നാടകീയം; ഐ-ലീ​ഗ് അവസാനിച്ചു, ഗോകുലം തോറ്റു, ചർച്ചിൽ മുന്നിൽ, ജേതാക്കളെ തീരുമാനിക്കുന്നത് അപ്പീൽഫലം

9 months ago 8

06 April 2025, 06:49 PM IST

churchil brothers

ചർച്ചിൽ താരങ്ങൾ | Photo:X.com

കോഴിക്കോട്: നാടകീയത നിറഞ്ഞ അവസാനമത്സരങ്ങള്‍ക്കൊടുക്കം അതിലും നാടകീയമായ ക്ലൈമാക്‌സിനാണ് ഐ ലീഗ് സാക്ഷ്യം വഹിക്കുന്നത്. ലീഗിലെ എല്ലാം മത്സരങ്ങളും അവസാനിച്ചപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ് ഒന്നാമത്. എന്നാല്‍ കിരീടം നേടുമോ എന്നറിയാന്‍ കാത്തിരിക്കണം. ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകിയ അപ്പീൽഫലം വന്നാൽ മാത്രമേ ചിത്രം വ്യക്തമാകൂ. അപ്പീൽഫലം അനുകൂലമായാൽ ഇന്റർകാശിക്ക്‌ മൂന്നുപോയന്റ് ലഭിക്കും. കിരീടവും ലഭിക്കും. ഏപ്രിൽ 28-നാണ് വിധി.

അവസാനമത്സരങ്ങളില്‍ ഇന്റര്‍ കാശി രാജസ്ഥാനെ കീഴടക്കിയപ്പോള്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്-റിയല്‍ കാശ്മിര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്റര്‍ കാശി ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. റിയല്‍ കശ്മീറും ചര്‍ച്ചിലും ഓരോഗോള്‍വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അതേസമയം ഡെംപോ എഫ്‌സിയോട് ഗോകുലം കേരള പരാജയപ്പെട്ടു.

മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. 11 മിനിറ്റിനിടെ തന്നെ രണ്ടുഗോളുകള്‍ നേടി ഗോകുലം മുന്നിലെത്തിയിരുന്നെങ്കിലും ഡെംപോ മത്സരത്തിലേക്ക് തിരിച്ചുവന്നു. 3-3 എന്ന നിലയില്‍ മത്സരം സമനിലയില്‍ അവസാനിക്കാനിരിക്കേയാണ് ഡെമ്പോയുടെ നാലാംഗോള്‍ ഗോള്‍പിറന്നത്. അതോടെ ​ഗോകുലത്തിന്റെ കിരീടപ്രതീക്ഷ അവസാനിച്ചു.

22 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ചര്‍ച്ചിലാണ് പട്ടികയില്‍ ഒന്നാമത്. ഇന്റര്‍ കാശി 39 പോയന്റുകളുമായി രണ്ടാമതാണ്. റിയല്‍ കശ്മിര്‍ മൂന്നാമതും ഗോകുലം നാലാമതുമാണ്. പട്ടികയില്‍ മുന്നിലാണെങ്കിലും ചര്‍ച്ചിലിന് കിരീടം ഉറപ്പായില്ല. നാംധാരിക്കെതിരായ മത്സരത്തിലെ അപ്പീൽഫലം നിർണായകമാണ്. നാംധാരിക്കെതിരായ മത്സരത്തിൽ ഇന്റർ കാശി തോറ്റിരുന്നു. എന്നാൽ, അയോഗ്യതയുള്ള കളിക്കാരനെ എതിരാളികൾ ഇറക്കി എന്നാരോപിച്ച് ഇന്റർ കാശി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് അപ്പീൽനൽകിയിട്ടുണ്ട്. അതിലെ വിധി അനുകൂലമായാൽ ടീമിന് മൂന്നുപോയിന്റ് ലഭിക്കും. അങ്ങനെയെങ്കിൽ ടീമിന് ലീ​ഗ് കിരീടവും ലഭിക്കും. ഈ വിധിക്ക് ശേഷം മാത്രമേ ജേതാക്കളുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: one league 2024-25 rubric scenarios

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article