
പഹ്ലാജ് നിഹലാനി/ ഗുഡ്‌ന്യൂസ് എന്ന ചിത്രത്തിൽ അക്ഷയ് കുമാറും കരീനാ കപൂറും | Photo: PTI/ X
ബോളിവുഡ് സിനിമയിലെ വര്‍ദ്ധിച്ചുവരുന്ന ബജറ്റിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുന്‍ തലവനുമായ പഹ്ലാജ് നിഹലാനി. നടന്‍മാരുടേയും അവരുടെ പരിവാരങ്ങളുടേയും വര്‍ധിച്ചുവരുന്ന ചെലവ് സിനിമാ വ്യവസായത്തിന് ദോഷം ചെയ്യുമെന്നും ഇപ്പോള്‍ സിനിമയില്‍ ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രധാന നടന്‍മാരാണെന്നും അദ്ദേഹം പറയുന്നു. ചിലപ്പോള്‍ സംവിധായകരെപ്പോലും സൂപ്പര്‍താരങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും യുട്യൂബ് ചാനലായ 'ലേണ്‍ ഫ്രം ദി ലെജന്‍ഡി'ന് നല്‍കിയ അഭിമുഖത്തില്‍ പഹ്‌ലാജ് പറയുന്നു.
താന്‍ സിനിമ നിര്‍മിക്കുന്ന കാലത്ത് ഇത്തരം തീരുമാനങ്ങളെടുത്തിരുന്നത് നിര്‍മാതാക്കളും സംവിധായകരുമായിരുന്നു. അന്ന് അതില്‍നിന്ന് വിപരീതമായി തനിക്കുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെയ്ക്കുന്നു. 'തലാഷ്' എന്ന ചിത്രത്തിലായിരുന്നു ഈ സംഭവം. കരീന കപൂറിനെ നായികയാക്കാന്‍ അക്ഷയ് കുമാര്‍ നിര്‍ബന്ധം പിടിച്ചുവെന്ന് പഹ്‌ലാജ് പറയുന്നു.
'മുമ്പ് നിര്‍മാതാക്കളും സംവിധായകരുമായിരുന്നു കാസ്റ്റിംഗ് ചെയ്തിരുന്നത്യ നായകന്‍മാര്‍ അതില്‍ ഇടപെടാറുണ്ടായിരുന്നില്ല. ഞാന്‍ നിര്‍മിച്ച സിനിമകളില്‍ ഇത്തരം ഒരു ഇടപെടല്‍ നടത്തിയ നടന്‍ അക്ഷയ് കുമാര്‍ ആയിരുന്നു. തലാഷ് എന്ന ചിത്രത്തിലായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു, 'നാളെ സിനിമയുടെ ഷൂട്ടിങ് തുടങ്ങാം, നിങ്ങള്‍ക്ക് ഇഷ്ടമുള്ള പണം എനിക്ക് തരാം, പക്ഷേ ഈ സിനിമയിലെ നായിക കരീന കപൂര്‍ ആയിരിക്കും.' അന്നത്തെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായിരുന്നു അത്. 22 കോടി രൂപയ്ക്കാണ് നിര്‍മിച്ചത്. എന്റെ കരിയറില്‍ ആദ്യമായിട്ടായിരുന്നു ഒരു നടന്‍ ഒരു പ്രത്യേക അഭിനേതാവിനെ ആവശ്യപ്പെട്ടത്.'-പഹ്‌ലാജ് പറയുന്നു.
തന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു നടിക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് അക്ഷയ് കരീനയെ കാസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചതെന്ന് പഹ്ലാജ് പങ്കുവെച്ചു. 'ചിലപ്പോള്‍ നടന്മാര്‍ക്ക് പ്രായമാകുമ്പോള്‍ അവര്‍ക്ക് പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടാകും. അങ്ങനെ വരുമ്പോള്‍ അവരുടെ പ്രായം കുറഞ്ഞതായി തോന്നും. ഞാന്‍ ആദ്യമായി അങ്ങനെ കേള്‍ക്കുന്നത് അപ്പോഴാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ നടന്മാര്‍ എല്ലാം തീരുമാനിക്കുകയും നിര്‍മാതാക്കള്‍ ഒരു കൊറിയര്‍ സര്‍വീസ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.'-പഹ്‌ലാജ് ചൂണ്ടിക്കാണിക്കുന്നു.
ബോളിവുഡ് സിനിമാ വ്യവസായത്തില്‍ അനാവശ്യമായി വര്‍ധിച്ചുവരുന്ന ചെലവിനെ കുറിച്ചും പഹ്‌ലാജ് സംസാരിച്ചു. 'ഒരാള്‍ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ 10 പേരെ ജോലിക്കെടുക്കുന്നു. മുമ്പ് ഒരു വാനിറ്റി വാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നടന്മാര്‍ക്ക് ആറ് വാനിറ്റി വാനുകള്‍ വേണം - ഒന്ന് വ്യായാമത്തിന്, ഒന്ന് അടുക്കളയായി ഉപയോഗിക്കാന്‍, ഒന്ന് മീറ്റിങ്ങുകള്‍ക്ക്. ആറ് വാനിറ്റി വാനുകള്‍ ചോദിക്കുന്ന ആ നടന്മാര്‍ക്ക് ലജ്ജ തോന്നണം. മുമ്പ് മേക്കപ്പ്മാന്‍ മാത്രമാണ് നടന്മാരോടൊപ്പം പോയിരുന്നത്. ഇപ്പോള്‍ അവര്‍ക്ക് പ്രത്യേകം ഹെയര്‍ ഡ്രസ്സറേയും കണ്ണാടി പിടിക്കാന്‍ ഒരാളേയും വേണം. അവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ബില്ലുകളാണ് നല്‍കുന്നത്. മുന്‍പ് അവര്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം കൊണ്ടുവരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഡയറ്റ് ഫുഡ് വേണം. അവര്‍ക്ക് രാത്രിയില്‍ മയക്കുമരുന്നും രാവിലെ ഡയറ്റ് ഫുഡും വേണം.'-പഹ്‌ലാജ് ചൂണ്ടിക്കാണിക്കുന്നു.
Content Highlights: pahlaj nihalani recalls akshay kumar forcing kareena Kapoors casting
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·