പ്രസിദ്ധ സ്പിന്‍ ബൗളറായ പദ്മാകര്‍ ശിവാല്‍ക്കര്‍ കഴിഞ്ഞ ദിവസം 84ാം വയസ്സില്‍ അന്തരിച്ചു. ഇടങ്കൈ സ്പിന്നറായ അദ്ദേഹത്തിന്റെ പ്രശസ്തി മുഴുവന്‍ രഞ്ജി ട്രോഫി മത്സരങ്ങളുള്‍പ്പെടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് രൂപമെടുത്തതായിരുന്നു.ആകെ 589 വിക്കറ്റുകള്‍, അതില്‍ 361 മുംബൈക്ക് ( ബോംബെ ) വേണ്ടി രഞ്ജി ട്രോഫിയില്‍ നിന്ന് ശരാശരി 19.69.65-66ല്‍ തുടങ്ങി 76-77 ല്‍ ബോംബെ 10 തവണ ചാമ്പ്യന്മാരായപ്പോള്‍ പത്തിലും പാഡി എന്ന ശിവാല്‍ക്കര്‍ ഉണ്ട്.72 -73ല്‍ തമിഴ്നാടിനെതിരെയുള്ള ഫൈനലില്‍ ചുഴലിയായി മാറിയ ചെപ്പോക്കിലെ പിച്ചില്‍ രണ്ട് ദിവസവും ഒരു പന്തും കളിച്ച് ബോംബെ ചാമ്പ്യന്മാരായപ്പോള്‍ ശിവാല്‍ക്കര്‍ 16 റണ്‍സ് മാത്രം വഴങ്ങി 8 വിക്കറ്റ് നേടുകയുണ്ടായി. 47-ാം വയസ്സില്‍ അദ്ദേഹം റിട്ടയര്‍മെന്റില്‍ നിന്ന് തിരിച്ചുവന്ന് ബോംബെയ്ക്ക് വേണ്ടി രഞ്ജിയില്‍ രണ്ടു കളി കൂടി കളിച്ചു. ഇദ്ദേഹം ടെസ്റ്റ് കളിച്ചിട്ടേയില്ല.
ഹരിയാണക്കാരനായ മറ്റൊരു ഇടങ്കൈ സ്പിന്നര്‍ രാജീന്ദര്‍ ഗോയലിനൊപ്പമാണ് ശിവാല്‍ക്കറെ ഉള്‍പെടുത്താറുള്ളത്. ഇരുവരും ബിഷന്‍ സിങ്ങ് ബേദിയുടെ കാലത്ത് കളിച്ചവരായതിനാല്‍ ടെസ്റ്റ്ടീമിലേക്കുള്ള ഇവരുടെ വഴി തടസ്സപ്പെട്ടു. ഇരുവരേയും ബിസിസിഐ, സമഗ്രസംഭാവനക്കുള്ള സികെ നായിഡു ട്രോഫി സമ്മാനിച്ച് 2017ല്‍ ആദരിക്കുകയുണ്ടായി. ടെസ്റ്റ് കളിക്കാന്‍ കഴിയാത്ത വേദനയ്ക്ക് വാര്‍ധക്യത്തില്‍ ചെറിയൊരു ലേപനം. ശിവാല്‍ക്കറുടെ കളി സംബന്ധിച്ച ഈ ചെറിയ വിവരണത്തില്‍ നിന്നു തന്നെ കളിയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ബോംബെ ടീമുമായി അദ്ദേഹത്തിനുള്ള അഗാധമായ ബന്ധവും മനസ്സിലാവും. മറ്റൊരു കാര്യം കൂടി വ്യക്തമാവും. രഞ്ജി ട്രോഫിയിലെ നേട്ടം അതിന്റെ പത്തരമാറ്റ് ശൂദ്ധിയില്‍ മറ്റേതു വിജയവും പോലെ തിളങ്ങുന്ന ഒന്നു തന്നെ. കുറെ വര്‍ഷങ്ങള്‍ സഞ്ചരിച്ച കേരളം നടാടെ ഫൈനല്‍ കളിച്ച് ട്രോഫി നേടാതെയാണ് മടങ്ങിയതെങ്കിലും അനേകം ടെസ്റ്റ് താരങ്ങളെ സമ്മാനിച്ച മറ്റു ടീമുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ നേട്ടം അപൂര്‍വം. സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍, ഏറ്റവും മികച്ച കളിക്കാരന്‍ സഞ്ജു സാംസണെ കൂടാതെയാണ് കേരളം ഈ നേട്ടമുണ്ടാക്കിയത് എന്നും ഓര്‍ക്കണം. ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവ് ഇപ്പോള്‍ എല്ലാ മൂലയിലേക്കും പടര്‍ന്നതും പരിശീലകരുടെ സേവനം ലഭ്യമായതും ഈ കയറ്റത്തിന് കാരണമാണ്. കോച്ച് അമയ് ഖുറാസിയയുടെ സേവനം കളിക്കാര്‍ തന്നെ എടുത്തു പറഞ്ഞിട്ടുള്ളതാണ്.
അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് പല രൂപങ്ങളായി മാറിക്കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമുകളില്‍ കളിക്കുന്നവര്‍ പലരും നാട്ടു മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്. ഓസ്ട്രേലിയയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് തുടങ്ങിയ കളിക്കാര്‍ രഞ്ജി ട്രോഫി കളിക്കാന്‍ ഇറങ്ങുകയുണ്ടായി. കോലി കളിക്കുന്നതിനാല്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ കളി കാണാന്‍ കാണികള്‍ തിങ്ങിക്കൂടിയിരുന്നു! സാധ്യമായ അവസരങ്ങളില്‍ ഇങ്ങനെ മുന്‍നിര കളിക്കാര്‍ നാട്ടു മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിരുന്നുവെങ്കില്‍ ആ കളികളില്‍ കാണികളുടെ താല്പര്യം വര്‍ധിക്കുമെന്നു വ്യക്തം. അന്താരാഷ്ട്ര കലണ്ടര്‍ ഇതിനുള്ള പഴുതുകള്‍ തുറന്നിടുന്നുണ്ട് എന്നു തോന്നുന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങള്‍, ടെസ്റ്റോ ,ഏകദിനമൊ ,ടി ട്വന്റിയൊ മാത്രമല്ല കളിയെന്ന് വിദര്‍ഭയുടെ ജയവും കേരളത്തിന്റെ ഫൈനല്‍ പ്രവേശവും കാട്ടിത്തരുന്നു. രണ്ടു ദശാബ്ദക്കാലം ബോംബെ ടീമിലെ ഡ്രസ്സിങ് റൂമിന്റെ ഭാഗമായിരുന്ന ശിവാല്‍ക്കറെപ്പോലെ ഒരാള്‍ അങ്ങോട്ട് കൊണ്ടുവരുന്ന കളിയുടെ ചരിത്രവും അനുഭവവും കാണികളുമായി അദ്ദേഹമുണ്ടാക്കുന്ന വൈകാരിക ബന്ധവും എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നില്ലെങ്കിലും ഒരു ടീമിന്റെ ഭാഗമായി മാറുന്ന കളിക്കാര്‍ പ്രാദേശികമായെങ്കിലും അത്ര തന്നെ പ്രശസ്തി അര്‍ഹിക്കുന്നവരാണ്. കേരള രഞ്ജി ടീമിലും അത്തരം കളിക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. അവരെക്കുറിച്ചുള്ള തിരിച്ചറിവ് ഇപ്രാവശ്യം വേണ്ടത്രയുണ്ടായി എന്നതാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം കൊണ്ടുവന്ന നേട്ടങ്ങളിലൊന്ന്. കളിയെ സ്ഥിരമായി ശ്രദ്ധിക്കുന്നവരുടെ മണ്ഡലത്തിന് പുറത്തു നിന്നുള്ളവര്‍ക്കും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും അതുവഴി തുറന്നു. തുടര്‍ന്നും അതിനുള്ള അവസരമുണ്ടാകും എന്ന് ആശിക്കുന്നു.
