നായകനോ വില്ലനോ അല്ല, ആ സങ്കല്പങ്ങൾക്കുമപ്പുറത്ത്; മമ്മൂട്ടിയുടെ 'കളങ്കാവലി'നെക്കുറിച്ച് സംവിധായകൻ

5 months ago 5

വാഗതനായ ജിതിൻ കെ. ജോസ് സംവിധാനംചെയ്ത്, മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കളങ്കാവൽ’ പ്രദർശനത്തിനൊരുങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ്. സംവിധാനമേഖലയിൽ നവാഗതനെങ്കിലും ജിതിൻ കെ. ജോസ് സിനിമയിൽ നേരത്തേ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. കുറുപ്പ് എന്ന സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു ജിതിൻ. ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും മുജീബ് മജീദ്‌ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

സിനിമന ൽകുന്ന പ്രതീക്ഷകൾ

സിനിമയുടെ കഥാബീജം മനസ്സിൽ രൂപപ്പെടുമ്പോൾത്തന്നെ കഥയുടെ വിഷയത്തോട് വലിയ കൗതുകം തോന്നിയിരുന്നു. തിരക്കഥാരചന കഴിഞ്ഞപ്പോൾ, മമ്മൂക്കയിലേക്ക് എത്തുകയാണെങ്കിൽ അദ്ദേഹത്തിന് ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുതോന്നി. കഥകേട്ടപ്പോൾ അതേ ആത്മവിശ്വാസം അദ്ദേഹത്തിനും തോന്നി. സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ അവസാനഘട്ടത്തിലാണ്. റിലീസ് അധികം വൈകാതെയുണ്ടാകും. പ്രേക്ഷകർ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.

ആദ്യ സിനിമാസംവിധാനം. പ്രധാനകഥാപാത്രം മമ്മൂട്ടി. നിർമാണം മമ്മൂട്ടി കമ്പനി. അതിലേക്ക് എത്തിച്ചേർന്നതെങ്ങനെ?

ആദ്യമായി സംവിധാനം ചെയ്യുന്ന ആളെ സംബന്ധിച്ച് മമ്മുക്കയെപ്പോലുള്ള മഹാനടനിലേക്ക് എത്തിച്ചേരുക അത്ര എളുപ്പമല്ല. മാമാങ്കം സിനിമയിൽ സജീവ് പിള്ളയ്ക്കൊപ്പം സഹസംവിധായകനായിരുന്നു, ഞാൻ. അന്നത്തെ ബന്ധങ്ങൾവെച്ചാണ് മമ്മുക്കയിലെത്താൻ ശ്രമിച്ചത്. മമ്മുക്കയുമായി ചർച്ചചെയ്തപ്പോൾ അദ്ദേഹത്തിനും കഥയിൽ താത്പര്യംതോന്നി. അദ്ദേഹത്തോട് കഥാസന്ദർഭത്തെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും പറയുന്നതിനൊപ്പംതന്നെ അദ്ദേഹം അത് സ്വാംശീകരിച്ച് അദ്ദേഹത്തിന്റേതായ രീതിയിൽ ആവിഷ്‌കരിക്കുന്ന പ്രോസസ് രസകരമായിരുന്നു. കളങ്കാവലിലെ കഥാപാത്രത്തിന് മമ്മുക്കയ്ക്ക് ആവേശത്തോടെ അഭിനയിച്ച് ഫലിപ്പിക്കാനുള്ള ഭാവങ്ങളും തലങ്ങളുമുണ്ട്. സിനിമ ചിത്രീകരിക്കുമ്പോൾ അദ്ദേഹം ആ കഥാപാത്രമായിമാറുന്നത് ആസ്വദിക്കാനായി. അത് നേരിൽ അനുഭവിക്കാൻ കഴിഞ്ഞു എന്നത് വലിയ ഭാഗ്യമായിക്കരുതുന്നു.

വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രവും പ്രാധാന്യമുള്ളതാണ്. ഇതേ സാധ്യതകൾ മുൻനിർത്തിയാണോ വിനായകനെയും തിരഞ്ഞെടുത്തത്?

