷം ചെയ്യാന്‍ പൂര്‍വ്വമാതൃകകള്‍

ഇല്ല. സംവിധായകന്‍ നിതീഷേട്ടന് എന്നെക്കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. ആകെ പറഞ്ഞത് എന്‍റെ സംഭാഷണത്തില്‍ കൊച്ചി സംഭാഷണത്തിന്റെ ചുവ വളരെ കൂടുതലാണ്, അതൊഴിവാക്കി് തിരുവനന്തപുരം ശൈലി പിടിക്കണം എന്നാണ്. വളരെ ലൗഡ് ആയിട്ടുള്ള കോമഡികളും പ്രവൃത്തികളും ഒഴിവാക്കണം എന്നും പറഞ്ഞു. അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നതുകൊണ്ട് ചെയ്യുന്നതില്‍നിന്ന് റിഫൈന്‍ ചെയ്തെടുത്താല്‍ മതിയായിരുന്നു

'ഫാലിമി' ക്ക് ശേഷം വന്ന 'ആലപ്പുഴ ജിംഖാന'യിലെ കാരക്ടര്‍ ആഗ്രഹിച്ചത്ര ശക്തമായില്ല എന്ന് തോന്നിയോ

ഇല്ല. ഒരു നടന്‍റെ ഫിലിമോഗ്രഫി വളരെ പ്രധാനമാണ്. തുടക്കക്കാര്‍ മുതല്‍ പരിചയസമ്പന്നര്‍ വരെ ഖാലിദ് റഹ്‌മാന്‍റെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കപ്പെടുന്നത് നടന്‍ എന്ന നിലയില്‍ എനിക്ക് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമായിരുന്നു. അത് എന്‍റെ കരിയര്‍ഗ്രാഫിനെ നല്ലവണ്ണം സ്വാധീനിച്ചിട്ടുണ്ട്. വളരെ എന്‍ജോയ് ചെയ്താണ് ആ വേഷം ചെയ്തത്. ആ സിനിമയില്‍ എല്ലാവരും നായകന്മാരാണ്. കഥ ജോജോ എന്ന കഥാപാത്രത്തിന്റെ പെര്‍സ്പെക്ടീവില്‍ പോകുന്നു എന്നതിലുപരി അതിലെ അഞ്ച് ബോക്സര്‍മാര്‍ക്കും തുല്യമായ ട്രീറ്റ്മെന്‍റാണ്. സിനിമ തീരുമ്പോള്‍ അത് കണ്ട കുറച്ചുപേരുടെയെങ്കിലും മനസ്സില്‍ സ്ഥാനം പിടിക്കുന്ന ഒരു കഥാപാത്രമാണ് ഞാന്‍ ചെയ്തത്. അത് സാധിച്ചതില്‍ വളരെ ഹാപ്പിയാണ്. മറ്റൊരു കാര്യം അതിനായി വേണ്ടിവന്ന ശാരീരിക അധ്വാനമാണ്. അത്തരം പ്രയത്നം വേണ്ടിവരുന്ന സിനിമകള്‍ വളരെ കുറവായിരിക്കും. എല്ലാ സിനിമകള്‍ക്കും അത്രയും മുന്നൊരുക്കവും ശാരീരികമായ ട്രാന്‍സ്ഫര്‍മേഷനും വേണ്ടി വരില്ല.

അതിനുവേണ്ടി ബോക്സിങ് പഠിച്ചോ

ഞാന്‍ മാത്രമല്ല, എല്ലാവരും പഠിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും നാലഞ്ചുമാസം വെയിറ്റ് ട്രെയിനിങ്ങും ബോക്സിങ് പരിശീലനവുമായി ഒരുമിച്ചായിരുന്നു. ഏതാണ്ട് 100 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു . 'ആലപ്പുഴ ജിംഖാന' വലിയൊരു അനുഭവമായിരുന്നു, നമുക്ക് എപ്പോഴും കിട്ടുന്ന അവസരമായിരുന്നില്ല. ഞാന്‍ ശരിക്കും അത് എന്‍ജോയ് ചെയ്തു.

ഒരു സിനിമയ്ക്ക് വേണ്ടി അത്രയേറെ ശാരീരികാധ്വാനം നടത്താനും മാസങ്ങളോളം കാത്തിരിക്കാനും ക്ഷമയുള്ള കൂട്ടത്തിലാണ്

തീര്‍ച്ചയായും. അത്തരത്തിലുള്ള സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് വളരെ താല്‍പര്യമുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുക്കുന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു കിക്ക് കിട്ടുന്ന കാര്യമാണ്. എനിക്കതിഷ്ടമാണ്.