മുമ്പ് രഞ്ജി ട്രോഫി മേഖലാ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരുന്ന വേളയില്‍ ഹൈദരാബാദും തമിഴ്നാടും കര്‍ണാടകയും അടങ്ങുന്ന ദക്ഷിണ മേഖലയില്‍ നിന്ന് കേരളത്തിന് പുറത്തുകടക്കുക പ്രയാസമായിരുന്നു. ആ അവസ്ഥ മാറിയിട്ടുണ്ട്. പഴയ രീതിയില്‍ തന്നെ കളി നടത്തിയാലും മുന്നേറാന്‍ കഴിയുന്ന ശേഷി കേരളത്തിന് ഇന്നുണ്ട്. ഇപ്പോഴത്തെ രീതി പല സ്വഭാവത്തിലുള്ള ടീമുകളുമായി കളിക്കാനും അതു വഴി അനുഭവജ്ഞാനം വര്‍ധിപ്പിക്കുവാാനുമുള്ള അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു.
രഞ്ജി ട്രോഫി മേഖല മത്സരങ്ങളില്‍ നിന്നാണ് പഴയ ടെസ്റ്റ് താരങ്ങളുടെ കളി കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അന്നത്തെ കണ്ണൂര്‍,തലശ്ശേരി പോലുള്ള ചെറു പട്ടണങ്ങളില്‍ അവര്‍ വന്നു കളിച്ചിരുന്നു. കണ്ണൂരില്‍ വെച്ച് പട്ടൗഡി, ജയസിംഹ, ആബിദലി, ജയന്തിലാല്‍, അബ്ബാസ് അലി ബെയ്ഗ്, കൃഷ്ണമൂര്‍ത്തി എന്നീ ഹൈദരാബാദുകാരുടെയും തമിഴ്നാടിന്റെ വെങ്കട്ടരാഘവന്റെയും തലശ്ശേരിയില്‍ വെച്ച് ഗുണ്ടപ്പ വിശ്വനാഥ്, പ്രസന്ന, ചന്ദ്രശേഖര്‍, കിര്‍മാനി തുടങ്ങി കര്‍ണാടകക്കാരായ പ്രഗത്ഭതാരങ്ങളുടെയും കളി അങ്ങനെ കാണാന്‍ കഴിഞ്ഞു. അനില്‍ കുംബ്ലെ, റോബിന്‍ സിംഗ് തുടങ്ങി മറ്റൊരു തലമുറയുടെ കളിയും ഇതു പോലെ തന്നെയാണ് കണ്ടിട്ടുള്ളത്. കേരളത്തിന് ഈ കളികളില്‍ സാധ്യത കുറവായിരുന്നുവെങ്കിലും ടെസ്റ്റ് താരങ്ങളുടെ കളി കാണാനുള്ള അവസരം ആരാണ് പാഴാക്കുക !അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഈ കളികള്‍ അവസാനിച്ചത്, കേരളം തോറ്റുവെങ്കിലും.
