Published: January 14, 2026 03:42 PM IST Updated: January 14, 2026 03:49 PM IST
1 minute Read
മുംബൈ ∙ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രോഹിത് ശർമയെ പിന്തള്ളി ഒന്നാമതെത്തി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ അർധസെഞ്ചറിക്കു പിന്നാലെയാണ് കോലി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേയ്ക്കു കയറിയത്. കഴിഞ്ഞ 5 ഏകദിന മത്സരങ്ങളിൽ നിന്ന് 2 സെഞ്ചറിയും 3 അർധ സെഞ്ചറിയുമായി മിന്നും ഫോമിലാണ് താരം.
നാലു വർഷത്തിനു ശേഷമാണ് കോലി, ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. 11–ാം തവണയാണ് കോലി ഈ നേട്ടം സ്വന്തമാക്കുന്നത്. 2021 ജൂലൈയിലാണ് ഇതിനു മുൻപ് താരം ഒന്നാമെത്തിയത്. 2013 ഒക്ടോബറിലാണ് കോലി ആദ്യമായി നമ്പർ വൺ ആയത്. ആകെ 825 ദിവസം ഈ സ്ഥാനത്ത് തുടർന്നു. ഒന്നാം റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ കാലമിരുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡ് കോലിയുടെ പേരിലാണ്.
അതേസമയം, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ, രണ്ടു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാമതായി. ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ അർധസെഞ്ചറി നേടിയ ഡാരിൽ മിച്ചലാണ് രണ്ടാമത്. അഞ്ചാമതുള്ള ശുഭ്മാൻ ഗിൽ, പത്താമതുള്ള ശ്രേയസ് അയ്യർ എന്നിവരാണ് ടോപ് 10ലുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ. കെ.എൽ.രാഹുൽ 11–ാം സ്ഥാനത്തുണ്ട്.
ന്യൂസീലൻഡിനെതിരെ രണ്ടാം ഏകദിനത്തിൽ 23 റൺസെടുത്ത വിരാട് കോലി, കിവീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റർ എന്ന റെക്കോർഡും നേടി. ഇന്നിങ്സിൽ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് കോലി നേട്ടം സ്വന്തമാക്കിയത്. 41 ഇന്നിങ്സുകളിൽനിന്ന് 1750 റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് 35 ഇന്നിങ്സുകളിലാണ് കോലി മറികടന്നത്. 50 ഇന്നിങ്സുകളിൽനിന്ന് 1971 റൺസുള്ള ഓസീസ് മുൻ താരം റിക്കി പോണ്ടിങ്ങാണ് ഇനി കോലിക്ക് മുന്നിലുള്ളത്.
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിനിടെ രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസെന്ന നാഴികക്കല്ല് കോലി (28,068) പിന്നിലിട്ടിരുന്നു. റൺനേട്ടത്തിൽ ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ മറികടന്ന് രണ്ടാമതെത്തുകയും ചെയ്തു. ഇനി മുന്നിൽ സച്ചിൻ തെൻഡുൽക്കർ (34,357) മാത്രം.
English Summary:








English (US) ·