Published: December 28, 2025 04:38 PM IST Updated: December 29, 2025 09:29 AM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ മാറ്റാൻ ബിസിസിഐ ആലോചിച്ചിരുന്നതായി വിവരം. ഏഷ്യാകപ്പും ചാംപ്യൻസ് ട്രോഫിയും വിജയിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റിൽ ഗംഭീർ കരുത്തു തെളിയിച്ചപ്പോഴും റെഡ് ബോളിൽ ഗംഭീർ വലിയ സമ്മർദത്തിലാണ്. ടെസ്റ്റില്‍ പ്രതീക്ഷിച്ച ഫലം കിട്ടാതെപോയതോടെയാണ് ഗംഭീറിനെ പുറത്താക്കാൻ ബിസിസിഐ ശ്രമിച്ചത്.
മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിനെ പുതിയ പരിശീലകനാക്കാനായിരുന്നു ബിസിസിഐയുടെ ശ്രമം. എന്നാൽ ഭാരിച്ച ചുമതല ഏറ്റെടുക്കാൻ മടിച്ച ലക്ഷ്മൺ, നിലവിലുള്ള ജോലിയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ബിസിസിഐ സെന്റർ ഓഫ് എക്സലൻഡിന്റെ ഡയറക്ടറാണ് ലക്ഷ്മൺ. ടെസ്റ്റ് ടീം കോച്ചാകാൻ ബിസിസിഐ നല്‍കിയ ഓഫർ ലക്ഷ്മൺ തള്ളിക്കളയുകയായിരുന്നു.
നിലവിൽ 2027 ഏകദിന ലോകകപ്പ് വരെ ഗംഭീറിന് ഇന്ത്യൻ ടീം പരിശീലകനായി കരാറുണ്ട്. ഗംഭീർ അത്രയും കാലം തുടരില്ലെന്നാണ് അഭ്യൂഹങ്ങൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം അനുസരിച്ചിരിക്കും ഗംഭീറിന്റെ ഭാവി. ഇന്ത്യ കപ്പ് നേടുകയോ, ഫൈനലിലെത്തുകയോ ചെയ്താൽ ഗംഭീർ തന്നെ പരിശീലകനായി തുടരും. പ്രാരംഭ ഘട്ടത്തിൽ തന്നെ ലോകകപ്പിൽനിന്നു പുറത്തായാൽ ഗംഭീറിന് പരിശീലകസ്ഥാനവും നഷ്ടമാകും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ 2025–27 സീസണിൽ ഇന്ത്യയ്ക്ക് ഇനിയും ഒന്‍പതു മത്സരങ്ങൾ ബാക്കിയുണ്ട്. അതിനു മുൻപ് ടെസ്റ്റ് ഫോർമാറ്റിലെ പരിശീലകസ്ഥാനം മാത്രം മറ്റൊരാൾക്കു നൽകാന്‍ ആലോചനകൾ തുടരുകയാണ്.
ടെസ്റ്റിൽ ഗംഭീറിനെ മാറ്റിയാൽ പകരം മറ്റൊരു ഇന്ത്യൻ പരിശീലകനെ കണ്ടെത്താൻ സാധിക്കാത്തതാണു തലവേദനയെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഗംഭീർ പരിശീലകനായിരിക്കുമ്പോൾ സീനിയർ താരങ്ങൾക്കു പോലും ടീമിലെ സ്ഥാനത്തിൽ ആശങ്കയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ടീമിലെ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മൻ ഗില്ലിനെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽനിന്ന് പുറത്താക്കിയത് ഗംഭീറിന്റെ ഇടപെടൽ കാരണമാണെന്നാണു വിവരം.
എന്നാൽ, ടെസ്റ്റ് പരിശീലക സ്ഥാനത്തുനിന്ന് ഗംഭീറിനെ നീക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നിഷേധിച്ചു. ‘‘ഇതു പൂർണ്ണമായും തെറ്റായ വാർത്തയാണ്. ഭാവനയിൽനിന്നുണ്ടായ ഒരു വാർത്തയാണിത്. ചില പ്രശസ്ത വാർത്താ ഏജൻസികളും വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ ഒരു സത്യവുമില്ല. ബിസിസിഐ ഇതു നിഷേധിക്കുന്നു. ആളുകൾക്ക് അവർക്കിഷ്ടമുള്ളതെല്ലാം ചിന്തിക്കാം, പക്ഷേ ബിസിസിഐ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ആരുടെയോ ഭാവനയാണ്; ഇതിൽ ഒരു സത്യവുമില്ല. ഇത് വസ്തുതാപരമായി തെറ്റും അടിസ്ഥാനരഹിതവുമായ വാർത്തയാണെന്ന് അല്ലാതെ എനിക്ക് ഒന്നും പറയാനില്ല.’’– സൈകിയ എഎൻഐയോട് പറഞ്ഞു.
English Summary:








English (US) ·