കവറില്‍ ഫീല്‍ഡ് ചെയ്യുന്ന പട്ടൗഡി അധികം പുല്ലില്ലാത്ത കണ്ണൂര്‍ കോട്ടമൈതാനത്ത് പന്തിന് പിന്നാലെ മിന്നല്‍ വേഗത്തില്‍ കുതിക്കുന്നത് അപൂര്‍വമായ കാഴ്ചയായിരുന്നു. കിരീടം നഷ്ടപ്പെട്ടുവെങ്കിലും ഹരിയാണയിലെ നന്നെ ചെറിയ നാട്ടുരാജ്യത്തിന്റെ പേരാണല്ലോ പട്ടൗഡി വഹിക്കുന്നത്. ഒരു രാജകുമാരന്‍ പന്തിന് പിന്നാലെ ഇങ്ങനെ ഓടുകയോ !ഞങ്ങള്‍ അന്ന് അത്ഭുതപ്പെട്ടു. പട്ടൗഡി അന്ന് ഇന്ത്യന്‍ ക്യാപറ്റനാണെങ്കിലും ഹൈദരാബാദിനെ നയിച്ചിരുന്നത് ജയസിംഹയായിരുന്നു. കേരളം പടപടെ നാലു വിക്കറ്റ് വീഴ്ത്തിയതോടെ പട്ടൗഡിയുടെ ബാറ്റിംഗ് കാണികള്‍ക്ക് ആസ്വദിക്കാനാവാതെ പോയി. ഹൈദരാബാദ് ഫീല്‍ഡിങ് തുടങ്ങും മുമ്പ് ബൗളറുടെ റണ്ണപ്പിന്റെ അറ്റത്തു വെച്ച് ജയസിംഹ ദീര്‍ഘനേരം മീഡിയം പേസര്‍ ഡി.ഗോവന്ദരാജിനെ ' ബ്രീഫ് ' ചെയ്തതും വാസ്തവത്തില്‍ അത്ഭുതക്കാഴ്ച തന്നെയായിരുന്നു. കാരണം വളരെ നീണ്ടു നിന്നു അത്. ഗോവിന്ദരാജ് അതിന് തൊട്ടുമുമ്പ് 1971ല്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റിന്‍ഡീസിലേക്കും പിന്നീട് ഇംഗ്ലണ്ടിലേക്കും പോയിട്ടുണ്ട്. ടീമിലെ ഏക പേസറായിട്ടും അദ്ദേഹത്തിന് ടെസ്റ്റില്‍ കളിക്കാന്‍ അവസരം കിട്ടുകയുണ്ടായില്ല.
തലശ്ശേരിയില്‍ ചന്ദ്രശേഖറുടെയും പ്രസന്നയുടെയും സ്പിന്‍ നിലച്ചക്രങ്ങള്‍ക്ക് മുന്നില്‍ കേരള ബാറ്റ്സ്മാന്‍മാര്‍,കൂച്ചുവിലങ്ങിട്ട് കാരക്കോല്‍ ചാരിവെച്ചതു പോലെ നിശ്ചലരായി നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും കണ്ടു.ദൂരെ ഗ്യാലറിയിലിരുന്ന് എന്തു കൊണ്ടാണ് ഈ പന്തുകള്‍ കളിക്കാന്‍ കഴിയാത്തത് എന്ന് മനസ്സിലാക്കുക വിഷമം.ഇന്ന് ടി വിയില്‍ അതു കാണാം ! എന്നാല്‍ പട്ടൗഡിക്ക് കണ്ണൂരില്‍ സംഭവിച്ചതു പോലെ ജി ആര്‍ വിശ്വനാഥിന് ബാറ്റു കൊണ്ട് ശോഭിക്കാനാവാതെ പോയത് ഞങ്ങള്‍ക്ക് വലിയ നഷ്ടമായി.പിന്നീട് അതേ സ്ഥലത്ത് കുംബ്ലെ വന്ന് പന്ത് കറക്കിയപ്പോഴും ഇതേ അവസ്ഥയുണ്ടായി.അന്നും എന്താണ് കുംബ്ലെ ചെയ്യുന്നതെന്ന് ദൂരെ നിന്ന് നോക്കിയാല്‍ മനസ്സിലാവില്ല . ശാന്തമായ യാഗവേദിയില്‍ നിന്ന് ഇടക്ക് ഒരു ഹൗസ്ദാറ്റ് ഉയരുമ്പോഴേ പന്ത് എന്തോ ചെയ്തുവെന്ന് മനസ്സിലാവൂ.സത്യം പറയണമല്ലോ , ടിവി വന്നിട്ടും കുംബ്ലെ എന്താണ് ചെയ്യുന്നുവെന്നത് ശരിക്കും മനസ്സിലായിട്ടില്ല!തലശ്ശേരിയില്‍ അപ്പോഴേക്കും ചന്ദ്രശേഖറും പ്രസന്നയും ബൗള്‍ ചെയ്ത ചൂടിപ്പായ വിരിച്ച പിച്ച് ,ശരിയായ നിലം മാത്രമായ പിച്ചായി മാറിക്കഴിഞ്ഞിരുന്നു.ഈ ലേഖകന്റെ സ്ഥാനം അപ്പോഴേക്കും പ്രസ്ബോക്സിലേക്കും മാറിയിരുന്നു.ടോസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുംബ്ലെയോട് പിച്ചിന്റെ അവസ്ഥ എന്താണ് എന്ന് ചോദിച്ചതിന് തീഷ്ണമായ നോട്ടം മാത്രമായിരുന്നു മറുപടി.
