Published: November 23, 2025 09:43 PM IST
1 minute Read
ഗുവാഹത്തി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യൻ ബോളര്‍മാർ വിക്കറ്റു വീഴ്ത്താനാകാതെ കുഴങ്ങുമ്പോഴും നിതീഷ് കുമാർ റെഡ‍്ഡിയെ പന്തെറിയാൻ ഉപയോഗിക്കാതിരുന്ന ക്യാപ്റ്റൻ ഋഷഭ് പന്തിന് വിമർശനം. രണ്ടാം ദിവസം ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റും വീഴ്ത്താൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ബോളർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർ എങ്ങനെയൊക്കെ പന്തെറിഞ്ഞിട്ടും സെനുരൻ മുത്തുസാമി– കൈൽ വെരെയ്ൻ കൂട്ടുകെട്ടു തകർക്കാൻ സാധിച്ചിരുന്നില്ല.
അപ്പോഴും ബോളിങ് ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയെ ഋഷഭ് പന്ത് ഉപയോഗിച്ചിരുന്നില്ല. ഇതോടെയാണ് കമന്ററി ബോക്സിൽ ഇരുന്ന് പന്തിന്റെ തന്ത്രങ്ങളെ മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക് പരിഹസിച്ചത്. പേസ് ബോളിങ് ഓൾറൗണ്ടറായി ടെസ്റ്റ് ടീമിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ആദ്യ ദിവസം നാല് ഓവറുകൾ മാത്രമാണ് എറിഞ്ഞത്. രണ്ടാം ദിനത്തിലെ രണ്ടോവറുകളും ചേർത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ താരം എറിഞ്ഞത് ആറ് ഓവറുകൾ മാത്രം. പേസർമാരായ ജസ്പ്രീത് ബുമ്ര 32 ഉം മുഹമ്മദ് സിറാജ് 30ഉം ഓവറുകൾ എറിഞ്ഞ് കുഴങ്ങിയിട്ടും നിതീഷ് റെഡ്ഡിക്ക് കൂടുതൽ ഓവറുകൾ നൽകാൻ ഋഷഭ് പന്ത് തയാറായില്ല.
‘‘നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ബോളറുള്ള കാര്യം അവർ മറന്നുവെന്നു തോന്നുന്നു. ബോളറായി ടീമിലെടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു കുറച്ചുകൂടി ഓവറുകൾ നൽകാവുന്നതാണ്.’’– ദിനേഷ് കാർത്തിക്ക് വ്യക്തമാക്കി. ആദ്യ ഇന്നിങ്സിൽ 489 റൺസെടുത്താണ് ദക്ഷിണാഫ്രിക്ക പുറത്തായത്. സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സെഞ്ചറി നേടി. 206 പന്തുകൾ നേരിട്ട താരം 109 റൺസെടുത്തു. 91 പന്തിൽ 93 റൺസെടുത്ത മാർകോ യാൻസനും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.
English Summary:








English (US) ·