Published: January 19, 2026 07:56 AM IST Updated: January 19, 2026 09:57 AM IST
2 minute Read
ഇൻഡോർ∙ കാവൽ നിൽക്കാൻ കോലിയുണ്ടായിരുന്നു; പക്ഷേ, കൂടെ നിൽക്കാൻ ഒരാൾപോലും ഇല്ലാതായിപ്പോയി... രാജ്യാന്തര ക്രിക്കറ്റിലെ 85–ാം സെഞ്ചറിയുമായി വിരാട് കോലി (108 പന്തിൽ 124) അവസാനം വരെ പൊരുതിയിട്ടും ഇന്ത്യൻ കപ്പൽ വിജയതീരം തൊട്ടില്ല. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 41 റൺസിനു തോൽപിച്ച ന്യൂസീലൻഡ്, പരമ്പര 2–1ന് സ്വന്തമാക്കി. ഇതാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിലൊരു ഏകദിന പരമ്പര ജയിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ്, ഡാരിൽ മിച്ചൽ (137), ഗ്ലെൻ ഫിലിപ്സ് (106) എന്നിവരുടെ സെഞ്ചറി മികവിൽ 337 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ നിതീഷ് കുമാർ റെഡ്ഡി (53), ഹർഷിത് റാണ (52) എന്നിവരെ കൂട്ടുപിടിച്ച് കോലി തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ഇന്ത്യൻ പോരാട്ടം 296ൽ അവസാനിച്ചു. സ്കോർ: ന്യൂസീലൻഡ് 50 ഓവറിൽ 8ന് 337. ഇന്ത്യ 46 ഓവറിൽ 296. പരമ്പരയിൽ രണ്ടു സെഞ്ചറിയും ഒരു അർധ സെഞ്ചറിയും നേടിയ ഡാരിൽ മിച്ചലാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും. ഇന്ത്യ– ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം 21ന് നാഗ്പുരിൽ നടക്കും.
കോലി മാത്രം
വമ്പൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെയും (11) ശുഭ്മൻ ഗില്ലിനെയും (23) നഷ്ടമായി. പിന്നാലെ ശ്രേയസ് അയ്യരും (3) കെ.എൽ.രാഹുലും (1) മടങ്ങിയതോടെ ഇന്ത്യ 4ന് 71 എന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 88 റൺസ് കൂട്ടിച്ചേർത്ത കോലി, ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ നിതീഷിനെയും പിന്നാലെ രവീന്ദ്ര ജഡേജയെയും (12) മടക്കിയ കിവീസ് ഇന്ത്യയെ വീണ്ടും സമ്മർദത്തിലാക്കി.
6ന് 178 എന്ന നിലയിലേക്ക് വീണ ഇന്ത്യ തോൽവി മുഖാമുഖം കണ്ടെങ്കിലും ഏഴാം വിക്കറ്റിൽ ഹർഷിത് റാണയ്ക്കൊപ്പം (52) 99 റൺസ് കൂട്ടിച്ചേർത്ത കോലി, ഒരു ത്രില്ലർ ജയത്തിന്റെ സൂചനകൾ നൽകി. എന്നാൽ ഹർഷിത് വീണതോടെ പ്രതീക്ഷകൾ അസ്തമിച്ചു. വാലറ്റക്കാരെ കൂട്ടുപിടിച്ച് അവസാന ഓവറുകളിൽ പൊരുതിയ കോലി, ഒൻപതാമനായി പുറത്താകുമ്പോൾ 292 റൺസിലായിരുന്നു ഇന്ത്യ. പിന്നാലെ കുൽദീപ് യാദവിനെ (5) റണ്ണൗട്ടാക്കിയ ഗ്ലെൻ ഫിലിപ്സ്, ഇന്ത്യൻ ഇന്നിങ്സിന് കർട്ടനിട്ടു.
മിച്ചൽ മാജിക്
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത കിവീസ് ഞെട്ടലോടെയാണ് തുടങ്ങിയത്. ആദ്യ ഓവറിൽ ഓപ്പണർ ഹെൻറി നിക്കോളാസിനെയും (0) അടുത്ത ഓവറിൽ ഡെവൻ കോൺവേയെയും (5) നഷ്ടപ്പെട്ട കിവീസ് 2ന് 5 എന്ന സ്കോറിലേക്ക് വീണു. അധികം വൈകാതെ വിൽ യങ്ങും (30) മടങ്ങിയതോടെ 3ന് 58 എന്ന നിലയിലായി സന്ദർശകർ. നാലാം വിക്കറ്റിൽ ഒന്നിച്ച മിച്ചൽ– ഫിലിപ്സ് സഖ്യമാണ് കിവീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചതിനു പിന്നാലെ റൺനിരക്ക് ഉയർത്താൻ തുടങ്ങി.
186 പന്തിൽ 219 റൺസ് കൂട്ടിച്ചേർത്ത സഖ്യം കിവീസിന് ശക്തമായ അടിത്തറ ഒരുക്കി. 131 പന്തിൽ 3 സിക്സും 15 ഫോറും അടങ്ങുന്നതാണ് മിച്ചലിന്റെ ഇന്നിങ്സ്. പരമ്പരയിൽ മിച്ചലിന്റെ രണ്ടാം സെഞ്ചറിയാണിത്. 88 പന്തിൽ 3 സിക്സും 9 ഫോറും സഹിതമാണ് ഫിലിപ്സ് സെഞ്ചറി തികച്ചത്. ഇരുവരും പുറത്തായതിനു പിന്നാലെ ആഞ്ഞടിച്ച ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെലാണ് (18 പന്തിൽ 28 നോട്ടൗട്ട്) സ്കോർ 337ൽ എത്തിച്ചത്. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും 3 വിക്കറ്റ് വീതം വീഴ്ത്തി.
ഏഴാം സെഞ്ചറി
ഏകദിന ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരെ തന്റെ ഏഴാം സെഞ്ചറിയാണ് വിരാട് കോലി ഇൻഡോറിൽ നേടിയത്. ഈ ഫോർമാറ്റിൽ കിവീസിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. 6 വീതം സെഞ്ചറി നേടിയ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെയും ഇന്ത്യയുടെ വിരേന്ദർ സേവാഗിനെയുമാണ് കോലി മറികടന്നത്.
English Summary:








English (US) ·