
നാഗാർജുന, ഇഷ കോപികർ | ഫോട്ടോ: www.facebook.com/IamNagarjuna, www.facebook.com/ishakoppikar1
ചന്ദ്രലേഖ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാഗാർജുനയിൽനിന്ന് 14 തവണ മുഖത്ത് അടികൊണ്ടതിനേക്കുറിച്ച് പറഞ്ഞ് നടി ഇഷ കോപികർ. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലാണ് തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിലെ അനുഭവം ഇഷ പങ്കുവെച്ചത്. ആക്ടിങ്ങിനോടുള്ള പ്രതിബദ്ധതയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പഴയ അനുഭവം ഇഷ ഓർത്തെടുത്തത്.
താൻ പൂർണ അർപ്പണബോധമുള്ള നടിയായിരുന്നെന്ന് ഇഷ കോപികർ പറഞ്ഞു. യഥാർത്ഥവും സ്വാഭാവികവുമായ രീതിയിൽ അഭിനയിക്കാനാണ് താൻ ആഗ്രഹിച്ചത്. അതുകൊണ്ട് നാഗാർജുന എന്നെ അടിച്ചപ്പോൾ എനിക്കത് യഥാർത്ഥത്തിൽ അടികൊള്ളുമ്പോഴെന്നപോലെ അനുഭവിക്കാൻ കഴിഞ്ഞില്ല. ശക്തിയായി അടിക്കാൻ നാഗാർജുനയോട് പറഞ്ഞെങ്കിലും അദ്ദേഹം വിസമ്മതിച്ചു. നിർബന്ധിച്ചപ്പോൾ അദ്ദേഹം അടിച്ചെങ്കിലും വളരെ പതുക്കെയായിരുന്നെന്നും ഇഷ ഓർമിച്ചു.
"ആഗ്രഹിച്ച ഭാവം ക്യാമറയിൽ പകർത്താൻ സംവിധായകന് ബുദ്ധിമുട്ടായതോടെ, ഒന്നിലധികം റീടേക്കുകൾ വേണ്ടിവന്നു. ദേഷ്യം അഭിനയിക്കാനുള്ള ശ്രമത്തിൽ എനിക്ക് 14 തവണ അടി കിട്ടി. ഒടുവിൽ, എൻ്റെ മുഖത്ത് അടിയുടെ പാടുകളുണ്ടായിരുന്നു. പാവം, അദ്ദേഹം എന്നോട് ക്ഷമ ചോദിച്ചു. ഞാനല്ലേ ആവശ്യപ്പെട്ടത്, എന്തിനാണ് നിങ്ങൾ ക്ഷമ ചോദിക്കുന്നത്? എന്ന് ഞാൻ തിരിച്ചുചോദിച്ചു." ഇഷ കോപികർ കൂട്ടിച്ചേർത്തു.
കൃഷ്ണവംശിയായിരുന്നു 'ചന്ദ്രലേഖ'യുടെ സംവിധായകൻ. പ്രിയദർശൻ സംവിധാനം ചെയ്ത ഇതേ പേരിലുള്ള സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്. ഇഷയ്ക്കും നാഗാർജുനയ്ക്കുമൊപ്പം രമ്യാ കൃഷ്ണൻ, മുരളി മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഹിന്ദി, തെലുങ്ക്, തമിഴ്, മറാഠി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. 2024-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ തമിഴ്ചിത്രമായ 'അയലാൻ'ലാണ് അവർ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ശിവകാർത്തികേയൻ, രാകുൽ പ്രീത് സിംഗ് എന്നിവർക്കൊപ്പമാണ് ഇഷ വേഷമിട്ടത്. നെഗറ്റീവ് റോളിലായിരുന്നു ഇഷ എത്തിയത്.
Content Highlights: Isha Koppikar Reveals Enduring 14 Slaps from Nagarjuna for Telugu Debut 'Chandralekha'





English (US) ·