
കെ.പി. ഉമ്മർ (ഫയൽ ചിത്രം) | Photo: Mathrubhumi Archives
അരങ്ങ് നല്‍കിയ അനുഭവങ്ങളാണ് അഭിനയത്തില്‍ കെ.പി. ഉമ്മര്‍ എന്ന നടന് കരുത്തായത്. ചുവന്ന മണ്ണിലെ നാടകകാലത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഉമ്മറില്‍ നിന്നും വാക്കുകള്‍ പെരുമഴയായ് പെയ്തിറങ്ങുക പതിവാണ്. നാടകത്തെ നെഞ്ചേറ്റിയ ആ വര്‍ത്തമാനങ്ങള്‍ ഷൂട്ടിങ് സമയത്തെ ഇടവേളകളില്‍ പലപ്പോഴും ത്യാഗരാജനും കേട്ടിട്ടുണ്ട്. അത്രയേറെ തീക്ഷ്ണമായിരുന്നു ആ അനുഭവങ്ങള്‍. സംഘട്ടനരംഗത്ത് ചുവടുറപ്പിക്കും മുന്‍പ് നാടകനടനായി നിറഞ്ഞാടിയ ഒരു കാലം ത്യാഗരാജന്റെ ജീവിതത്തിലുമുണ്ടല്ലോ. അതുകൊണ്ടുകൂടിയാവാം ഉമ്മറും ത്യാഗരാജനും തമ്മിലുള്ള സൗഹൃദത്തിന് വല്ലാത്തൊരു ഇഴയടുപ്പമുണ്ടായത്. സ്റ്റണ്ട് രംഗങ്ങളില്‍ ഉമ്മറിന് ഡ്യൂപ്പ് നിര്‍ബന്ധമായിരുന്നു. ഒട്ടും റിസ്‌കില്ലാത്ത ഷോട്ടുകളില്‍ പോലും ഉമ്മറിനായി ത്യാഗരാജന്‍ ഡ്യൂപ്പിനെ നിര്‍ത്തിയിരുന്നു.
'നിങ്ങള്‍ പറയുന്നപോലെ ഉയരത്തില്‍ നിന്ന് ചാടാനും മറിയാനുമൊന്നും എന്നെക്കൊണ്ടാവില്ല.' ആക്ഷന്‍ സ്വീക്വന്‍സുകള്‍ വരുമ്പോള്‍ ഉമ്മര്‍ സ്റ്റണ്ട് മാസ്റ്റര്‍മാരോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയില്‍ സജീവമായിരുന്ന നടനായിരുന്നു കെ.പി.ഉമ്മര്‍. കരിയറില്‍ ഏറെയും അവതരിപ്പിച്ചത് നെഗറ്റീവ് വേഷങ്ങളായതുകൊണ്ടാവാം 'സുന്ദരനായ വില്ലന്‍' എന്ന വിശേഷണമായിരുന്നു പ്രേക്ഷകര്‍ ഉമ്മറിന് ചാര്‍ത്തിക്കൊടുത്തത്. ഉമ്മറിന്റെ വില്ലന്മാര്‍ ബാലന്‍ കെ നായരുടെയോ ജോസ്പ്രകാശിന്റെയോ അത്ര ക്രൂരന്മാരുമായിരുന്നില്ല.
മുപ്പതുവര്‍ഷത്തിലേറെ നീണ്ട സൗഹൃദമാണ് ത്യാഗരാജന് ഉമ്മറുമായുള്ളത്. സൗഹൃദങ്ങള്‍ക്ക് എന്നും വലിയ വിലകല്പിച്ച ആളായിരുന്നു ഉമ്മര്‍. കറുപ്പിലും വെളുപ്പിലും തുടങ്ങി കളറിലേക്കുള്ള പ്രയാണത്തില്‍ നായകനും ഉപനായകനും പ്രതിനായകനുമായി ഉമ്മര്‍ അഭിനയിച്ച നൂറോളം സിനിമകളില്‍ ഫൈറ്റ് മാസ്റ്ററായി ത്യാഗരാജനുമുണ്ടായിരുന്നു. മദിരാശിയിലെ വിവിധ സ്റ്റുഡിയോ ഫ്‌ളോറുകളില്‍ വിവിധ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി അവര്‍ ഒരുമിച്ചു.
