നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പരമുനായർ,ഉപ്പുംമുളകിലെ കുട്ടൻപിള്ള; ജനഹൃദയത്തിൽ ഇടംപിടിച്ച കലാകാരൻ

5 months ago 6

kpac rajendran

കെപിഎസി രാജേന്ദ്രൻ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ പരമുനായരായി അഭിനയിക്കുന്നു, കെപിഎസി രാജേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി (ഫയൽ ചിത്രം)

കായംകുളം: നാടകത്തിലും സീരിയലിലും കെപിഎസി രാജേന്ദ്രൻ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചവയായിരുന്നു. കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം ഒരേപോലെ ഇഷ്ടമുള്ളവ. നാടകസങ്കൽപ്പം ഉയർത്തിപ്പിടിക്കുന്ന അനുഗൃഹീതനായ ഒരു നടനെയും സംഘാടകനെയുമാണ് കെപിഎസിക്കു നഷ്ടമായത്. ഉപ്പുംമുളകും എന്ന സീരിയലിലെ പടവലം കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെ രാജേന്ദ്രന് ഏറെ ജനപ്രീതി ലഭിച്ചു.

കെപിഎസിയിൽ 43 വർഷമായി സജീവസാന്നിധ്യമായിരുന്നു രാജേന്ദ്രൻ. കെപിഎസിയിലെ പ്രധാന നടനും സംഘാടകനുമായിരുന്നു. തോപ്പിൽ ഭാസിയുടെ വിയോഗത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ നാടകങ്ങൾ കെപിഎസിക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നതിൽ രാജേന്ദ്രൻ നിർണായക പങ്ക് വഹിച്ചിരുന്നു. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ നായക കഥാപാത്രം പരമുനായരായി കാമ്പിശ്ശേരി കരുണാകരനും പി.ജെ. ആന്റണിക്കും ശേഷം രാജേന്ദ്രനാണ് വേഷമിട്ടത്. കെപിഎസി ഏറ്റവും കൂടുതൽ അവതരിപ്പിച്ച നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിൽ 25 വർഷമായി നായകകഥാപാത്രമായി വേഷമിടുന്നുണ്ട്.

കെപിഎസിയുടെ 30-ഓളം നാടകങ്ങളിൽ രാജേന്ദ്രൻ അഭിനയിച്ചു. നാടക ട്രൂപ്പിന്റെ കൺവീനറായും ദീർഘകാലം പ്രവർത്തിച്ചു. ഇടക്കാലത്ത് സീരിയൽ വേഷങ്ങളിലേക്കു തിരിഞ്ഞപ്പോഴാണ് കെപിഎസിയുടെ പുതിയ നാടകങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിന്നത്.

രാജേന്ദ്രൻ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷമാണ് കലാരംഗത്തേക്കു പ്രവേശിച്ചത്. 1983 മുതൽ അദ്ദേഹം കെപിഎസിയിലുണ്ട്. എസ്എൽ പുരം സദാനന്ദന്റെ സിംഹം ഉറങ്ങുന്ന കാട് എന്ന നാടകത്തിനുവേണ്ടിയാണ് അദ്ദേഹം കെപിഎസിയിൽ എത്തുന്നത്. കഴിഞ്ഞമാസം കേരള സംഗീതനാടക അക്കാദമി കെപിഎസി രാജേന്ദ്രന് ഗുരുപൂജ അവാർഡ് നൽകിയിരുന്നു.

മുണ്ടക്കയം ചിറ്റടിയിൽ ളാഹയിൽ വീട്ടിൽ രാമൻനായരുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനാണ്. വർഷങ്ങളായി കായംകുളത്താണ് താമസിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വ്യാഴാഴ്ചയാണ് അദ്ദേഹം മരിച്ചത്. കെപിഎസി രാജേന്ദ്രന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, ബൈജു ചന്ദ്രൻ, ഡോ. വള്ളിക്കാവ്‌ മോഹൻദാസ്, അഡ്വ. സോളമൻ എന്നിവർ അനുശോചിച്ചു.

Content Highlights: KPAC Rajendran, a seasoned theatre and serial actor, passed away

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article