'നിജു മറച്ചുവെച്ച കുറേ കാര്യങ്ങളുണ്ട്; ഭാര്യയ്ക്ക് സമനിലതെറ്റിയ പോലെയായി'; വഞ്ചനാ കേസിൽ ഷാൻ റഹ്മാൻ

9 months ago 9

Shaan Rahman

ഷാൻ റഹ്മാൻ | സ്ക്രീൻ​ഗ്രാബ്

കൊച്ചി: വഞ്ചനാ കേസിൽ വൈകാരികമായ വിശദീകരണവുമായി സം​​ഗീത സംവിധായകൻ ഷാൻ റഹ്മാൻ. കേസുമായി മുന്നോട്ടുപോകുമെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം അറിയിച്ചു. 25 ലക്ഷം രൂപ നിക്ഷേപം നൽകാമെന്ന് പരാതിക്കാരനായ നിജുരാജ് പറഞ്ഞെങ്കിലും അഞ്ച് ലക്ഷം മാത്രമാണ് തന്നത്. നിജുവിന്റെ അറോറ എന്ന കമ്പനിയുമായിട്ടായിരുന്നു കരാർ. മറ്റൊരു കമ്പനിയാണ് പ്രൊഡക്ഷൻ നടത്തുന്നതെന്ന് വൈകിയാണ് അറിഞ്ഞത്. പരിപാടിക്കുശേഷം 45 ലക്ഷം രൂപയുടെ ബില്ലുമായി ഇയാൾ വന്നു. ഈ സംഖ്യ പിന്നീട് 47 ലക്ഷവും 51 ലക്ഷവുമായി. ഇതോടെ ആദ്യം തന്ന അഞ്ചുലക്ഷം തിരിച്ചുകൊടുത്തു. ഭീഷണി തുടർന്നപ്പോഴാണ് മെസ്സേജയച്ചത്. ഭീഷണി കാരണം തന്റെ ഭാര്യയുടെ സമനില നഷ്ടപ്പെടുമെന്ന അവസ്ഥ വന്നു. ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നും ഷാൻ റഹ്മാൻ അഭ്യർത്ഥിച്ചു.

ഷാൻ റഹ്മാന്റെ വാക്കുകൾ:

വളരെ സങ്കടകരമായ രണ്ടാഴ്ചകളിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. ഇക്കാര്യത്തിൽ ഒരു വിശദീകരണം തരാൻ വൈകിയത് എന്താണെന്നുവെച്ചാൽ ശനിയാഴ്ചയാണ് ഞങ്ങൾ രണ്ടുപേരും പോലീസ് സ്റ്റേഷനിൽ പോയി മൊഴി കൊടുക്കുന്നത്. കേസ് കൊടുത്തിട്ടേയുള്ളൂ, കോടതിയിലേക്ക് പോയിട്ടില്ല. അപ്പോഴേക്കും മാധ്യമവിചാരണ കഴിഞ്ഞു. ഞാനും എന്റെ ഭാര്യയും വഞ്ചകരായി. എന്റെ സൈഡ് എന്താണെന്ന് ആരും ചോദിച്ചില്ല. നിജു എന്ന വ്യക്തി പോലീസിൽനിന്നും മീഡിയയിൽനിന്നും മറച്ചുവെച്ച കുറേ കാര്യങ്ങളുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു പേരാണ് ഇറ്റേണൽ റേ പ്രൊഡക്ഷൻസ്. ഞാനും ഭാര്യയും തുടക്കമിട്ട, ശൈശവദശയിലുള്ള ഒരു സംരംഭമാണിത്. ഇറ്റേണൽ റേ പ്രൊഡക്ഷൻസ് 2024-ൽ ദുബായിൽവെച്ച് ഉയരേ എന്നൊരു ഷോ ചെയ്തു. അത് ഹിറ്റായപ്പോൾ അതുപോലൊന്ന് നമ്മുടെ നാട്ടിൽ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കൊച്ചിയിൽ ചെയ്യാമെന്ന് തീരുമാനിച്ചു. ഷോ ചെയ്യാൻ പ്രൊഡക്ഷൻ കമ്പനികളിൽനിന്ന് ക്വട്ടേഷനെടുക്കണം. അങ്ങനെ വന്ന കമ്പനിയാണ് നിജുരാജിന്റെ ഉദയാ പ്രോ. എന്റെ ഓഫീസിൽ വെച്ചായിരുന്നു ഇദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്ച. ഉദയാ പ്രോയെ ഉറപ്പിച്ചെങ്കിലും പ്രതീക്ഷിച്ച രീതിയിൽ സ്പോൺസർമാരെ കിട്ടിയില്ല.