ഹരിഹരന്‍ സംവിധാനം ചെയ്ത ബാബുമോനിലെ ഫൈറ്റ് ചിത്രീകരിക്കുന്ന സമയം. സെറ്റിലേക്ക് കടന്നുവന്ന ഉമ്മര്‍ അല്പം ഗൗരവത്തില്‍ പറഞ്ഞു.
'ഈ ത്യാഗരാജനെ കൊണ്ട് തോറ്റു. എല്ലാ പടത്തിലും നിങ്ങള്‍ അടിപിടിയുമായി വന്നാല്‍ എന്നെപ്പോലുള്ള പാവം നടന്മാര്‍ എന്തുചെയ്യും?'
എല്ലാവരുടെയും മുന്നില്‍വെച്ച് ഉമ്മര്‍ അങ്ങനെ പറഞ്ഞത് ത്യാഗരാജനില്‍ വേദനയുണ്ടാക്കി.
'സാര്‍, വിഷമിക്കേണ്ട ഇനി ഒരു പടത്തിലും ഞാന്‍ താങ്കള്‍ക്ക് വേണ്ടി ഫൈറ്റ് ചെയ്യാഞ്ഞാല്‍ പോരേ?'
ഉമ്മര്‍ അതിന് മറുപടി പറഞ്ഞില്ല. ഫൈറ്റ് ചിത്രീകരിച്ചശേഷം സംവിധായകനോടു മാത്രം പറഞ്ഞ് സെറ്റില്‍നിന്നും ത്യാഗരാജനിറങ്ങി. അതൊരു ചെറിയ പിണക്കത്തിന് തുടക്കമായി. എന്തും ആരുടെ മുഖത്തും നോക്കി വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ഉമ്മറിന്റേത്. ഇരുവര്‍ക്കും ഇടയിലുണ്ടായ മാനസികമായ അകല്‍ച്ച പൊടിപ്പും തൊങ്ങലും വെച്ച് 'ഉമ്മറും ത്യാഗരാജനും തെറ്റിപ്പിരിഞ്ഞു' എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ചു. പല നിര്‍മ്മാതാക്കളും സംവിധായകരും ത്യാഗരാജനോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു.
'ഫൈറ്റ് മാസ്റ്ററായ എന്റെ മുഖം ഉമ്മറിന് കണ്ടുമടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മുഖം കണ്ടു കണ്ടു എനിക്കും മടുക്കേണ്ടതല്ലേ. നസീര്‍ സാര്‍ പോലും പറയാത്ത ഒരു കാര്യമാണ് ഉമ്മര്‍ എന്നോട് പറഞ്ഞത്.'
ആ പിണക്കം ഏറെ നാളുകള്‍ നീണ്ടുനിന്നു. അക്കാലത്ത് ഉമ്മറിന്റെ ഫൈറ്റ് സീനുകളുള്ള ചിത്രങ്ങള്‍ കുറവായിരുന്നു. ശശികുമാറിന്റെ 'നിവേദ്യം' സിനിമയുടെ ചിത്രീകരണം സത്യാ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ പ്രേംനസീറാണ് ഉമ്മറുമായി സംസാരിച്ച് ത്യാഗരാജനുമായുള്ള പിണക്കം തീര്‍ത്തത്.
'അസ്സേ.... നിങ്ങള്‍ അങ്ങനെ പറയരുതായിരുന്നു. ത്യാഗരാജനും കൂട്ടരും നമ്മള്‍ക്ക് വേണ്ടി കഠിനമായി ജോലി ചെയ്യുന്നവരാണ്. വിയര്‍പ്പിനേക്കാള്‍ അവരുടെ ശരീരത്തില്‍ നിന്നും തെറിച്ചു വീഴുന്നത് ചോരയാണ്. അത് നമ്മള്‍ ഒരിക്കലും മറന്നുകൂടാ..'