'പടക്കളം' സിനിമയില്‍ സന്ദീപ് അവതരിപ്പിക്കുന്ന ജിതിന്‍ എന്ന വിദ്യാര്‍ത്ഥിയില്‍ ഷറഫുദ്ദീന്‍ അഭിനയിക്കുന്ന രഞ്ജിത്ത് എന്ന അധ്യാപകന്‍റെ പരകായ പ്രവേശമുണ്ട് . ഷറഫുദ്ദീന്‍റെ കഥാപാത്രത്തിന്‍റെ ഭാവഹാവാദികളും ശരീരഭാഷയും ഉള്‍ക്കൊണ്ടത് .

വളരെ ലളിതമായ വര്‍ക്ക് ഫ്ളോ ആയിരുന്നു പടത്തിന്. തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ഓരോരുത്തരുടെയും കഥാപാത്രമെന്താണ് എന്ന കാര്യം മനസ്സിലായിരുന്നു. ഓരോ കഥാപാത്രത്തിന്റെയും അടിസ്ഥാന സ്വഭാവസവിശേഷതകള്‍ സംവിധായകന്‍ എഴുതി വച്ചിട്ടുണ്ടായിരുന്നു. ജിതിന്‍ അല്പം അന്തര്‍മുഖത്വമുള്ള, ആള്‍ക്കാരോട് ഇടപഴകാന്‍ മടിയും അല്പം പേടിയും ഒക്കെയുള്ള വ്യക്തിയാണ്. രഞ്ജിത്ത് ഒരു നിഗൂഢ വ്യക്തിത്വമാണ്, വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ കളിച്ചു ചിരിച്ചു നില്‍ക്കാനും വേണ്ടിവന്നാല്‍ അങ്ങേയറ്റത്തെ ക്രൂരത കാണിക്കാനും കഴിയുന്ന ആള്‍. ജിതിന്‍ നഖം കടിക്കുന്നത് പോലുള്ള ചില കാര്യങ്ങള്‍ ഞാന്‍ കൊണ്ടുവന്നതാണ്, അയാളുടെ അന്തര്‍മുഖത്വം സൂചിപ്പിക്കാനായി. അതിന് സംവിധായകന്‍ മനുവിന്‍റെ സഹായവും ഉണ്ടായി. ഞങ്ങള്‍ മൂന്നുപേരും ഞങ്ങളുടെ കഥാപാത്രങ്ങളില്‍ സ്വന്തമായി ചില പെരുമാറ്റരീതികള്‍ ഉള്‍പ്പെടുത്തിയിരുന്നു.

പരകായപ്രവേശം നടത്തുന്ന കാര്യത്തില്‍ നിങ്ങള്‍ മൂവര്‍ക്കും- സുരാജിനും ഷറഫിനും സന്ദീപിനും- ആശയക്കുഴപ്പമുണ്ടായിരുന്നോ

സ്‌ക്രിപ്റ്റ് വായിക്കുമ്പോഴേ അതുണ്ടായിരുന്നുള്ളൂ. അഭിനയിച്ചു തുടങ്ങുമ്പോള്‍ അതില്ല. അപ്പോഴേക്കും നമ്മള്‍ ഈ വേഷമാണ് ചെയ്യുന്നത് എന്ന കാര്യം ഉള്‍ക്കൊള്ളും ഒന്നുരണ്ടു സീനുകളുടെ വ്യത്യസ്തമായ വേരിയേഷനുകള്‍ ഷൂട്ട് ചെയ്തു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും എന്താണ് കറക്റ്റ് മീറ്റര്‍ എന്ന്. സംവിധായകനും എന്താണ് വേണ്ടതെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. നല്ലൊരു ടീംവര്‍ക്ക് ആയിരുന്നു സിനിമ.

