ലണ്ടൻ∙ ഇംഗ്ലിഷുകാർക്കിടയിൽ ഉയിർപ്പിന്റെ പിച്ചെന്നാണ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ട് അറിയപ്പെടുന്നത്. പരമ്പര തോൽവിയിൽ നിന്ന് പലപ്പോഴും ഇംഗ്ലണ്ടിനെ രക്ഷിച്ചിട്ടുള്ള പാരമ്പര്യം ഓവലിനുണ്ട്. 2023ലെ ആഷസ് പരമ്പരയിലായിരുന്നു അവസാനത്തെ ‘രക്ഷപ്പെടൽ’. അന്ന് ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിനായി ഓവലിലേക്കു വരുമ്പോൾ ഇംഗ്ലണ്ട് 2–1ന് പിന്നിലായിരുന്നു. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആതിഥേയർ 49 റൺസിന്റെ ജയം സ്വന്തമാക്കി.
തങ്ങളുടെ ആ ഭാഗ്യ മണ്ണിലേക്കാണ് ഇന്ത്യയ്ക്കെതിരായ 5 മത്സര പരമ്പരയിലെ അവസാന ടെസ്റ്റിനായി ഇംഗ്ലണ്ട് ടീം ഇന്നിറങ്ങുന്നത്. ഇത്തവണ 2–1ന്റെ മുൻതൂക്കം ആതിഥേയർക്കൊപ്പമാണ്. കണക്കിലും കളിയിലും മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെതിരെ ഇന്ന് ഓവലിൽ ഇറങ്ങുമ്പോൾ ഇന്ത്യയുടെ ആവലാതികൾ പലതാണ്. പേസർ ജസ്പ്രീത് ബുമ്ര കളിച്ചേക്കില്ലെന്ന വാർത്ത തന്നെയാണ് ഇന്ത്യയെ ഏറ്റവും അലട്ടുന്നത്.
മറുവശത്ത് പരുക്കുമൂലം ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്നിറങ്ങില്ല. ഒലീ പോപ്പായിരിക്കും പകരം ടീമിനെ നയിക്കുക. മത്സരം വൈകിട്ട് 3.30 മുതൽ. സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
∙ ഇന്ത്യയുടെ സ്വപ്നം
പരമ്പരയിലെ ആദ്യ 4 മത്സരങ്ങളിലും മികച്ച രീതിയിൽ കളിച്ചിട്ടും ഒന്നിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ എന്ന നിരാശ ശുഭ്മൻ ഗില്ലും സംഘവും മറച്ചുവയ്ക്കുന്നില്ല. 4 ടെസ്റ്റിലുമായി 11 സെഞ്ചറിയും 12 അർധ സെഞ്ചറിയും അടിച്ചുകൂട്ടിയ ഇന്ത്യൻ ബാറ്റർമാർ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ബാറ്റിങ് കരുത്തിൽ തന്നെയാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷ. പരുക്കേറ്റ ഋഷഭ് പന്തിന്റെ അഭാവത്തിൽ ധ്രുവ് ജുറേൽ ടീമിൽ എത്തും.
അഭിമന്യു ഈശ്വരന് അവസരം നൽകാൻ തീരുമാനിച്ചാൽ സായ് സുദർശന് പുറത്തിരിക്കേണ്ടിവരും. ബോളിങ്ങിൽ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചാൽ ആകാശ് ദീപോ അർഷ്ദീപ് സിങ്ങോ പകരക്കാരനായി എത്തും. ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ അംശുൽ കംബോജ് പുറത്താകും. ഒരു എക്സ്ട്രാ പേസറെ കൂടി കളിപ്പിക്കാനാണ് ആലോചനയെങ്കിൽ ഷാർദൂൽ ഠാക്കൂറിന് മാറിനിൽക്കേണ്ടിവരും.
∙ ഇംഗ്ലണ്ടിന്റെ ദുഃഖം
പരമ്പരയിൽ 304 റൺസും 17 വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പരുക്കേറ്റ് പുറത്തായത് ഇംഗ്ലണ്ടിന് തലവേദനയാണ്. പേസർ ജോഫ്ര ആർച്ചറിന് വർക്‌ലോഡ‍് മാനേജ്മെന്റിന്റെ ഭാഗമായി വിശ്രമം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇവർക്കു പുറമേ പേസർ ബ്രൈഡൻ കാഴ്സ്, സ്പിന്നർ ലിയാം ഡോസൺ എന്നിവരും അഞ്ചാം ടെസ്റ്റിനില്ല. സ്റ്റോക്സിനു പകരം ബാറ്റർ ജേക്കബ് ബെഥൽ ടീമിലെത്തി.
ജയ്മി ഓവർടൻ, ഗസ് അറ്റ്കിൻസൻ, ജോഷ് ടങ് എന്നീ പേസർമാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നർമാരില്ലാതെയെത്തുന്ന ഇംഗ്ലിഷ് ടീമിൽ പാർട് ടൈം സ്പിന്നർമാരായ ജോ റൂട്ടിന്റെയും ജേക്കബ് ബെഥലിന്റെയും സ്പെല്ലുകൾ നിർണായകമാകും.
∙ പിച്ചിനെ സൂക്ഷിക്കുക
ആദ്യ 3 ദിവസം പേസർമാരെയും അവസാന 2 ദിവസം ബാറ്റർമാരെയും തുണയ്ക്കുന്ന പിച്ചാണ് ഓവലിലേത്. 2019നു ശേഷം നടന്ന 6 ടെസ്റ്റ് മത്സരങ്ങളിൽ നാലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. 280 റൺസാണ് ഒന്നാം ഇന്നിങ്സ് ശരാശരി സ്കോർ. 2010നു മുൻപ് സ്പിന്നർമാർക്ക് ആനുകൂല്യം ലഭിച്ചിരുന്ന ഓവലിൽ പക്ഷേ, 2011ലെ പിച്ച് നവീകരണത്തിനു ശേഷം സ്പിന്നർമാർ കാര്യമായി ശോഭിച്ചിട്ടില്ല.
∙ ഗില്ലിന്റെ മോഹദൂരം
പരമ്പരയിൽ 722 റൺസുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഒരുപിടി റെക്കോർഡുകളാണ് ഓവലിൽ കാത്തിരിക്കുന്നത്. 11 റൺസ് കൂടി നേടിയാൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡിൽ സുനിൽ ഗാവസ്കറെ (1979ൽ വെസ്റ്റിൻഡീസിനെതിരെ 732 റൺസ്) മറികടക്കാം.
53 റൺസ് കൂടി നേടിയാൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമാകാം. അവിടെയും മറികടക്കേണ്ടത് ഗാവസ്കറെ തന്നെ. 253 റൺസ് എന്ന മോഹദൂരം താണ്ടാൻ സാധിച്ചാൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന റെക്കോർഡിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനെ (974) മറികടക്കാനും ഇന്ത്യൻ ക്യാപ്റ്റന് അവസരമുണ്ട്.
English Summary:








English (US) ·