Published: January 20, 2026 07:12 AM IST Updated: January 20, 2026 11:12 AM IST
1 minute Read
-
ഫൈനലിൽ മൊറോക്കോയെ തോൽപിച്ചത് 1–0ന്
റബാത് (മൊറോക്കോ)∙ ഇതിലും നാടകീയമായൊരു ഫൈനൽ പോരാട്ടത്തിന് ഫുട്ബോൾ ലോകം അടുത്തകാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ല. സ്റ്റേഡിയത്തിനു പുറത്ത് ആരാധകർ തമ്മിലുള്ള ഏറ്റമുട്ടലിൽ തുടങ്ങി, ഇൻജറി ടൈമിലെ വിവാദ പെനൽറ്റി കിക്കും ഗ്രൗണ്ടിൽ നിന്ന് കളിക്കാരുടെ ഇറങ്ങിപ്പോക്കും ഒടുവിൽ എക്സ്ട്രാ ടൈമിലെ വിജയഗോളും കണ്ട ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ, ആതിഥേയരായ മൊറോക്കോയെ 1–0ന് തോൽപിച്ച സെനഗൽ കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്കു കടന്ന മത്സരത്തിൽ, പാപ് ഗായ് ആണ് സെനഗലിന്റെ വിജയഗോൾ നേടിയത്. ആഫ്രിക്ക നേഷൻസ് കപ്പിൽ സെനഗലിന്റെ രണ്ടാം കിരീടനേട്ടമാണിത്. 2021ലായിരുന്നു ആദ്യത്തേത്.
സധൈര്യം സെനഗൽഅമിതാവേശം കാട്ടാതിരിക്കുക, പന്തവകാശം കൈവിടാതിരിക്കുക, ശരിയായ നിമിഷത്തിനായി കാത്തിരിക്കുക; ടൂർണമെന്റിൽ ഉടനീളം പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രമാണ് ഫൈനലിലും സെനഗൽ താരങ്ങൾ പുറത്തെടുത്തത്. കളത്തിനു പുറത്തെ വിവാദങ്ങളൊന്നും കളിയിൽ പ്രതിഫലിക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ആദ്യ പകുതിയിൽ പ്രതിരോധത്തിലൂന്നിക്കളിച്ച സെനഗൽ, വീണുകിട്ടിയ അവസരങ്ങളിൽ ഗോളിനായി ശ്രമിച്ചു. രണ്ടാം പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മൊറോക്കോ, ആക്രമണം കടുപ്പിച്ചെങ്കിലും സെനഗലിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ അവർക്കു സാധിച്ചില്ല.
മത്സരം എക്സ്ട്രാ ടൈമിലേക്കു കടക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇൻജറി ടൈമിന്റെ തുടക്കത്തിൽ മൂസ നിയാഖത്തിലൂടെ സെനഗൽ മുന്നിലെത്തുന്നത്. പക്ഷേ, ഗോളിനു തൊട്ടുമുൻപ് മൊറോക്കോ താരം അച്റഫ് ഹാക്കിമി ഫൗൾ ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയ റഫറി, ഗോൾ നിഷേധിച്ചു. തൊട്ടുപിന്നാലെ സെനഗൽ ബോക്സിൽ വച്ച് ബ്രാഹീം ഡീയസിനെ ഫൗൾ ചെയ്തതിന് മൊറോക്കോയ്ക്ക് പെനൽറ്റി കിക്ക് ലഭിച്ചു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയ സെനഗൽ താരങ്ങൾ റഫറിയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പിന്നാലെ മത്സരം മത്സരം ബഹിഷ്കരിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു. ഇതോടെ 15 മിനിറ്റോളം കളി തടസ്സപ്പെട്ടു. സീനിയർ താരം സാദിയോ മാനെ ഇടപെട്ടാണ് സെനഗൽ താരങ്ങളെ തിരികെ ഗ്രൗണ്ടിൽ എത്തിച്ചത്.
ബ്രാഹീം ഡീയസിന്റെ പെനൽറ്റി കിക്കോടെയാണ് മത്സരം പുനരാരംഭിച്ചത്. ‘പാനെങ്ക’ കിക്കിലൂടെ പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ശ്രമിച്ച ഡീയസിന് പിഴച്ചു. പന്ത് നേരെ സെനഗൽ ഗോളി എഡ്വേഡ് മെൻഡിയുടെ കൈകളിലേക്ക്. കൈവിട്ട മത്സരം തിരിച്ചുപിടിച്ച ആവേശത്തിലാണ് പിന്നാലെ എക്സ്ട്രാ ടൈമിൽ സെനഗൽ താരങ്ങൾ കളത്തിലിറങ്ങിയത്. അതിന്റെ ഫലം നാലാം മിനിറ്റിൽ തന്നെ അവർക്കു ലഭിച്ചു. മൊറോക്കോ ബോക്സിനു പുറത്തുനിന്നു പാപ് ഗായ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് നേരെ വലയിലേക്ക്. സെനഗൽ– 1, മൊറോക്കോ– 0. പിന്നാലെ സമനില ഗോളിനായി മൊറോക്കോയുടെ തുടരാക്രമണങ്ങൾ. പക്ഷേ, സെനഗലിന്റെ ചെറുത്തുനിൽപിനെ മറികടക്കാൻ അവർക്കു സാധിച്ചില്ല. ജയവും കിരീടവും നേരെ സെനഗലിലേക്ക്.
English Summary:








English (US) ·