
ആനക്കയം ഭാഗത്ത് കടത്തിണ്ണയിൽ നെയ്തുതീർത്ത ഈറ്റയുത്പന്ന അറുമുഖവും മകൻ ഭഗവതി രാജുവും | Photo: Mathrubhumi
കുടയത്തൂർ: തങ്ങളുടെ ജീവിതവേഷം തന്നെ വെള്ളിത്തിരയിലും അവതരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ അച്ഛനും മകനും. ടൊവിനോ തോമസ് നായകനായ പള്ളിച്ചട്ടമ്പി എന്ന സിനിമയിൽ ഈറ്റനെയ്‌ത്ത് തൊഴിലാളികളുടെ വേഷം അവതരിപ്പിക്കാനുള്ള അവസരമാണ് തേനി സ്വദേശികളായ അറുമുഖത്തിനും മകൻ ഭഗവതി രാജുവിനും ലഭിച്ചിരിക്കുന്നത്.
നാടെങ്ങും ചുറ്റിത്തിരിഞ്ഞ് ഈറ്റവെട്ടി കുട്ടയും വട്ടിയുമൊക്കെയുണ്ടാക്കി ഉപജീവനം നടത്തുന്നവരാണ് നാടോടികളായ ഈ അച്ഛനും മകനും. കോരിച്ചൊരിയുന്ന മഴക്കാലത്തും കടത്തിണ്ണകളിലാണ് ഉറക്കം. ഈറ്റവെട്ടാൻ മലയും കാടും കയറുന്നതിലും മുടക്കമില്ല. ഇത്തവണ കാഞ്ഞാറിൽ വന്നപ്പോഴാണ് ഈറ്റനെയ്ത്തറിയാവുന്നവരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് സിനിമയുടെ അണിയറ പ്രവർത്തകർ സമീപിച്ചത്. ഇരുവരും സമ്മതിച്ചു. വയനക്കാവിന് സമീപമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
മുമ്പ് ചില സീസണുകളിലാണ് കേരളത്തിലെത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ മിക്കവാറും നാട്ടിലാണ്. ഈറ്റ വെട്ടുന്നു. കുട്ടയുണ്ടാക്കുന്നു. മൂവായിരം രൂപ കിട്ടുന്നതോടെ നാട്ടിലേയ്ക്ക് മടങ്ങും. അറുമുഖത്തിന്റെ ഭാര്യ പഞ്ചവർണവും ഭഗവതിയുടെ ഭാര്യ ശരണ്യയും മക്കളായ അഭിനയയും വെട്രിമാരനും തമിഴ്‌നാട്ടിലാണ്.
അറുമുഖത്തിന്റെ അച്ഛന്റെ കാലം മുതൽ നാടുനീളെ കറങ്ങി കുട്ടനെയ്താണ് ഇവർ ജീവിതം കഴിയുന്നത്. അന്നു കുളമാവ് കേന്ദ്രീകരിച്ചായിരുന്നു ജോലി. തമിഴ്‌നാട്ടിൽ നിന്നുള്ള 20 കുടുംബങ്ങൾ ഇവർക്കൊപ്പം ഈറ്റ നെയ്ത് ജീവിക്കുന്നുണ്ടായിരുന്നു. കോവിഡ് വന്നതോടെ 18 കുടുംബങ്ങളും ഈ തൊഴിൽവിട്ടു. മറ്റൊന്നുമറിയാത്തതിനാലും പരമ്പരാഗതതൊഴിൽ നഷ്ടപ്പെടാൻ ഇഷ്ടമില്ലാത്തതിനാലും അച്ഛനും മകനും കുട്ടനെയ്‌ത്ത് ഉപേക്ഷിച്ചില്ല.
മുൻപ് കപ്പവാട്ട് സമയത്തായിരുന്നു ഇവിടെയെത്തിയിരുന്നത്. പ്ലാസ്റ്റിക് കുട്ടകൾ വന്നതോടെ വലിയ വല്ലത്തിനും കുട്ടയ്ക്കും ആവശ്യക്കാരില്ലാതായി. കപ്പവാട്ടും കുറവായി. അതിനാൽ ചെറിയ കുട്ടകളും മറ്റു സാധനങ്ങളുമാണ് ഉണ്ടാക്കി വിൽക്കുന്നത്.പണ്ടുമുതൽ ഈ ഭാഗത്തെത്തുമ്പോൾ കാഞ്ഞാറിലാണ് ഇവർ തമ്പടിക്കുന്നത്. ചക്കിക്കാവ്, അഞ്ചിരി, ആനക്കയം തുടങ്ങിയ ഭാഗങ്ങളിൽ നിന്നൊക്കെയാണ് ഈറ്റവെട്ടുന്നത്.
Content Highlights: Father & Son`s Real-Life Story successful Pallichattambi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·