Published: August 16, 2025 02:36 PM IST
1 minute Read
മുംബൈ∙ പാക്കിസ്ഥാന്‍ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. കരിയറിൽ 11 തവണ ഷാഹിദ് അഫ്രീദിയെ പുറത്താക്കിയിട്ടുള്ള ഇര്‍ഫാൻ പഠാൻ, ഗ്രൗണ്ടിനു പുറത്തുണ്ടായ പ്രശ്നങ്ങളെക്കുറിച്ചാണ് ഇപ്പോൾ പ്രതികരിച്ചത്. വിമാന യാത്രയ്ക്കിടെ അഫ്രീദി ‘ചൊറിയാൻ’ ശ്രമിച്ചെന്നും തന്റെ മറുപടി കേട്ടപ്പോൾ പിന്നെ മിണ്ടിയില്ലെന്നും ഇർഫാന്‍ പഠാൻ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
2006ൽ ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ ഒരുമിച്ച് വിമാന യാത്ര നടത്തിയപ്പോഴുള്ള മോശം അനുഭവത്തെക്കുറിച്ചാണ് ഇർഫാൻ പഠാൻ പ്രതികരിച്ചത്. ‘‘2006ൽ പരമ്പരയുടെ ഭാഗമായി ഞങ്ങൾ കറാച്ചിയിൽനിന്ന് ലഹോറിലേക്കു പോകുകയാണ്. രണ്ട് ടീമുകളും ഒരുമിച്ചാണ്. അഫ്രീദി വന്ന് എന്റെ തലയിൽ കൈവച്ച് മുടിയൊക്കെ അലങ്കോലമാക്കി. എന്തൊക്കെയുണ്ട് കുട്ടി എന്നു ചോദിച്ചു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. അതിനു ശേഷം അഫ്രീദി എന്നോട് മോശമായി എന്തൊക്കെയോ സംസാരിച്ചു. അഫ്രീദിയുടെ സീറ്റ് എന്റെ അടുത്തായിരുന്നു.’’
‘‘എന്റെ അപ്പുറത്തുള്ള സീറ്റിൽ പാക്ക് താരം അബ്ദുൾ റസാഖ് ഇരിപ്പുണ്ട്. പാക്കിസ്ഥാനിൽ എന്തൊക്കെ മാംസങ്ങൾ കിട്ടുമെന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. നായമാംസം കിട്ടുമോയെന്നായിരുന്നു എന്റെ സംശയം. ഇതോടെ റസാഖ് ഞെട്ടിപ്പോയി. എന്താണ് ഇങ്ങനെ പറയുന്നതെന്നു ചോദിച്ചു.’’
‘‘അഫ്രീദി നായമാംസം കഴിച്ചിട്ട്, കുരച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ പറഞ്ഞു. അതിനു ശേഷം അഫ്രീദി എന്നോടു മിണ്ടിയിട്ടില്ല. കൂടുതലായി എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഇപ്പോഴും കുരയ്ക്കുകയാണ് എന്നു പറയാമായിരുന്നു. പിന്നെ വിമാനത്തില്‍ വച്ച് ഒരു വാക്ക് അഫ്രീദി മിണ്ടിയിട്ടില്ല.’’– ഇർഫാൻ പഠാൻ വ്യക്തമാക്കി.
English Summary:








English (US) ·