രഞ്ജിത്തായി മാറുമ്പോള്‍ വേണ്ടിവരുന്ന മാറ്റങ്ങളെ കുറിച്ച് ഷറഫുദ്ദീനുമായി സംസാരിക്കുമായിരുന്നോ

ഷൂട്ട് തുടങ്ങിയതിനുശേഷമാണ് ഷറഫിക്ക നിഗൂഢമായ ആ ചിരിയും ശബ്ദത്തിലെ പ്രത്യേകതയുമൊക്കെ കൊണ്ടുവന്നത്. അതൊക്കെയാണ് ഞാന്‍ ആവര്‍ത്തിക്കേണ്ടിയിരുന്നത്. സുരാജേട്ടന്‍ എന്നോട് ചോദിക്കുമായിരുന്നു, നിന്‍റെ കാരക്റ്റര്‍ ഈ ഡയലോഗ് ഇങ്ങനെയാണോ പറയുക എന്നൊക്കെ. അതുപോലെ ഷറഫിക്കയോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കാരണം, ഞങ്ങള്‍ തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കുറവായിരുന്നു. അതുകൊണ്ട് മിക്കപ്പോഴും അദ്ദേഹം ചെയ്ത കാര്യങ്ങള്‍ വീണ്ടും വീണ്ടും മോണിറ്ററില്‍ കണ്ടു മനസ്സിലാക്കുമായിരുന്നു. അവ ഞാനെന്‍റെ രീതിയില്‍ പകര്‍ത്താനാണ് ശ്രമിച്ചത്.

വളരെ പരിചയസമ്പന്നരായ രണ്ടുപേരായിരുന്നു എനിക്കൊപ്പം. അവര്‍ക്ക് രണ്ടുപേര്‍ക്കും കൂടെയുള്ളവരെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കണമെന്നും കെമിസ്ട്രി വര്‍ക്കൗട്ട് ആക്കണമെന്നും നന്നായറിയാം. അതുകൊണ്ട് എനിക്ക് പേടിയും മറ്റും ഉണ്ടായിരുന്നില്ല. സുരാജേട്ടനോടും ഷറഫിക്കയോടും എന്തുവേണമെങ്കിലും ചോദിക്കാം. ആ സ്നേഹവും സ്വീകരണവും അവര്‍ തന്നതുകൊണ്ട് മാത്രമാണ് എനിക്കത് ചെയ്തു ഫലിപ്പിക്കാന്‍ പറ്റിയത്.

ഇപ്പോള്‍ ചെയ്യുന്ന പടം

' കിഷ്‌കിന്ധാകാണ്ഡം' സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലെ അടുത്ത പടമാണ്, ഷൂട്ട് കഴിഞ്ഞു. വാഗമണ്‍ ഭാഗത്തായിരുന്നു ഷൂട്ടിംഗിന്‍റെ ഭൂരിഭാഗവും.

ഏത് ജോണര്‍ സിനിമയാണ്

പറയാന്‍ എനിക്ക് അനുവാദമില്ല. എന്തായാലും പുതിയ രീതിയിലുള്ള ഒരു ആവിഷ്‌കാരവും ആഖ്യാനവും സിനിമയില്‍ കാണാന്‍ പറ്റും. വ്യത്യസ്തമായ, നല്ല സിനിമയായിരിക്കും അത്.

എത്ര സിനിമകളാണ് താങ്കളുടേതായി വരാനിരിക്കുന്നത്?

ഞാന്‍ ചെയ്യാനിരിക്കുന്ന സിനിമകളുടെ കാര്യമൊന്നും പ്രഖ്യാപിക്കാറായിട്ടില്ല. പലതും കമ്മിറ്റ് ചെയ്യുന്നതിന്‍റെ അന്തിമ ഘട്ടത്തിലാണ്. ഒരുപാട് പേര്‍ എന്നെ വിളിക്കുന്നുണ്ട്. ഇപ്പോള്‍ വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട മാനസികാവസ്ഥയില്‍ ആണ് ഞാന്‍ നില്‍ക്കുന്നത്. കുറച്ചു ചെറിയ പടങ്ങള്‍ ചെയ്ത ഒരു തുടക്കക്കാരന് കിട്ടേണ്ടതിനേക്കാള്‍ സ്വീകാര്യത പ്രേക്ഷകര്‍ എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് അവരെ നിരാശപ്പെടുത്താതെ അടുത്ത സിനിമ ചെയ്യുമ്പോള്‍ നോക്കിയും കണ്ടും നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് എന്റെ ഒരു മനസ്സിലിരിപ്പ്.

മലയാളസിനിമയില്‍ ഒരു തലമുറമാറ്റത്തിന്‍റെ സമയമാണ്. 'ആലപ്പുഴ ജിംഖാന'യിലെ നായകന്‍ നസ്ലിന്‍ ഈ മാറ്റത്തിലെ ഒരു പ്രധാനകണ്ണിയാണ്. ഇതിനകം രണ്ടുമൂന്ന് വലിയ ഹിറ്റുകള്‍ നേടിക്കഴിഞ്ഞ നസ്ലിനുമായി മത്സരമുണ്ടോ?