നസീറിന്റെ വാക്കുകള്‍ കേട്ടശേഷം ഉമ്മര്‍ പറഞ്ഞു: 'അസ്സേ... ഞാന്‍ തമാശയായി പറഞ്ഞതാണ്. അത് ത്യാഗരാജന്റെ മനസ്സിനെ അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കാം'.
സ്റ്റുഡിയോയില്‍ വെച്ച് ത്യാഗരാജനെയും ഉമ്മറിനെയും ഒരുമിച്ചിരുത്തി നസീര്‍ സംസാരിച്ചു. അതോടെ അവര്‍ തമ്മിലുള്ള അകല്‍ച്ച അവിടെ അവസാനിച്ചു. ഒരുപക്ഷേ നസീറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഉമ്മറും ത്യാഗരാജനും വീണ്ടും ഒന്നിക്കില്ലായിരുന്നു.
സിനിമയുടെ തിരക്കിനിടയിലും നാടകങ്ങള്‍ കാണാനും നാടകപ്രവര്‍ത്തകരുമായി സൗഹൃദങ്ങള്‍ പങ്കുവെക്കാനും വല്ലപ്പോഴും ഒരു നാടകത്തില്‍ അഭിനയിക്കാനും ഉമ്മര്‍ സമയം കണ്ടെത്തിയിരുന്നു. പതിമൂന്നാം വയസ്സില്‍ തുടങ്ങിയ ആ നാടകതാല്പര്യം തന്റെ ജീവിതാവസാനം വരെ ഉമ്മര്‍ കാത്തുസൂക്ഷിച്ചു. ബോംബെ മലയാളി അസോസിയേഷന്‍ വാര്‍ഷികത്തിന് തോപ്പില്‍ഭാസിയുടെ 'അശ്വമേധം' നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ച കാലം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അശ്വമേധം കെപിഎസി അവതരിപ്പിച്ചപ്പോള്‍ ഡോ. തോമസായി വേഷമിട്ടത് കെ.പി. ഉമ്മറായിരുന്നു. ആ കഥാപാത്രം ഉമ്മര്‍ തന്നെ അവതരിപ്പിച്ചാല്‍ ഗംഭീരമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്തു പോലും ചലച്ചിത്രനടനെന്നുള്ള പ്രശസ്തിയുള്ള ഉമ്മര്‍ നാടകത്തില്‍ അഭിനയിക്കാന്‍ വരുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. പക്ഷേ, പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ ഉമ്മര്‍ വരാമെന്നേറ്റു.
നാടകം അവതരിപ്പിക്കേണ്ട ദിവസമടുത്തപ്പോള്‍ കേരളത്തിലെ ഒരു ലൊക്കേഷനില്‍ പ്രേംനസീറിനൊപ്പം തിരക്കിട്ട ഷൂട്ടിങ്ങിലായിരുന്നു ഉമ്മര്‍. നസീറുമായുള്ള ഫൈറ്റ്‌സീന്‍ മാറ്റിവെക്കാനാവാത്ത ആ സാഹചര്യത്തില്‍ ത്യാഗരാജന്‍ ഒരു നിര്‍ദ്ദേശം വച്ചു. ഡോ. തോമസായി അഭിനയിക്കാന്‍ മറ്റൊരാളെ അയച്ചാലോ. ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഉമ്മറിന്റെ മനസ്സില്‍ ഒരു മുഖം തെളിഞ്ഞു. സിനിമയിലെത്തും മുന്‍പ് ഇന്ത്യന്‍ നേവിയിലെ ജോലിക്കാലത്ത്, അവിടുത്തെ വാര്‍ഷികത്തിന് അശ്വമേധം നാടകത്തില്‍ ഡോ. തോമസായി അയാള്‍ അഭിനയിച്ചിട്ടുണ്ട്. 'പഞ്ചപാണ്ഡവര്‍' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബോംബെയിലുള്ള അയാളെത്തന്നെ വിളിക്കാം. ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടു. രാവും പകലും നീണ്ട ഷൂട്ടിംഗിനിടയിലും അയാള്‍ പറഞ്ഞു:'അഭിനയിക്കാം ഉമ്മുക്കാ. റിഹേഴ്സല്‍ ഷൂട്ടിങ് കഴിഞ്ഞ രാത്രി പത്തുമണിക്ക് ശേഷമാവാം.'