അങ്ങനെയിരിക്കേ ഒരു യൂണിവേഴ്സിറ്റിയിൽനിന്ന് നമുക്കൊരു അന്വേഷണം വന്നു. വലിയ രീതിയിലല്ലാതെ ഷോ നടത്താൻ പറ്റുമോയെന്നായിരുന്നു അവർ ചോദിച്ചത്. അത് ചെയ്യാൻ തീരുമാനിക്കുകയും ചെറിയ പരിപാടിയാണ് ചെയ്യുന്നത് എന്നും നിങ്ങളുടെ സഹായം വേണ്ടെന്നും ഉദയാ പ്രോയുടെ ആളോട് വിളിച്ചുപറഞ്ഞു. അപ്പോളാണ് നിജുരാജ് പറയുന്നത് അദ്ദേഹത്തിന് അറോറ എന്റർടെയിൻമെന്റ്സ് എന്ന വേറൊരു കമ്പനിയുണ്ട്. അവർ 25 ലക്ഷം നിക്ഷേപിക്കാൻ തയ്യാറാണെന്ന്. കൂടാതെ പ്രൊഡക്ഷനും അവർതന്നെ നോക്കാമെന്ന് പറഞ്ഞു. ലാഭത്തിന്റെ 70 ശതമാനം വേണമെന്നും പരിപാടിയുടെ പേര് അറോറ ഫെസ്റ്റ് എന്നാക്കണമെന്നുമായിരുന്നു നിജുവിന്റെ ആവശ്യം. പരിപാടിയുടെ പേര് മാറ്റണമെന്നതൊഴിച്ച് ബാക്കി എല്ലാം ഓകെയായിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും അത് സമ്മതിച്ചു. തുടർന്ന് ഷോ അനൗൺസ് ചെയ്തു.

ഡിസംബർ രണ്ടാംവാരമായിട്ടും നിജോയുടെ ഭാ​ഗത്തുനിന്ന് അ​ഗ്രിമെന്റോ അഡ്വാൻസോ കിട്ടിയില്ല. നമ്മുടെ ഭാ​ഗത്തുനിന്ന് പ്രമോഷൻ തുടങ്ങുകയും ചെയ്തു. നമ്മുടെ സൈഡിൽനിന്ന് ചിലവ് കൂടിവന്നപ്പോൾ ഇൻവെസ്റ്റ്മെന്റ് 35 ലക്ഷം ആക്കാമോ എന്ന് നിജുവിനോട് ചോദിച്ചു. അത് അദ്ദേഹം സമ്മതിച്ചില്ല. പകരം ലാഭം 60-40 ശതമാനത്തിൽ പങ്കുവെയ്ക്കാമെന്നാക്കി. ജനുവരി 14 ആയിട്ടും നിജു പൈസയും തരുന്നില്ല, കരാറും വെയ്ക്കുന്നില്ല. അങ്ങനെ ഞങ്ങൾതന്നെ ഒരു എ​ഗ്രിമെന്റ് തയ്യാറാക്കി നിജുവിന് അയച്ചുകൊടുത്തു. ജനുവരി 16-ന് പുള്ളി അഞ്ചുലക്ഷം രൂപ എന്റെ കമ്പനിയിൽ നിക്ഷേപിച്ചു. ഈ പണത്തേക്കുറിച്ച് അദ്ദേഹം എഫ്ഐആറിലോ മൊഴിയിലോ പറഞ്ഞിട്ടില്ല.