കുംബ്ലെയെ നമ്മള്‍ കുറച്ച് മലയാളിയാക്കി ആഹ്ലാദിച്ചിരുന്നതാണ്.അദ്ദേഹത്തിന്റെ മുത്തച്ഛനാണെന്ന് തോന്നുന്നു കാസര്‍കോടിനടത്തുള്ള കുമ്പള സ്വദേശിയാണെന്ന് കരുതിയാണ് നമ്മള്‍ ഇതു ചെയ്തത്.സി കെ ഭാസ്‌കറെയും സുനില്‍ വല്‍സനെയും അബി കുരുവിളയെയും അതു പോലെ, മലയാളികളായതു കാരണം ,നമ്മള്‍ നമ്മുടെ കളിക്കാരായി കണ്ടു.റോബിന്‍ ഉത്തപ്പയെക്കുറിച്ചും നമ്മള്‍ അഭിമാനം കൊണ്ടു. കരുണ്‍ നായരും ദേവദത്ത് പടിക്കലും പിന്നീട് വന്നവരാണ്.ടിനു യോഹന്നാനിലുടെ ശ്രീശാന്തിലൂടെ ഇപ്പോള്‍ സഞ്ജു സാംസണിലൂടെ നമ്മള്‍ക്ക് അഭിമാനിക്കാന്‍ ഹോം മെയ്ഡ് കളിക്കാരുണ്ടായിരിക്കുന്നു.
മുമ്പെ തന്നെ മേഖല സമ്പ്രദായം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ ഗാവസ്കറൊ കപില്‍ ദേവോ കേരളത്തില്‍ വന്ന് കളിക്കുമായിരുന്നു. എന്നാല്‍ യാത്രാ സൗകര്യം പരിമിതമായ ഒരു കാലത്ത് അങ്ങനെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക ക്ലേശകരമായതിനാല്‍ അതു സംഭവിക്കാന്‍ സാധ്യതയില്ലായിരുന്നു. സൗകര്യങ്ങള്‍ വര്‍ധിച്ചത് ടൂര്‍ണമെന്റിന്റെ സമ്പ്രദായം മാറ്റാന്‍ സഹായിച്ചു. അങ്ങനെ രഞ്ജി ട്രോഫി ശരിക്കും അഖിലേന്ത്യ ടൂര്‍ണമെന്റായി,കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമുകളിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയും തെളിഞ്ഞു.
വലിയ കളിക്കാര്‍ക്ക് കളിക്കാന്‍ കഴിയാത്തതിനാല്‍ നാട്ടു ടൂര്‍ണമെന്റുകള്‍ക്ക് ലഭിക്കുന്ന ശ്രദ്ധ കുറഞ്ഞിട്ടുണ്ട് എന്നു വരാം. കേരളം മുന്നേറിയിരുന്നില്ലയെങ്കില്‍ നമ്മുടെ ശ്രദ്ധ അവസാനത്തെ അറ്റം വരെ സഞ്ചരിക്കുമായിരുന്നോ എന്ന് സംശയമുണ്ട്. ഇന്ത്യന്‍ ടീമംഗങ്ങള്‍ കളിക്കുന്ന സാഹചര്യമില്ലാതായതിനാലാണ് ഇത് സംഭവിച്ചിുള്ളത്.വിശ്വനാഥോ പട്ടൗഡിയൊ വന്നു കളിച്ചതു പോലെ നാട്ടു ടൂര്‍ണമെന്റില്‍ ഇനി ഒരു വിരാട് കോലിയൊ ജസ്പ്രീത് ബുംറയൊ കേരളത്തില്‍ വന്നു കളിക്കുമെന്നു തോന്നുന്നില്ല. ഈ അവസ്ഥയ്ക്ക് കാരണങ്ങളുണ്ടെങ്കിലും ഇത് ശരിയാണോ എന്നു ചോദിച്ചാല്‍ അല്ല. ഫുട്ബോളില്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ അത്രതന്നെഒരു വേള അതേക്കാളധികം നാട്ടു ടൂര്‍ണമെന്റുകളോടാണ് പ്രിയം. ലീഗിനു പുറമെ ക്ലബ്ബുകള്‍ നോക്കൗട്ട് ടൂര്‍ണമെന്റുകളിലും എതിരാളികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ കളിക്കുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ക്ലബ്ബുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും ചിലപ്പോള്‍ ലിവര്‍പൂള്‍ എഫ് എ കപ്പില്‍ പ്ലിമത്ത് ആര്‍ഗൈലിനോട് തോല്‍ക്കുന്നു. പ്ലിമത്ത് ഇതേ വരെ ഒന്നാം തട്ടില്‍ കളിച്ചിട്ടില്ലെങ്കിലും അവര്‍ക്ക് ലിവര്‍പൂളിനെ സ്വന്തം ഗ്രൗണ്ടില്‍ നേരിടാനും ചിലപ്പോളെങ്കിലും അതു പോലുള്ള ടീമുകളെ തോല്‍പ്പിക്കാനും അവസരം ലഭിക്കുന്നു.
