21 March 2025, 09:38 AM IST

സ്യൂ ശൈലിയിൽ ഗോളാഘോഷിച്ച ഡെന്മാർക്കിന്റെ റാസ്മസ് ഹൊയ്‌ലുണ്ടിനെ നോക്കിനിൽക്കുന്ന ക്രിസ്റ്റിയാനോ | AFP
യുവേഫ നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദത്തില്‍ ജര്‍മനി, ക്രൊയേഷ്യ, ഡെന്മാര്‍ക്ക് ടീമുകള്‍ക്ക് ജയം. നെതര്‍ലന്‍ഡ്‌സ് - സ്‌പെയിന്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രൊയേഷ്യയുടെ ആദ്യപാദ വിജയം. ജര്‍മനി ഇറ്റലിക്കെതിരേ 2-1നും ഡെന്മാര്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് ജയിച്ചത്. നെതര്‍ലന്‍ഡ്‌സും സ്‌പെയിനും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഒന്‍പതാം മിനിറ്റില്‍ സാന്ദ്രോ ടൊനാലി ഇറ്റലിക്ക് ലീഡ് നല്‍കിയെങ്കിലും ജര്‍മനി രണ്ടാംപകുതിയില്‍ രണ്ടു ഗോളുകള്‍ നേടി ജയിച്ചു. 49-ാം മിനിറ്റില്‍ ടിം ക്ലെന്‍ഡിയെന്‍സ്റ്റും 79-ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചുമാണ് ഗോളുകള്‍ നേടിയത്. സ്വന്തം തട്ടകത്തിലാണ് ക്രൊയേഷ്യ ഫ്രാന്‍സിനെ തകര്‍ത്തത്. ആന്റെ ബുദിമിറും ഇവാന്‍ പെരിസിച്ചുമാണ് ഗോള്‍ നേടിയത്.
പോര്‍ച്ചുഗലിനെതിരേ ഡെന്മാര്‍ക്കിനായി റാസ്മസ് ഹൊയ്‌ലുണ്ടാണ് വലകുലുക്കിയത്. മറുപുറത്ത് ക്രിസ്റ്റ്യാനോ മുഴുവന്‍ സമയവും കളിച്ചിട്ടും ടീമിനെ ജയത്തിലെത്തിക്കാനായില്ല. ക്രിസ്റ്റിയാനോയെ സാക്ഷിനിര്‍ത്തി സ്യൂ സ്‌റ്റൈലിലായിരുന്നു ഹൊയ്‌ലുണ്ടിന്റെ ഗോളാഘോഷം. സ്‌പെയിനിനായി നിക്കോ വില്യംസ്, മികെല്‍ മെറീനോ എന്നിവരും നെതർലൻഡ്നാസിനായി കോഡി ഗാക്‌പോ, തിജ്ജാനി റെയിന്‍ഡേഴ്‌സ് എന്നിവരും വല ചലിപ്പിച്ച് മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. രണ്ടാംപാദ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും.
Content Highlights: uefa nations league germany croatia denmark win








English (US) ·