ഷോയുടെ തലേദിവസമായ ജനുവരി 24-ന് പരിപാടി നടക്കേണ്ട വേദിയിൽ പോയപ്പോഴാണ് ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. അതിന്റെ പ്രൊഡക്ഷൻ കമ്പനി മൊത്തം മാറിയിരിക്കുന്നു. അവർ നമ്മളിൽനിന്ന് ഇക്കാര്യം മറച്ചുവെയ്ക്കുകയായിരുന്നു. അവസാനനിമിഷമായതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. രസകരമായ മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ ഈ പുതിയ പ്രൊഡക്ഷൻ കമ്പനിയെ ഇദ്ദേഹം സമീപിക്കുന്നത് ഷാൻ റഹ്മാന്റെ പ്രൊഡക്ഷൻ മാനേജർ എന്നുപറഞ്ഞിട്ടാണ്. ബാക്കിയുള്ള സ്ഥലത്തെല്ലാം ഉയരേ പരിപാടിയുടെ പാർട്ണർ എന്നും പറഞ്ഞു. ഷോ കഴിഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് പുള്ളി മാറുകയായിരുന്നു. ഇത് മുൻകൂട്ടി ആസൂത്രണംചെയ്ത നീക്കമാണെന്ന് എനിക്ക് തോന്നി. അവിടെ ഡ്രോൺ പറത്താനുള്ള അനുമതിയില്ലെന്ന കാര്യവും അദ്ദേഹം മറച്ചുവെച്ചു. അനുവാദമില്ലാതെ ഡ്രോൺ പറത്തിയതിന് അയാളെ ജാമ്യംത്തിലിറക്കിയത് എന്റെ ടീമാണ്.

ഷോ കഴിഞ്ഞ് എല്ലാവർക്കും പ്രതിഫലം കൊടുക്കുമ്പോൾ നിജു 45 ലക്ഷത്തിന്റെ ബില്ലുമായി വന്നു. എന്തിന്റെ ബില്ലാണെന്ന് എഴുതിത്തരാൻ പറഞ്ഞു. പിന്നെ വന്ന മെസേജിൽ ഈ 45 ലക്ഷം എന്നത് 47 ലക്ഷമായി. പിന്നെയത് 51 ലക്ഷവുമായി. നിജുവിന്റെ ചെലവുംകൂടി ഞങ്ങൾ കൊടുക്കണമെന്ന് പറഞ്ഞത് എവിടത്തെ ന്യായമാണ്? നിജു സൈറയെ നിരന്തരമായി വിളിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയാണ്. ഉയരെ നല്ല ഷോ ആയിരുന്നെങ്കിലും നഷ്ടംവന്നു. നിജു ഇട്ടുതന്ന അഞ്ച് ലക്ഷം തിരിച്ചുകൊടുക്കുകയാണെന്ന് ഭാര്യ പറഞ്ഞു. ഞാനും സമ്മതിച്ചു. ഫെബ്രുവരി 20-ന് ആ പണം തിരിച്ചുകൊടുക്കുകയും ഈ കാര്യം പറഞ്ഞ് നിജു ഇനി വിളിക്കരുതെന്നും പറഞ്ഞു. തൊട്ടടുത്ത ദിവസം നിജു വിളിച്ച് വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി. സൈറ എന്നെ വിളിച്ച് അലറിക്കരയുകയായിരുന്നു. അവളുടെ സമനില തെറ്റിയതുപോലെയായി. അപ്പോഴാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വോയിസ് നോട്ട് നിജുവിന് അയച്ചത്. അഞ്ചര മിനിറ്റുള്ള വോയിസ് നോട്ടിന്റെ ചില ഭാ​ഗങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