കളങ്കാവലിൽ മമ്മുക്കയുടെ കഥാപാത്രംപോലെത്തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രംകൂടിയുണ്ടായിരുന്നു. അതിനായി ആരെ തിരഞ്ഞെടുക്കുമെന്ന് കുറെ ചർച്ചചെയ്തു. ആ ഘട്ടത്തിലാണ് മമ്മുക്ക വിനായകൻചേട്ടനെ ശുപാർശചെയ്യുന്നത്. വിനായകൻചേട്ടൻ അന്യഭാഷകളിലുൾപ്പെടെയുള്ള വലിയ സിനിമകളുടെ ഭാഗമായിട്ടുമുണ്ട്. അദ്ദേഹം ആ കഥാപാത്രംചെയ്താൽ സിനിമ മറ്റൊരു തലത്തിലെത്താൻ സാധ്യതയുണ്ടെന്ന് ഞങ്ങൾക്കും തോന്നി. അദ്ദേഹം ഇതുവരെ ചെയ്തതിൽനിന്നും വ്യത്യസ്തമാണ് ഈ കഥാപാത്രം. തന്റേതായ രീതിയിൽ ആ കഥാപാത്രത്തെ മികച്ചതാക്കാൻ അദ്ദേഹം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അദ്ദേഹത്തെ ആ കഥാപാത്രമാക്കിയത് മികച്ച തീരുമാനമായിത്തോന്നുന്നു.

തിരക്കഥാകൃത്തായാണ് സിനിമയിലേക്കുവരുന്നത്. സംവിധാനത്തിലേക്ക് എത്താനുള്ള ആദ്യപടിയായിരുന്നോ അത്?

എഴുത്തിനോടുള്ള താത്പര്യംകൊണ്ടാണ് തിരക്കഥയെഴുതിയത്. എന്നാൽ, ലക്ഷ്യം സിനിമാസംവിധാനമായിരുന്നു. സംവിധായകനാകുമ്പോൾ ആ സിനിമയുടെ മൊത്തം ചുമതല അവരുടേതാണ്. ഒപ്പം മനസ്സിലുള്ള രീതിയിൽ സിനിമ നിർമിക്കുകയും വേണം. അതിലേക്കുള്ള ആദ്യപടിയായിരുന്നു എഴുത്ത്.

ആ പരിചയം സംവിധാനംചെയ്യുന്നതിൽ സഹായകമായോ?

തിരക്കഥചെയ്ത അനുഭവപരിചയം സംവിധാനംചെയ്യാൻ സഹായിച്ചു. ഏതൊരു സംവിധായകനും അടിസ്ഥാനപരമായുണ്ടാകേണ്ട ഗുണങ്ങളിലൊന്നാണ് തിരക്കഥയെ മൂല്യനിർണയം നടത്തുക എന്നത്. തിരക്കഥ എഴുതുകകൂടിയാകുമ്പോൾ അത് കുറെക്കൂടി ഗുണംചെയ്യും. കഥാപാത്രങ്ങളെക്കുറിച്ചും കഥാഗതിയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാനുള്ള ഇടംകൂടി ലഭിക്കുന്നു. തിരക്കഥാകൃത്ത് എന്നനിലയിൽക്കൂടി സിനിമയിൽ പങ്കുചേരാൻ കഴിയുന്നത് സിനിമയെന്ന പ്രോസസിൽ കൃത്യമായി ഇടപെടാനും മൂല്യനിർണയംനടത്തി മുന്നോട്ടുപോകാനും എളുപ്പമാകുമെന്നുതോന്നുന്നു. ഈ സിനിമ ഞാൻതന്നെ സംവിധാനംചെയ്യാം എന്ന ചിന്തയിൽത്തന്നെയാണ് ഞാനും ജിഷ്ണു ശ്രീകുമാറും ചേർന്ന് തിരക്കഥയെഴുതിയത്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നതിനാൽ അതിന്റേതായ ഉത്കണ്ഠയും പ്രശ്നങ്ങളും അതുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ, ഈ തീരുമാനംകൊണ്ട് എനിക്ക് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ല. മമ്മുക്കയും വിനായകൻ ചേട്ടനും പ്രൊഡക്‌ഷൻ കമ്പനിയും സഹകരണത്തോടെയാണുനിന്നത്.

കുറുപ്പ് എന്ന സിനിമയും ഒരു ബയോഗ്രഫിക്കൽ പീരിയഡ് ഡ്രാമയായിരുന്നു. കളങ്കാവലും യഥാർഥ സംഭവങ്ങളിൽനിന്നു പ്രചോദനമായതാണെന്ന് പറയുന്നു. താങ്കളുടെ ഇഷ്ടമേഖല അതാണോ?

