നായകന്റെ വാനിറ്റി വാൻ ഉപയോ​ഗിക്കാൻ കെഞ്ചിയിട്ടുണ്ട്, അവർക്കേ നല്ല വാഷ്റൂം പോലുമുള്ളൂ -നുസ്രത് ബറൂച്ച

6 months ago 8

Nushrratt Bharuccha

നുസ്രത് ബറൂച്ച | ഫോട്ടോ: PTI

ലിം​ഗപരമായ വിവേചനം സിനിമാ മേഖലയെ എന്നും അലട്ടുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ബോളിവുഡിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് നടി നുസ്രത് ബറൂച്ച. പുരുഷന്മാരായ സഹപ്രവർത്തകരുമായി താരതമ്യപ്പെടുത്തുമ്പോൾ, സിനിമാ അവസരങ്ങൾ ലഭിക്കുന്നതു മുതൽ സെറ്റിൽ നിലവാരം കുറഞ്ഞ വാനിറ്റി വാനുകളും ശുചിമുറികളും നൽകുന്നതുവരെ ഈ വിവേചനം നിലനിൽക്കുന്നതായി അവർ അഭിപ്രായപ്പെട്ടു.

ഒരു നടൻ്റെ സിനിമ ഹിറ്റായാൽ, അയാൾ സിനിമാ പാരമ്പര്യമുള്ളവനോ അല്ലാത്തവനോ ആയാലും അയാൾക്ക് ഉടൻ തന്നെ പുതിയ അവസരങ്ങൾ ലഭിക്കും. എന്നാൽ നായികാപ്രാധാന്യമുള്ള ഒരു സിനിമ ഹിറ്റായാൽ നടിമാർക്ക് അവരുടെ പോരാട്ടം തുടരേണ്ടി വരുന്നുവെന്ന് നുസ്രത് അഭിപ്രായപ്പെട്ടു. 'പ്യാർ കാ പഞ്ച്നാമ'യുടെ (2011) കാലം മുതൽ താൻ ഇത് പറയുന്നതാണ്. ഒരു പെൺകുട്ടി ഒറ്റരാത്രികൊണ്ട് താരമാകണം എന്നല്ല താൻ പറയുന്നത്. ഒരു സിനിമ ഹിറ്റായാൽ ഒരു അഭിനേതാവ് ആ​ഗ്രഹിക്കുന്നത് നല്ല അവസരങ്ങൾക്കായാണ്. നായകന്മാർക്ക് ലഭിക്കുന്ന അത്രയും അവസരങ്ങൾ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും നുസ്രത് ചൂണ്ടിക്കാട്ടി.

"നായകൻ സെറ്റിൽ ഇല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ വാനിറ്റി വാൻ കുറച്ചുസമയത്തേക്ക് ഉപയോ​ഗിച്ചോട്ടേ എന്ന് എനിക്ക് ചോദിക്കേണ്ടി വന്നിട്ടുണ്ട്. കാരണം എൻ്റേതിനേക്കാൾ മികച്ചതാണ് അത്. എന്നിരുന്നാലും, ഞാൻ ആ സമയത്ത് പരാതിപ്പെടുകയോ വഴക്കിടുകയോ ചെയ്യില്ല. ഇവയെല്ലാം എനിക്ക് സ്വാഭാവികമായി ലഭിക്കുന്ന ഒരു നിലയിലേക്ക് ഞാൻ സ്വയം എത്തുമെന്ന് ഞാൻ എന്നോട് തന്നെ പറയും." അവർ പറഞ്ഞു.

തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ പലപ്പോഴും ഇക്കണോമി ക്ലാസ്സിലാണ് യാത്ര ചെയ്തിരുന്നതെന്നും നുസ്രത് ഓർത്തെടുത്തു. ഒരിക്കൽ ഒരു സിനിമയിൽ ചെറിയൊരു വേഷം ചെയ്തിരുന്നു. നീണ്ട ഒരു അന്താരാഷ്ട്ര വിമാനയാത്രയിൽ പ്രധാന നടന്മാരെല്ലാം ബിസിനസ് ക്ലാസ്സിലായിരുന്നു യാത്രചെയ്തിരുന്നത്. തന്നെ ടെക്നീഷ്യൻമാരുടെ സഹായികൾക്കൊപ്പം ഇക്കണോമി ക്ലാസ്സിലായിരുന്നു ഇരുത്തിയത്. ബിസിനസ് ക്ലാസ്സിലുണ്ടായിരുന്ന സുഹൃത്തുക്കൾ അവർക്കൊപ്പമിരിക്കാൻ ക്ഷണിച്ചെങ്കിലും, താൻ അത് നിരസിച്ച് തനിക്ക് അനുവദിച്ച സീറ്റിൽതന്നെ ഇരിക്കാൻ തീരുമാനിച്ചു. ഒരുനാൾ നിർമാണ കമ്പനി ബുക്ക് ചെയ്യുന്ന ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുമെന്ന് വിശ്വസിച്ചിരുന്നെന്നും ആ ലക്ഷ്യം പിന്നീട് നേടിയെടുത്തെന്നും നുസ്രത് കൂട്ടിച്ചേർത്തു.

'ഛോരി 2' എന്ന ഹൊറർ ചിത്രത്തിലാണ് നുസ്രത് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിശാൽ ഫുരിയ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സോഹ അലി ഖാൻ, ഗഷ്മീർ മഹാജനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി.

Content Highlights: Nushrratt Bharuccha Speaks Out Against Gender Disparity successful Bollywood

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article