'നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ശീലം അസിസ്റ്റൻ്റ് ഡയറക്ടർമാർക്ക് പോലുമുണ്ട്'- കൃതി

4 months ago 6

കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ തനിക്ക് ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് താരം കൃതി സനോൺ. യുഎൻഎഫ്പിഎയുടെ (യുണൈറ്റഡ് നേഷൻ പോപ്പുലേഷൻ ഫണ്ട്) ലിംഗസമത്വത്തിനായുള്ള ഇന്ത്യയുടെ ഓണററി അംബാസഡറായി പ്രഖ്യാപിച്ച വേദിയിലാണ് താരം പ്രതികരിച്ചത്. വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ലിംഗപരമായ വേർതിരിവുകളേക്കുറിച്ച് ചടങ്ങിൽ താരം സംസാരിച്ചത്. പുരോഗമനപരമായ ചിന്താഗതിയുള്ള ഒരു കുടുംബത്തിലാണ് വളർന്നതെങ്കിലും തനിക്ക് ചുറ്റുമുള്ള അസമത്വം അവഗണിക്കാൻ കഴിയാത്തതായിരുന്നുവെന്ന് ചടങ്ങിൽ സംസാരിക്കവേ കൃതി പ്രതികരിച്ചു.

അമ്മയുടെ കഷ്ടപ്പാടുകൾ തൻ്റെയും സഹോദരിയുടെയും ജീവിതം സുഗമമാക്കിയെന്നും കൃതി പറയുന്നുണ്ട്. 'ഇഷ്ടമുള്ളതെന്തും ചെയ്യാനും സ്വപ്നം കാണുന്നതിനൊപ്പം പോകാനുമായിരുന്നു ഞങ്ങളെ പഠിപ്പിച്ചത്. കുട്ടിക്കാലം വേർതിരിവുകളിൽ നിന്ന് മുക്തമായിരുന്നുവെങ്കിലും സിനിമാ മേഖലയിലെത്തിയപ്പോൾ ചില അസമത്വങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എപ്പോഴുമല്ലെങ്കിലും സഹനടന് മികച്ച കാറോ മുറിയോ ലഭിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങൾ... അത് കാറിൻ്റെ കാര്യമല്ല. മറിച്ച് ഞാനൊരു സ്ത്രീയായതുകൊണ്ട് എന്നെ ചെറുതായി കാണിക്കാതിരിക്കുക എന്നതാണ്- കൃതി പറഞ്ഞു.

'ചിലപ്പോൾ അസിസ്റ്റൻ്റ് ഡയറക്ടർമാർക്ക് പോലും നായികയെ ആദ്യം വിളിച്ച് നായകനായി കാത്തിരുത്തുന്ന ഒരു ശീലമുണ്ട്. അങ്ങനെ ചെയ്യരുതെന്ന് എനിക്ക് അവരോട് പറയേണ്ടി വന്നിട്ടുണ്ട്'- താരം പ്രതികരിച്ചു.

തൻ്റെ ചിന്താഗതി രൂപപ്പെടുത്തുന്നതിൽ വളർന്നുവന്ന സാഹചര്യം എത്രത്തോളം പങ്ക് വഹിച്ചുവെന്നും കൃതി പറയുന്നുണ്ട്. മാതാപിതാക്കൾ ജോലിക്കാരായിരുന്നതിനാൽ വീട്ടിലെ ഉത്തരവാദിത്തങ്ങൾ തുല്യമായാണ് പങ്കിട്ടിരുന്നതെന്നും ഇത് തനിക്കും സഹോദരിക്കും പെൺകുട്ടിയായതിനാലുള്ള നിയന്ത്രണങ്ങൾ അനുഭവപ്പെടാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും അവർ പറയുന്നു.

എന്നാൽ തൻ്റെ അമ്മയുടെ കാര്യത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നുവെന്നും കൃതി പറയുന്നുണ്ട്. 'ആൺകുട്ടികൾക്ക് അനുവദനീയമായ പലതും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ടിരുന്ന കാലത്താണ് എൻ്റെ അമ്മ വളർന്നത് . പെൺകുട്ടികൾ വീട്ടിലിരിക്കുക, പാചകം ചെയ്യുക, നിയമങ്ങൾ അനുസരിക്കുക എന്നതായിരുന്നു രീതി. നീന്തലോ നൃത്തമോ പഠിക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ കഴിഞ്ഞില്ല. പഠനത്തിന് വേണ്ടി മാത്രമാണ് അവർ പോരാടിയത്, അങ്ങനെ അവർ ഒരു പ്രൊഫസറായി'- കൃതി പറഞ്ഞു.

Content Highlights: Bollywood histrion Kriti Sanon appointed UNFPA honorary Ambassador

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article