മുമ്പ് ' ദ ഹിന്ദു ' പോലുള്ള പത്രങ്ങള്‍ ഇംഗ്ലീഷ് കൗണ്ടി ലീഗിന്റെ ഫലങ്ങള്‍ കൊടുത്ത സമയമുണ്ടായിരുന്നു. വിദേശ താരങ്ങള്‍ കൗണ്ടി ടീമുകള്‍ക്കുവേണ്ടി കളിക്കുന്നു എന്ന കൗതുകവും അതു കൊണ്ടുവരുന്ന നിലവാരവും ഇതിന് പിറകിലുണ്ട്. സോമര്‍സെറ്റും യോര്‍ക്ക്ഷയറും നോര്‍താംപ്ടണ്‍ഷയറും മറ്റും അങ്ങനെയാണ് വായനക്കാര്‍ക്ക് പരിചിതമായത്. ഒരു സമയത്ത് ഓസ്ട്രേല്യയിലെ ഷെഫീല്‍ഡ് ഷീല്‍ഡിന്റെ വരെ വിവരങ്ങള്‍ ഇതു പോലെ പത്രത്തില്‍ വന്നിരുന്നു. ഗാരി സോബേഴ്സും ബാരി റിച്ചാര്‍ഡ്സും മറ്റും അവിടെയും ചെന്ന് കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കാരനായ റിച്ചാര്‍ഡ്സ് 1970 ല്‍ സൗത്ത് ഓസ്ട്രേല്യക്ക് വേണ്ടി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരേ ഒറ്റ ദിവസം 325 റണ്‍സ് നേടുകയുണ്ടായി.പിറ്റേ ദിവസം 356 റണ്‍സേടുത്താണ് റിച്ചാര്‍ഡ്സ് പുറത്തായത്.48 ഫോര്‍ ഒരു സിക്സര്‍.381 പന്തുകള്‍ ,സ്ട്രൈക്ക് റേറ്റ് 93.43. എതിര്‍ നിരയില്‍ ഗ്രേയം മെക്കന്‍സി ,ഡെന്നിസ് ലില്ലി,ടോണി ലോക്ക് തുടങ്ങിയ ബൗളര്‍മാര്‍ ഉണ്ട്.സൗത്ത് ഓസ്ട്രേല്യയ ഇന്നിംഗ്സ് വിജയം നേടി. നാട്ടു ടൂര്‍ണമെന്റുകളില്‍ പാഡി ശിവാല്‍ക്കറും ബാരി റിച്ചാര്‍ഡ്സും തങ്ങളുടെ ക്രിക്കറ്റ് കളിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയുണ്ടായി. ദേശീയ ടീമുകളില്‍ കളിച്ചാലും ഇല്ലെങ്കിലും രഞ്ജി ട്രോഫി കളിക്കാര്‍ക്കും അതു സാധിക്കും.








English (US) ·