നമുക്കുവേണ്ടി പണിയെടുത്ത ആൾക്കാരുണ്ടെന്ന് മറക്കരുത്. ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും അവരെ നമ്മൾ ​ഗൗനിക്കണം. ഇത് നിജു കൊടുക്കേണ്ട പൈസയാണ്. ആർക്കൊക്കെ എന്തൊക്കെ കൊടുക്കാനുണ്ടെന്ന സത്യസന്ധമായ കണക്ക് ‍നിജുവിനോട് ചോദിച്ചു. ഞങ്ങൾ നിജുവിന് പണം കൊടുക്കില്ലെന്ന് മനസിലാക്കിയപ്പോളാണ് നിജു കേസ് കൊടുത്തത്. ഞാൻ പറയുന്ന കാര്യങ്ങളൊന്നും നിജു പോലീസിനോട് പറഞ്ഞിട്ടില്ല. വെൻഡേഴ്സിന്റെ പ്രശ്നങ്ങൾ തീർക്കാൻ അവരുമായി ചർച്ച തുടങ്ങി എന്നറിഞ്ഞപ്പോൾ നിജു ഇവരെ സമീപിച്ചു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് രണ്ടുപേരെ എന്റെ വീട്ടിലേക്ക് വിട്ടു. അതിലൊരാൾ വെൻഡറുമായിരുന്നു. എല്ലാം ഒരു തെറ്റിദ്ധാരണയായിരുന്നെന്ന് മാധ്യമങ്ങളോട് പറയണമെന്ന് നിജു പറയുന്ന വോയിസ് നോട്ടും കേൾപ്പിച്ചുതന്നു.

ഇത് തെറ്റിദ്ധാരണയല്ലല്ലോ. രണ്ട് കുടുംബങ്ങൾ ഉരുകി, നാട്ടുകാരുടെ തെറിയുംകേട്ട് സമാധാനംപോലും നഷ്പ്പെട്ടിരിക്കുകയായിരുന്നു. ജോലിപോലും ചെയ്യാൻ പറ്റുന്നില്ലായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് എത്തിച്ചിട്ട് എല്ലാം തെറ്റിദ്ധാരണയാണെന്ന് പറഞ്ഞാൽ എങ്ങനെയാണ്? എനിക്ക് വിശ്വാസം കുറഞ്ഞു മൊത്തത്തിൽ. വെൻഡേഴ്സുമായി സംസാരിച്ച് ഒരു സംഖ്യയിൽ ധാരണയിലെത്തി. നിജുവിന്റെ സത്യസന്ധമായ മാപ്പ് പറയലാണ് വേണ്ടതെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. വെൻഡേഴ്സും അത് സമ്മതിച്ചു. തൊട്ടടുത്ത ദിവസം അവർ നിജുവിനെ കണ്ടു. മാപ്പുപറയില്ലെന്ന് നിജു പറഞ്ഞു. ഇതോടെ വെൻഡേഴ്സ് നിജുവുമായി ഉടക്കി. തുടർന്ന് അവരുടെ ഫോൺകോളുകൾ നിജു എടുക്കാതെയായി.

വെൻഡേഴ്സിന് കൊടുക്കാമെന്ന് പറഞ്ഞ സംഖ്യ നിജുവിന് കൊടുത്താൽ അദ്ദേഹം എന്താണെന്നുവച്ചാൽ മാധ്യമങ്ങളോട് പറയാമെന്ന് നിജു അറിയിച്ചു. ഇക്കാര്യം ഞാൻ വെൻഡേഴ്സിനോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഇക്ക ഇക്കയുടെ വഴിക്ക് വിട്ടോ, അവന്റെ കയ്യിൽനിന്ന് വാങ്ങാനുള്ള പൈസ ഞങ്ങൾ വാങ്ങിക്കോളാമെന്നാണ്. ആ വിഷയം അവിടെ തീർന്നു. നിലവിലെ സാഹചര്യം എന്താണെന്നുവെച്ചുകഴിഞ്ഞാൽ ഞങ്ങൾ 29-ാം തീയതി പോലീസിന് മൊഴി കൊടുത്തു. കേസുമായി മുന്നോട്ടുപോകും. ഇനി ഇക്കാര്യത്തിൽ വിശദീകരിക്കാനില്ല, മതിയായി. എനിക്ക് പണിയെടുക്കണം. എനിക്കും കുടുംബത്തിനും ജീവിക്കണം. ദയവുചെയ്ത് ഉപദ്രവിക്കരുത്.

Content Highlights: Shan Rahman`s Emotional Explanation connected Fraud Case

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article