രണ്ടുരാത്രികളിലെ റിഹേഴ്‌സല്‍ കൊണ്ട് നാടകം അരങ്ങിലെത്തി. തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ അനൗണ്‍സ്‌മെന്റ് വന്നു. ഷൂട്ടിങ്ങിന്റെ തിരക്ക് കാരണം കെ.പി.ഉമ്മറിന് ഇന്ന് നാടകത്തില്‍ അഭിനയിക്കാന്‍ പറ്റാത്തതു കൊണ്ട് അദ്ദേഹം നമ്മള്‍ക്ക് വേണ്ടി ഒരു വലിയ നടനെ അയച്ചിരിക്കുന്നു. അദ്ദേഹമാണ് ഈ നാടകത്തില്‍ ഡോ. തോമസായി വേഷമിടുന്നത്. ഉമ്മറിനെ കാണാന്‍ വന്നവര്‍ നിരാശരായി. കര്‍ട്ടന്‍ പൊങ്ങി. നാടകം ആരംഭിച്ചു. ഡോ. തോമസായി അരങ്ങില്‍ നില്‍ക്കുന്ന നടനെക്കണ്ട് കാണികള്‍ അമ്പരന്നു. അവര്‍ക്കത് വിശ്വസിക്കാനായില്ല. മലയാളത്തില്‍ കരുത്തിന്റെ പ്രതീകമായി നിറഞ്ഞു നില്‍ക്കുന്ന നടന്‍ ജയനായിരുന്നു അരങ്ങില്‍ ഡോ. തോമസിന്റെ വേഷത്തില്‍.
ഉമ്മറിന് പകരം ജയനെ ആ നാടകത്തിലേക്കെത്തിച്ചതില്‍ ത്യാഗരാജനുമുണ്ടായിരുന്നു വലിയൊരു പങ്ക്. പഞ്ചപാണ്ഡവരുടെ ഷൂട്ടിങ് കഴിഞ്ഞ് ബോംബെയില്‍ നിന്ന് ജയന്‍ കേരളത്തിലെത്തിയാല്‍ ഉടനെ ചിത്രീകരിക്കേണ്ട ഒരു ഫൈറ്റ് സീന്‍ മറ്റൊരു ദിവസത്തേക്ക് ത്യാഗരാജന്‍ മാറ്റിവെച്ചതു കൊണ്ടാണ് അന്ന് അശ്വമേധം നാടകം ബോംബെയില്‍ കളിക്കാന്‍ കഴിഞ്ഞത്. രണ്ടു ദിവസത്തെ രാത്രി റിഹേഴ്‌സല്‍ കൊണ്ട് ഡോ. തോമസിനെ അവതരിപ്പിക്കാന്‍ ജയന്‍ തയ്യാറായത് ഉമ്മറും ത്യാഗരാജനുമായുള്ള ഹൃദയബന്ധം കൊണ്ടുകൂടിയാണ്. അതായിരുന്നു അക്കാലം. തന്റെ സഹപ്രവര്‍ത്തകന് ഒരു പ്രയാസം നേരിട്ടാല്‍ എന്തു വിഷമം സഹിച്ചും സഹായിക്കാനുള്ള വലിയ മനസ്സ് കാണിക്കുന്ന ലോകമായിരുന്നു അന്നത്തെ സിനിമ. അവിടെ സ്റ്റാര്‍ സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ ഫൈറ്റ് മാസ്റ്റര്‍ എന്നൊന്നുമുണ്ടായിരുന്നില്ല. സൗഹൃദങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരായിരുന്നു അന്ന് ആ ലോകത്ത് ജീവിച്ചവര്‍.
Content Highlights: k p ummer thayagarajan friendship
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·