തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനംചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'സ്വയംഭൂ'. നായകന്‍ നിഖിലിന്റെ ജന്മദിനം പ്രമാണിച്ച് ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാര്‍ത്തികേയ 2' എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ 20-ാമത്തെ ചിത്രമാണ് ഇത്. നിഖില്‍, നായികയായ സംയുക്ത മേനോന്‍ എന്നിവരെയാണ് പുതിയ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങള്‍. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൈയില്‍ വാളുമായി യുദ്ധത്തിന് നടുവില്‍ നില്‍ക്കുന്ന ധീരനായ ഒരു യോദ്ധാവായി ആണ് നിഖിലിനെ ഈ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൈയില്‍ അമ്പും വില്ലുമായി ലക്ഷ്യം ഭേദിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ലുക്കിലാണ് സംയുക്തയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ശക്തിയുടെയും നീതിയുടെയും പര്യായമായ പുരാതനമായ ഒരു ചെങ്കോലും കാണാന്‍ സാധിക്കും. പുരാതന കാലം മുതലുള്ള ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായ ചെങ്കോല്‍ ഒരു പ്രതീകമായാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ ചരിത്രത്തിനും സംസ്‌കാരത്തിനും ആദരമര്‍പ്പിച്ചുകൊണ്ട് നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വരെ ഒരു ചെങ്കോല്‍ സ്ഥാപിച്ചിട്ടുണ്ട് എന്നത് ഇതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.
വമ്പന്‍ ബജറ്റും ഉയര്‍ന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാന്‍വാസില്‍ പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വൈകാതെ പുറത്ത് വരും.
ഛായാഗ്രഹണം: കെ.കെ. സെന്തില്‍ കുമാര്‍, സംഗീതം: രവി ബസ്രൂര്‍, എഡിറ്റിങ്: തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍സ്: എസ്.എം. പ്രഭാകരന്‍, രവീന്ദര്‍, സംഭാഷണം: വിജയ് കാമിസേട്ടി, ആക്ഷന്‍: കിങ് സോളമന്‍, സ്റ്റണ്ട് സില്‍വ, വരികള്‍: രാമജോഗയ്യ ശാസ്ത്രി, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.
Content Highlights: Nikhil day poster From Swayambhu
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·