20 September 2025, 06:57 PM IST

Photo: AP
ന്യൂഡല്‍ഹി: ഹസ്തദാന വിവാദം കെട്ടടങ്ങും മുന്‍പേ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടും നേര്‍ക്കുനേര്‍ വരികയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് സൂപ്പര്‍ ഫോര്‍ മത്സരം. ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിന്റെയും, ഇതിനകം ഉടലെടുത്ത വിവാദങ്ങളുടെയും പശ്ചാതലത്തില്‍ കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി പാകിസ്താന്‍ ഒരു സൈക്കോളജിസ്റ്റിനെ നിയമിച്ചതായാണ് റിപ്പോര്‍ട്ട്.
പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി കളിക്കാരുടെ സമ്മര്‍ദം നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സമ്മര്‍ദ ഘട്ടങ്ങളില്‍ സംയമനം പാലിക്കാനും സഹായിക്കുന്നതിനായി പിസിബി ഡോ. റഹീല്‍ കരീമിന്റെ സേവനം തേടിയിരിക്കുകയാണ്. അതേസമയം വന്‍ പോരാട്ടത്തിന് മുന്നോടിയായി പാകിസ്താന്‍ ടീം വാര്‍ത്താസമ്മേളനം വീണ്ടും റദ്ദാക്കി. യുഎഇക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുന്‍പും പാകിസ്താന്‍ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.
ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഹസ്തദാനത്തിന്റെ പേരില്‍ ആരോപണവിധേയനായ ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരിക്കും ഞായറാഴ്ചത്തെ മത്സരത്തിലും മാച്ച് റഫറിയായി ഉണ്ടാവുക. പൈക്രോഫ്റ്റ് തന്നെയായിരിക്കും മത്സരം നിയന്ത്രിക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീം ഹസ്തദാനം ഒഴിവാക്കിയതോടെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പാകിസ്താന്‍ പൈക്രോഫ്റ്റിനെതിരേ തിരിഞ്ഞു. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്ന് പൈക്രോഫ്റ്റിനെ മാറ്റിനിര്‍ത്തണമെന്നും അല്ലാത്തപക്ഷം പാകിസ്താന്‍ ടൂര്‍ണമെന്റില്‍നിന്ന് മാറിനില്‍ക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഐസിസി പാകിസ്താന്റെ അഭ്യര്‍ഥന തള്ളി. പൈക്രോഫ്റ്റിന് ചുമതല തുടരാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.
Content Highlights: Pakistan Cancels Press Conference, Andy Pycroft to officiate India-Pakistan Super 4 clash








English (US) ·