മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായി വാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് എങ്ങുമെത്താതെ പോയ വിനോദ് കാംബ്ലിയെ പണ്ട് ഉപദേശിച്ചു നേരെയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം വെളിപ്പെടുത്തി മുൻ താരം യോഗ്‌രാജ് സിങ്. ഇങ്ങനെ പോയാൽ എല്ലാം അവസാനിക്കുമെന്ന് കാംബ്ലിക്കു മുന്നറിയിപ്പു നൽകിയെങ്കിലും, അത് ഗൗനിക്കാൻ അദ്ദേഹം തയാറായില്ലെന്ന് മുൻ താരം യുവരാജ് സിങ്ങിന്റെ പിതാവു കൂടിയായ യോഗ്‌രാജ് വെളിപ്പെടുത്തി. പരസ്ത്രീ ബന്ധം ഉൾപ്പെടെ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, നിങ്ങളുടെയൊക്കെ കാലം കഴിഞ്ഞതല്ലേ എന്നായിരുന്നു കാംബ്ലിയുടെ മറുപടിയെന്നും യോഗ്‌രാജ് പറഞ്ഞു.
‘‘അനാവശ്യമായ പാർട്ടികളും പുകവലിയും പരസ്ത്രീ ബന്ധവുമെല്ലാം അവസാനിപ്പിക്കാൻ ഞാൻ വിനോദ് കാംബ്ലിയെ ഒരിക്കൽ ഉപദേശിച്ചതാണ്. ഇങ്ങനെ പോയാൽ അയാൾ വലിയ താമസമില്ലാതെ തീർന്നുപോകുമെന്നും ഞാൻ മുന്നറിയിപ്പു നൽകിയതാണ്. എല്ലാം നഷ്ടപ്പെട്ട് ഇരുന്നു കരയേണ്ടി വരുമെന്നും അന്നു ഞാൻ കാംബ്ലിയോട് പറഞ്ഞു.’ – യോഗ്‍രാജ് സിങ് വിശദീകരിച്ചു.
‘‘ഇക്കാര്യം സൂചിപ്പിക്കാനായി ഞാൻ അദ്ദേഹത്തോട് വ്യക്തിപരമായും സംസാരിച്ചു. പക്ഷേ, കാംബ്ലിയുടെ പ്രതികരണം അനുകൂലമായിരുന്നില്ല. ഒടുവിൽ അയാൾക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കൂ.’ – യോഗ്‍രാജ് പറഞ്ഞു.
‘‘ഞാൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ താങ്കളുടെയൊക്കെ സമയം കഴിഞ്ഞു എന്നായിരുന്നു കാംബ്ലിയുടെ പ്രതികരണം. താനാണ് രാജാവ് എന്ന രീതിയിലായിരുന്നു അന്ന് കാംബ്ലിയുടെ ജീവിതം. ആരും ഒരിക്കലും ക്രിക്കറ്റിനേക്കാൾ വലിയവരല്ല എന്നത് മറക്കരുത്’ – യോഗ്‍രാജ് പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന സച്ചിൻ തെൻഡുൽക്കറിനൊപ്പം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയ താരമായിരുന്നു വിനോദ് കാംബ്ലി. 1988ൽ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റായ ഹാരിസ് ഷീൽഡ് ട്രോഫിയിൽ ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിനു വേണ്ടിയുള്ള റെക്കോർഡ് കൂട്ടുകെട്ടോടെ ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ച സച്ചിനും കാംബ്ലിയും പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ടീമിലുമെത്തി. 16–ാം വയസ്സിൽ പാക്കിസ്ഥാൻ പരമ്പരയിലെ മികച്ച പ്രകടനത്തോടെ സച്ചിനും രണ്ടു വർഷത്തിനു ശേഷം തുടരെ 2 ടെസ്റ്റ് സെഞ്ചറികളോടെ കാംബ്ലിയും പേരെടുത്തു.
എന്നാൽ പിന്നീട് ഇരുവരുടെയും കരിയർ മുന്നോട്ടു പോയത് വ്യത്യസ്ത ദിശകളിൽ. അച്ചടക്കമില്ലായ്മയും കളിക്കളത്തിനു പുറത്തെ വിവാദങ്ങളും കാംബ്ലിയുടെ കരിയറിനു തടസ്സമായപ്പോൾ സച്ചിൻ എക്കാലത്തെയും ഇതിഹാസതാരങ്ങളിലൊരാളായി വളർന്നു. സച്ചിൻ 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചപ്പോൾ കാംബ്ലിക്കു കളിക്കാനായത് 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും മാത്രം. ക്രിക്കറ്റ് വിട്ട് സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഒരു കൈ നോക്കിയെങ്കിലും കാംബ്ലിക്ക് ഒരിടത്തും ഉറച്ചു നിൽക്കാനായില്ല.
അസുഖങ്ങളും വിടാതെ പിടികൂടിയതോടെ കാംബ്ലി കഷ്ടപ്പാടിലായി. ഇടയ്ക്ക് സച്ചിൻ ഉൾപ്പെടെയുളളവർ കാംബ്ലിക്കു സഹായവുമായെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശാരീരിക അവശതകളും സാമ്പത്തിക ബുദ്ധിമുട്ടും വിടാതെ പിടികൂടിയതോടെ കാംബ്ലിക്കു കൈത്താങ്ങുമായി അടുത്തിടെ സുനിൽ ഗാവസ്കറും രംഗത്തെത്തിയിരുന്നു. ഗാവസ്കറുടെ നേതൃത്വത്തിലുള്ള ചാംപ്സ് ഫൗണ്ടേഷൻ കാംബ്ലിക്കു മാസം തോറും 30,000 രൂപ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനു പുറമേ ഓരോ വർഷവും മെഡിക്കൽ ചെലവുകൾക്കായി 30,000 രൂപയും നൽകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
English Summary:








English (US) ·