
ഷമി മകളെ കണ്ടപ്പോൾ, ഹസിൻ ജഹാൻ | Photo: Instagram/ Mohammed Shami, PTI
കൊല്‍ക്കത്ത: മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. എന്നാല്‍ ജീവനാംശംമായി നല്‍കേണ്ട തുകയില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നാണ് ഹസിന്‍ ജഹാന്റെ അഭിഭാഷക പറയുന്നത്. തുക ആറുലക്ഷമായി ഉയര്‍ന്നേക്കാമെന്ന് അഭിഭാഷക ഇംത്യാസ് അഹമ്മദ് പറയുന്നു.
'ഹസിൻ ജഹാന് ഇത് ഏറ്റവും നല്ല നിമിഷമാണ്. 2018 മുതൽ 2024 വരെ അവർ നിരന്തരം അലയുകയായിരുന്നു. ഇന്നലെ കോടതിയിൽ പ്രഖ്യാപിച്ചത് ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയും പ്രതിമാസം നൽകണമെന്നാണ്. മകൾക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം അത് ഷമി നൽകണം.' - ഹസിൻ ഹജാന്റെ അഭിഭാഷക പറഞ്ഞു.
ഇടക്കാല ഉത്തരവിന്റെ പ്രധാന അപേക്ഷ ആറ് മാസത്തിനുള്ളിൽ തീർപ്പാക്കാൻ ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 'ഇത് വിചാരണക്കോടതിയിൽ തിരിച്ചെത്തി, ജീവനാംശത്തെക്കുറിച്ചുള്ള വാദം കേൾക്കൽ പൂർത്തിയാകുമ്പോൾ അത് 6 ലക്ഷം രൂപയായി ഉയർത്തപ്പെടാൻ നല്ല സാധ്യതയുണ്ട്. കാരണം ഹസിൻ ജഹാന്റെ അപേക്ഷയിൽ അവർ 7 ലക്ഷം രൂപയും 3 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. '- അഭിഭാഷക പറഞ്ഞു.
ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. അതിനാൽ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.
ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
Content Highlights: Hasin Jahans Lawyer Says Maintenance Expense May Rise Mohammed Shami








English (US) ·