മത്സരത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നസ്ലിന്‍ വളരെ പോപ്പുലറാണ്, കുറച്ച് നാളായി ഇന്‍ഡസ്ട്രിയിലുണ്ട്. 'പ്രേമലു' പോലുള്ള വമ്പന്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് മറ്റു ചെറുപ്പക്കാരാരും അദ്ദേഹത്തിന്റെ താരപദവിക്കടുത്ത് എത്തിയിട്ടില്ല.. ആ സാഹചര്യത്തില്‍ പുതിയൊരാള്‍ ഉയര്‍ന്നു വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു താരതമ്യവും മറ്റും മാത്രമേയുള്ളൂ. ഞങ്ങള്‍ക്കിടയില്‍ മത്സരം ഒന്നുമില്ല. ഞങ്ങള്‍ നല്ല കൂട്ടുകാരാണ്. നേരത്തേ പറഞ്ഞതുപോലെ, നൂറുദിവസം ഷൂട്ടും അഞ്ചുമാസം ഒരുമിച്ച് വര്‍ക്കൗട്ടും ചെയ്ത ഞങ്ങള്‍ നല്ല കമ്പനിയാണ്. പിന്നെ, ഒരുപാട് താരങ്ങള്‍ വരുന്നത് നല്ലതാണ്. ഞങ്ങള്‍ വന്നു, അതുപോലെ ഇനിയും ഒരുപാട് ആള്‍ക്കാര്‍ വരാനിരിക്കുന്നു. എല്ലാ മേഖലയിലും എല്ലാ ഏജ് ഗ്രൂപ്പിലും പുതിയ പുതിയ ഒരുപാട് ആള്‍ക്കാര്‍ വരേണ്ടിയിരിക്കുന്നു. പുതിയ പുതിയ കഥകള്‍ പുതിയ പുതിയ ആള്‍ക്കാരെ വച്ച് പറയേണ്ടിയിരിക്കുന്നു. അതിനാല്‍ പുതിയ ആള്‍ക്കാര്‍ വരുന്നത് എന്തുകൊണ്ടും നല്ലതാണ്.

നസ്ലിന് ഒത്തുമുള്ള സിനിമകള്‍ വന്നാല്‍ സ്വീകരിക്കുമോ?

ഒരുമിച്ച് തകര്‍ക്കാന്‍ പറ്റുന്ന സിനിമകള്‍ ആണെങ്കില്‍ എന്തുകൊണ്ടും സ്വീകരിക്കാവുന്നതാണ്.

ചുരുങ്ങിയ കാലം കൊണ്ട് നല്ല നടനെന്ന് പേരെടുത്ത ആളാണ് താങ്കള്‍. നടനെന്ന നിലയ്ക്കുള്ള മാതൃക

ഇതൊരു ഡിപ്ലോമാറ്റിക് മറുപടി അല്ല. എല്ലാവരും എനിക്കു മാതൃകയാണ്. എല്ലാ നടന്മാരും ഓരോ രീതിയില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സിദ്ദിഖ് ഇക്ക. ഞാന്‍ ജഗദീഷേട്ടനോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അപ്പോള്‍ അദ്ദേഹത്തിന്റെ ഹ്യൂമര്‍ പരിപാടി, ഓട്ടം, ചിരി ഇതൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. 'ഇന്‍ ഹരിഹര്‍ നഗറി' ല്‍ ഇവര്‍ നാലുപേരും തമാശയ്ക്ക് വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. സ്വാഭാവികമായി പറയുന്നേയുള്ളൂ. അതില്‍ നിന്നൊക്കെ ഞാന്‍ പഠിക്കും. മാസ് കാരക്ടറുകളുടെ കാര്യം വരുമ്പോള്‍ ലാലേട്ടന്‍റെയും മമ്മൂക്കയുടെയും സിനിമകള്‍ ഇരുന്നു കാണും. ഞാന്‍ നിവിന്‍ ചേട്ടന്‍റെ വലിയൊരു ഫാനാണ്. അദ്ദേഹത്തിന്റെ നൈസര്‍ഗികത, സിനിമയില്‍ വന്ന സമയത്തുള്ള അദ്ദേഹത്തിന്‍റെ സ്‌ക്രിപ്ട് സെലക്ഷന്‍.. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് ഒരുപാട് ഇഷ്ടമുള്ള ഒരു നടന്‍ ഇന്നയാളെന്ന് പറയാന്‍ പറ്റില്ല.

