നാല് ഓവർ, 12 ഡോട്ട് ബോൾ, 2 വിക്കറ്റ്; പഞ്ചാബിനെ പിടിച്ചുകെട്ടിയ ക്രുനാലിന്റെ ഏറ്, കാത്തുകാത്തിരുന്ന ആ കിരീടം വന്ന വഴി..!

7 months ago 10

അഹമ്മദാബാദ് ∙ എല്ലാവരും ആഗ്രഹിച്ചതുപോലെ ഐപിഎൽ ട്രോഫിയും കൊതിച്ചിട്ടുണ്ടാകില്ലേ... ഒരിക്കലെങ്കിലും വിരാട് കോലി എന്ന ‘കിങ് കോലി’യുടെ കൈകളിൽ എത്തണമെന്ന്! ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ആ കാത്തിരിപ്പിന് ഇതാ പരിസമാപ്തി! ആവേശം കൊടുമുടി കയറിയ ഫൈനലിനൊടുവിൽ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഐപിഎലിലെ കപ്പും കിങ്ങും കണ്ടുമുട്ടി. കന്നിക്കിരീടം മോഹിച്ചെത്തിയ പഞ്ചാബ് കിങ്സിനെ 6 റൺസിന് കീഴടക്കിയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎലിലെ കിരീട ദാരിദ്ര്യത്തിനു വിരാമമിട്ടത്.

18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിന്റെ കുതിപ്പിനു കടി‍ഞ്ഞാൺ പിടിക്കുന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയായി ഈ കിരീടം; 2022 ഫുട്ബോൾ ലോകകപ്പിൽ ലയണൽ മെസ്സിക്കായി കിരീടം പൊരുതി നേടിയ അർജന്റീന ടീമിനെപ്പോലെ! ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43).

2016ലെ ഐപിഎൽ ഫൈനലിൽ ഹൈദരാബാദിനോട് 9 റൺസിന് പരാജയപ്പെട്ടതിന്റെ നിരാശ മായ്ക്കുന്നതാണ് 9 വർഷത്തിനുശേഷം ബെംഗളൂരു നേടിയ ഈ കിരീടവിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത് ബെംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ പോരാട്ടം 184 റൺസിൽ അവസാനിച്ചു. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 2 നിർണായക വിക്കറ്റുകൾ പിഴുത ബെംഗളൂരു ബോളർ ക്രുനാൽ പാണ്ഡ്യയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

∙ ക്രുനാലിന്റെ വരവ് !

191 റൺസ് വിജയലക്ഷ്യം തേടിയിറങ്ങുമ്പോൾ ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിലായിരുന്നു പഞ്ചാബ്. ഈ സീസണിൽ മുൻപ് 8 തവണ 200നു മുകളിൽ സ്കോർ കണ്ടെത്തിയ പഞ്ചാബിന്റെ ബാറ്റിങ് നിരയ്ക്ക് കടലാസിലും കണക്കിലും കരുത്തു കൂടുതലായിരുന്നു. ഓപ്പണർ പ്രിയാംശ് ആര്യ (19 പന്തിൽ 24) അഞ്ചാം ഓവറിൽ പുറത്തായെങ്കിലും പ്രഭ്സിമ്രൻ സിങ്ങും (22 പന്തിൽ 26) ജോഷ് ഇംഗ്ലിസും (23 പന്തിൽ 39) ചേർന്ന് ആദ്യ 8 ഓവറിൽ 70 റൺസ് നേടി.

ഒൻപതാം ഓവറിൽ സ്പിന്നർ ക്രുനാൽ പാണ്ഡ്യ, പ്രഭ്സിമ്രന്റെ (26) നിർണായക വിക്കറ്റു വീഴ്ത്തിയതോടെ ബെംഗളൂരു കളിയിലേക്കു തിരിച്ചെത്തി. ശ്രേയസ് അയ്യരെ (2 പന്തിൽ 1) തൊട്ടടുത്ത ഓവറിൽ റൊമാരിയോ ഷെപ്പേഡ് വീഴ്ത്തിയതും വഴിത്തിരിവായി. തകർത്തടിച്ച ജോഷ് ഇംഗ്ലിസിനെ (39) പുറത്താക്കി ക്രുനാൽ വീണ്ടും ആഞ്ഞടിച്ചതോടെ ബെംഗളൂരു ഫൈനലിൽ പിടിമുറുക്കി.

അവസാന 5 ഓവറിൽ 72 റൺസായി വിജയലക്ഷ്യം ഉയർന്നത് പഞ്ചാബിന്റെ ഹിറ്റർമാരെയും സമ്മർദത്തിലാക്കി. ശശാങ്ക് സിങ്ങിന്റെ ആളിക്കത്തൽ (30 പന്തിൽ 61 നോട്ടൗട്ട്) നേരിയ പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറിലെ 29 റൺസ് വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിനായില്ല.

∙ പഞ്ചാബിന്റെ തുടക്കം

പേസ് കൂട്ടിയും കുറച്ചും ബാറ്റർമാരെ കബളിപ്പിച്ച ഫാസ്റ്റ് ബോളർമാരുടെ കരുത്തിൽ പഞ്ചാബാണ് മത്സരത്തിന്റെ തുടക്കത്തിൽ കളം നിറഞ്ഞത്. 3 വിക്കറ്റ് വീതം നേടിയ കൈൽ ജയ്മിസനും അർഷ്‌ദീപ് സിങ്ങും ചേർന്ന് ടീം സ്കോർ 200 റൺസ് തികയ്ക്കും മുൻപേ ബെംഗളൂരുവിനെ തളച്ചിട്ടു.

ഇന്നിങ്സിൽ ഒരു അർധ സെഞ്ചറി പോലുമുണ്ടായില്ലെങ്കിലും ബാറ്റർമാരുടെ കൂട്ടായ പ്രയത്നമാണ് ബെംഗളൂരുവിനു പൊരുതാനുള്ള ടോട്ടൽ സമ്മാനിച്ചത്.   കോലിക്കു പുറമേ, മയാങ്ക് അഗർവാൾ (18 പന്തിൽ 24), രജത് പാട്ടിദാർ (16 പന്തിൽ 26), ലിയാം ലിവിങ്സ്റ്റൻ (15 പന്തിൽ 25), ജിതേഷ് ശർമ (10 പന്തിൽ 24) എന്നിവരും അവസരത്തിനൊത്തുയർന്ന് സ്കോറുയർത്തി.

English Summary:

RCB Ends Title Drought: Virat Kohli's RCB Triumphs successful Thrilling IPL Final

Read Entire Article