നാലാം ടെസ്റ്റിലെ വിവാദങ്ങൾക്കുള്ള മറുപടിയോ? ഓവലിനെ തീപിടിപ്പിച്ച് സുന്ദറിന്റെ വെടിക്കെട്ട് 

5 months ago 7

കെന്നിങ്ടൺ: വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് കഴിഞ്ഞ ദിവസം ഓവലിനെ തീപിടിപ്പിച്ചത്. രണ്ടാമിന്നിങ്സിന്റെ അവസാനം വാഷിങ്ടൺ സുന്ദർ ഇം​ഗ്ലീഷ് ബൗളർമാരെ അടിച്ചുതകർത്തു. ഈ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ ഇം​ഗ്ലണ്ടിന് മുന്നിൽ 374 റൺസ് വിജയലക്ഷ്യമുയർത്തിയത്. രണ്ടാമിന്നിങ്സിൽ ഇന്ത്യ 396 റൺസിനാണ് പുറത്തായത്. സുന്ദറിന്റെ പ്രകടനത്തെ നാലാം ടെസ്റ്റിലെ വിവാദങ്ങൾക്കുള്ള മറുപടിയായി വിലയിരുത്തുന്നവരുമുണ്ട്.

ഒരു ഘട്ടത്തിൽ ഇന്ത്യ 273-6 എന്ന നിലയിലായിരുന്നു. പിന്നീട് രവീന്ദ്ര ജഡേജയും ധ്രുവ് ജുറലുമാണ് ഇന്ത്യയെ മുന്നൂറ് കടത്തിയത്. ജഡേജ 53 റൺസും ജുറൽ 34 റൺസുമെടുത്ത് പുറത്തായി. മുഹമ്മദ് സിറാജ് ഡക്കായി മടങ്ങി. പിന്നീട് വാഷിങ്ടൺ സുന്ദർ വെടിക്കെട്ട് നടത്തിയതോടെയാണ് സ്കോർ കുതിക്കുന്നത്. പ്രസിദ്ധ് കൃഷ്ണയെ ഒരുവശത്ത് നിർത്തി സുന്ദർ തകർത്തടിച്ചു. നാല് ഫോറും നാല് സിക്സറുകളും ആ ബാറ്റിൽ നിന്ന് പിറന്നു. ഒടുക്കം താരം അർധസെഞ്ചുറിയും നേടി. താരം 53 റൺസെടുത്തതോടെ ഇന്ത്യ 396 റൺസിലെത്തി.

ഈ പ്രകടനം നാലാം ടെസ്റ്റിലെ വിവാദങ്ങൾക്കുള്ള മറുപടിയായി കണക്കാക്കുകയാണ് മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. മാഞ്ചെസ്റ്ററിൽ ടെസ്റ്റ് സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജഡേജയോടും സുന്ദറിനോടും ഇം​ഗ്ലണ്ട് താരങ്ങൾ തർക്കിച്ചു. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് ഇന്ത്യൻ താരങ്ങളോട് സ്റ്റോക്സ് ഉൾപ്പെടെയുള്ളവർ പറഞ്ഞത്. ഓവലിലെ ഈ വെടിക്കെട്ട് അതിനുള്ള മറുപടിയാണെന്ന് ശാസ്ത്രി വിലയിരുത്തുന്നു. സെഞ്ചുറിയടിച്ച് ഞാൻ കാണിച്ചുതരാം എന്ന നിലയിലാണ് വാഷിങ്ടൺ സുന്ദർ ബാറ്റ് ചെയ്തതെന്ന് ശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റിൽ ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി.

സ്റ്റോക്‌സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.

Content Highlights: washington sundar oval trial performance

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article