ഒരു മാസ് കാരക്ടര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടോ?

ഉണ്ട്. അത് ആള്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഉറപ്പുവരുന്ന ഒരു സാഹചര്യത്തില്‍ ചെയ്യാം എന്നാണ്.

ഏറ്റവും വലിയ സ്വപ്നം?

കുറച്ച് അധികം സ്വപ്നങ്ങളുണ്ട്. ഇപ്പോള്‍ പറയാന്‍ പറ്റുന്ന സ്വപ്നം മലയാളസിനിമയില്‍ ഇനിയും ഒരുപാട് കാലം നിലനില്‍ക്കുക, ഒരുപാട് വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സിനിമകളുടെ ഭാഗമാവുക.

സംവിധാനം ചെയ്യാന്‍ താല്പര്യമുണ്ടോ?

ഒരുപാട് ആഗ്രഹമുണ്ട്. ഷോര്‍ട്ട് ഫിലിം ചെയ്യുന്ന കാലത്ത് ചിലതൊക്കെ ഞാന്‍ തന്നെയാണ് സംവിധാനം ചെയ്യുക. ഞാനൊരു മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു, അതില്‍ അഭിനയിക്കുകയും ചെയ്തു. എപ്പോഴെങ്കിലും പൂര്‍ണ്ണബോധ്യം വരുന്ന ഒരു കാലത്ത് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

എഴുതുമോ?

ഞാന്‍ കഥയെഴുതും, പക്ഷേ, തിരക്കഥാ രൂപത്തില്‍ മുഴുവനായി എഴുതിയിട്ടില്ല. ഞങ്ങള്‍ കൂട്ടുകാരുടെ ഒരു സംഘമുണ്ട്- നിതീഷ്, വാഴയുടെ സംവിധായകന്‍ ആനന്ദേട്ടന്‍ (ആനന്ദ് മേനോന്‍), 'ഓടും കുതിര ചാടും കുതിര'യിലൊക്കെ അഭിനയിക്കുന്ന അനുരാജ് തുടങ്ങിയവര്‍. അനുരാജും നിതീഷേട്ടനും ചേര്‍ന്ന് മമ്മൂക്കയുടെ പടം എഴുതുന്നുണ്ട്. സിനിമയില്‍ വരുംമുമ്പേ ഞങ്ങളൊക്കെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ എഴുതുന്ന കഥകള്‍ അങ്ങോട്ടുമിങ്ങോട്ടും പങ്കു വയ്ക്കാറുണ്ട്. എഴുതുന്നത് സൂക്ഷിച്ചു വയ്ക്കും, പറ്റുന്ന സാഹചര്യം വരുമ്പോള്‍ തിരക്കഥയായി ചെയ്യാമെന്ന രീതിയില്‍.

അപ്പോള്‍ മലയാള സിനിമ പേടിക്കണം, വരുന്നത് ഒരു ടോട്ടല്‍ പാക്കേജ് ആണ്

അയ്യോ, അങ്ങനെ പേടിക്കാനൊന്നുമില്ല. ആഗ്രഹങ്ങളൊക്കെ ചെറുതായി ചെയ്തു പോകുന്നു എന്നേയുള്ളൂ.

ഇന്‍സ്റ്റയിലെ ആരാധകര്‍?

വലിയതോതില്‍ ഫീഡ്ബാക്ക് വരുന്നുണ്ട് ഇപ്പോഴത്തെ തലമുറയുടെ ഒരു ഭാഗ്യം അതാണ്. പണ്ട് സിനിമ പുറത്തിറങ്ങിയാലേ ജനങ്ങളെത്രത്തോളം സ്വീകരിച്ചു എന്ന് അറിയാന്‍ കഴിയൂ. ഇന്ന് സാമൂഹ്യമാധ്യമങ്ങളിലെ ഫോളോവേഴ്സിന്‍റെ കമന്‍റ്സും മെസ്സേജുകളും ഒക്കെ വച്ച് നമുക്കൊരു സിനിമ എത്രത്തോളം റീച്ചായി, എന്താണ് പൊതു അഭിപ്രായം എന്തൊക്കെ ഏറക്കുറെ വ്യക്തമായി മനസ്സിലാക്കാം. ഞാന്‍ പ്രതീക്ഷിച്ചതിലും സ്വീകാര്യത സോഷ്യല്‍ മീഡിയയിലും മറ്റും എനിക്ക് കിട്ടുന്നുണ്ട്.

Read Entire Article