Published: September 29, 2025 08:36 PM IST Updated: September 29, 2025 10:54 PM IST
1 minute Read
ദുബായ്∙ ഏഷ്യാ കപ്പ് ഫൈനൽ വിജയത്തിനു പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് രസകരമായി പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ നടന്ന മൂന്നു മത്സരങ്ങളിലും നടന്ന വിവാദങ്ങളെക്കുറിച്ചായിരുന്നു പ്രകോപനപരമായ രീതിയിൽ പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം.
ക്രിക്കറ്റിലേക്കു രാഷ്ട്രീയം കൊണ്ടുവന്ന ആദ്യത്തെ ക്യാപ്റ്റൻ നിങ്ങളാണോ എന്ന് മാധ്യമപ്രവർത്തകൻ സൂര്യകുമാറിനോട് ചോദിച്ചു. എന്നാൽ ഓപ്പണർ അഭിഷേക് ശർമയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിനെത്തിയ സൂര്യകുമാർ, സമർഥമായ മറുപടി നൽകി മാധ്യമപ്രവർത്തകന്റെ വായടപ്പിച്ചു.
പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം ഇങ്ങനെ: ‘‘നിങ്ങൾ ഇന്നു ചാംപ്യന്മാരായി. നല്ലൊരു മത്സരം കാഴ്ചവച്ചു. പക്ഷേ എന്റെ ചോദ്യം, ഈ മുഴുവൻ ടൂർണമെന്റിലും, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനോടുള്ള നിങ്ങളുടെ പെരുമാറ്റം; നിങ്ങൾ ഹസ്തദാനം ചെയ്തില്ല, ട്രോഫിക്കൊപ്പം ഫോട്ടോ സെഷൻ നടത്തിയില്ല. പിന്നെ നിങ്ങൾ ഒരു രാഷ്ട്രീയ വാർത്താസമ്മേളനം നടത്തി. ക്രിക്കറ്റ് ചരിത്രത്തിൽ, ക്രിക്കറ്റ് കളിയിലേക്ക് രാഷ്ട്രീയം കൊണ്ടുവന്ന ആദ്യത്തെ ക്യാപ്റ്റൻ നിങ്ങളാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’’
സൂര്യകുമാർ പ്രതികരിക്കും മുൻപ് മാധ്യമ ഉപദേഷ്ടാക്കൾ ഇടപെട്ട് ചോദ്യത്തിനു മറുപടി പറയരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ മാധ്യമപ്രവർത്തകൻ ദേഷ്യപ്പെടുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ തമാശ പറഞ്ഞതോടെ റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചു. റിപ്പോർട്ടറുടെ ചോദ്യം തനിക്ക് മനസ്സിലായില്ലെന്നും സൂര്യകുമാർ പറഞ്ഞു.
സൂര്യകുമാറിന്റെ മറുപടി ഇങ്ങനെ: ‘‘ഞാൻ ഉത്തരം പറയണോ വേണ്ടയോ? നിങ്ങൾ ദേഷ്യപ്പെടുകയാണല്ലോ. എനിക്ക് നിങ്ങളുടെ ചോദ്യം പോലും മനസ്സിലായില്ല, നിങ്ങൾ ഒരേ സമയം നാല് ചോദ്യങ്ങൾ ചോദിച്ചു.’’
അതേസമയം, എസിസി പ്രസിഡന്റും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കേണ്ടന്ന തീരുമാനം താരങ്ങൾ ചേർന്ന് എടുത്തതാണെന്നും ബിസിസിഐക്ക് അതിൽ പങ്കില്ലെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
English Summary:








English (US) ·