Published: December 20, 2025 11:50 AM IST
1 minute Read
അഹമ്മദാബാദ്∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും പിന്നാലെ നടക്കുന്ന ട്വന്റി20 ലോകകപ്പിലും ഓപ്പണറാകുമോയെന്ന ചോദ്യത്തിനു മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനു പിന്നാലെയാണു മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാന്റെ ചോദ്യത്തിനു സഞ്ജു തമാശരൂപണേ മറുപടി നൽകിയത്. അഞ്ചാം പോരാട്ടത്തിൽ ശുഭ്മൻ ഗില്ലിനു പകരം ഓപ്പണിങ് ബാറ്ററായി കളിക്കാനിറങ്ങിയ സഞ്ജു 22 പന്തുകളിൽ 37 റൺസാണ് അടിച്ചെടുത്തത്.
ആദ്യ മത്സരങ്ങളിലെല്ലാം ബഞ്ചിലായിരുന്ന സഞ്ജുവിന് ഗില്ലിന് പരുക്കേറ്റതോടെയാണു അവസരം ലഭിച്ചത്. ലോകകപ്പിൽ സഞ്ജുവിനെ ഓപ്പണറായി തന്നെ ഇറക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു ഇർഫാൻ പഠാന്റെ ചോദ്യമെത്തുന്നത്. ‘‘നിങ്ങൾ എന്നെ ഓപ്പണറാക്കി, എനിക്ക് ഇനെയെന്തു പറയാൻ സാധിക്കും? ഇർഫാൻ ഭായ്, ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ടീം അന്തരീക്ഷം എങ്ങനെയെന്നതു വളരെ പ്രധാനമാണ്.’’
‘‘വലിയൊരു ടൂര്‍ണമെന്റ് വരുന്നുണ്ടെന്നതു വളരെ ശരിയാണ്. എനിക്ക് ആവശ്യത്തിനു മത്സര പരിചയമുണ്ട്. അതുകൊണ്ടുതന്നെ മാനേജ്മെന്റ് എന്താണു നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് എനിക്കു നന്നായി അറിയാം. സൂര്യ ഭായ്, ഗൗതം ഭായ് എന്നിവരുമായി എനിക്കു നല്ല അടുപ്പമുണ്ട്. അവരോട് എല്ലാം തുറന്നു സംസാരിക്കാറുണ്ട്.’’– സഞ്ജു സാംസൺ വ്യക്തമാക്കി.
സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. 63 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ സഞ്ജു, നാലു ഫോറുകളും രണ്ടു സിക്സുകളും ഓപ്പണറായുള്ള മടങ്ങിവരവിൽ അടിച്ചു. 18 ട്വന്റി20 ഇന്നിങ്സുകളിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു മൂന്ന് സെഞ്ചറികളുൾപ്പടെ 559 റൺസാണ് അടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരത്തിൽ 30 റൺസ് വിജയം നേടിയതോടെ, പരമ്പര ഇന്ത്യ 3–1ന് വിജയിക്കുകയായിരുന്നു.
English Summary:








English (US) ·