കുറുപ്പ് എന്ന സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ കളങ്കാവൽ കുറച്ചുകൂടി സാങ്കല്പികമായിരിക്കും. കുറുപ്പിലും കളങ്കാവലിലും യഥാർഥ സംഭവങ്ങളിൽനിന്നു പ്രചോദനമുൾക്കൊള്ളുക എന്ന പ്രക്രിയ യാദൃച്ഛികമായി സംഭവിച്ചതാണ്. ഇനിയും അങ്ങനെ സംഭവിക്കണമെന്നില്ല. എനിക്ക് ക്രൈം ത്രില്ലറുകളോട് പ്രത്യേകതാത്പര്യമുണ്ട്. അതിനപ്പുറം യഥാർഥസംഭവങ്ങൾ മാത്രം തേടിപ്പിടിച്ച് ചെയ്യണമെന്ന നിർബന്ധമില്ല. കളങ്കാവൽ യഥാർഥത്തിൽ സാങ്കല്പികകഥയാണ്. എന്നാൽ, യഥാർഥത്തിൽ നടന്നിട്ടുള്ള ഒന്നിൽക്കൂടുതൽ സംഭവങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടിട്ടാണ് എഴുതിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങൾ, വിക്കീപീഡിയ... സമാനമായ മറ്റുപ്ലാറ്റ്‌ഫോമുകളിൽനിന്നൊക്കെയും പലതരത്തിലുള്ള വിവരങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ, ഒരു സിനിമയെസംബന്ധിച്ച് സിനിമയുടെ ഭാഗമായവർ പങ്കുവെക്കുന്നതാണ് ആധികാരികമായ വിവരങ്ങൾ. മറ്റുള്ളവയെല്ലാം ഊഹാപോഹങ്ങളും ഭാവനകളുമാണ്.

‘കളങ്കാവൽ’ എന്ന പേരിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ദക്ഷിണ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ അനുഷ്ഠിക്കുന്ന ഒരാചാരമാണ് കളങ്കാവൽ. ആ പേര് സ്വീകരിക്കുമ്പോൾ ആളുകൾക്കത് പെട്ടെന്ന് മനസ്സിലാകുമോ എന്നു ചിന്തിച്ചിരുന്നു. ആ പ്രദേശത്തുതന്നെ അധികമാളുകൾക്ക് പരിചയമുള്ള വാക്കല്ല ഇത്. എന്നാൽ, ആ വാക്കിനും അതിനുപുറകിലുള്ള ഐതിഹ്യത്തിനും നേരിട്ടോ അല്ലാതെയോ സിനിമയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ് അതുതന്നെ തിരഞ്ഞെടുത്തത്. സിനിമയുടെ പേര് പ്രഖ്യാപിച്ചപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ ചർച്ചചെയ്യപ്പെട്ടു. അത് ആ പേരും ആചാരവും ആളുകളിലേക്ക് എത്താനും കൂടുതൽ ജനകീയമാകാനും സഹായകമായി. കളങ്കാവൽ എന്ന ചടങ്ങുമായി കഥയ്ക്ക് ബന്ധമുണ്ടോ എന്നത് സിനിമ സംസാരിക്കാൻപോകുന്ന കാര്യമാണ്. എന്നാൽ, സിനിമയുടെ പേര് അതായതിനാൽ അതിലെ കഥയുമായോ ഐതിഹ്യമായോ സാംസ്‌കാരിക പശ്ചാത്തലമായോ ചിലപ്പോൾ സിനിമയ്ക്ക് ബന്ധമുണ്ടായേക്കാം. ചിലപ്പോൾ അതുവെറും ഉപമമാത്രമായിരിക്കാം.

സംവിധായകനാകാനുള്ള തയ്യാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?

സിനിമയുടെ ദൃശ്യം, ശബ്ദം, പശ്ചാത്തലസംഗീതം എന്നിവ ഏതുരീതിയിൽ വേണമെന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സാംസ്‌കാരികപരമായും ഭൂമിശാസ്ത്രപരമായും രണ്ട് വ്യത്യസ്തതലങ്ങളെക്കുറിച്ച് സിനിമ സംവദിക്കുന്നുണ്ട്. ധാരാളം യാത്രകൾ നടത്തിയാണ് സിനിമ ചിത്രീകരിക്കാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. യഥാർഥത്തിൽ നടന്നിട്ടുള്ള ചില സംഭവങ്ങളിൽനിന്നും പ്രചോദനമുൾക്കൊണ്ടിട്ടാണെങ്കിലും അതിനപ്പുറത്തേക്ക് ഒരു സാങ്കല്പികകഥയിൽ കൗതുകം തോന്നിയതുകൊണ്ടാണ് ഇത് ചെയ്യാനുള്ള തീരുമാനമെടുക്കുന്നത്. അതിനെ മെച്ചപ്പെടുത്താൻ തക്കതായ വിവരങ്ങളാണ് ശേഖരിച്ചത്. ഓൺലൈനിൽ ലഭ്യമായ വിവരങ്ങളാണ് അധികവും സ്വീകരിച്ചത്.

Content Highlights: Mammootty and Vinayakan Star successful Jithin K. Jose's Directorial Debut, Kalankaaval

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article