Published: October 19, 2025 11:33 AM IST
2 minute Read
മലപ്പുറം∙ സൂപ്പർ ലീഗ് കേരളയിൽ ഇന്നു മലബാർ ഡെർബി. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യൻമാരായ കാലിക്കറ്റ് എഫ്സി, ഹോം ടീമായ മലപ്പുറം എഫ്സിയെ നേരിടും. മത്സരത്തിനു മുന്നോടിയായി സൂപ്പർ ലീഗ് കേരള, ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോ ആരാധകർ ഏറ്റെടുത്തു. കാലിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫും മലപ്പുറം ടീമിന്റെ ഉടമകളിലൊരാളായ ക്രിക്കറ്റ് താരം സഞ്ജു സാംസണും തമ്മിലുള്ള നർമസംഭാഷണമാണ് വിഡിയോയിലുള്ളത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ, ബേസിൽ ഫോൺ വിളിക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘ഹലോ, ബോൽ’ എന്നു സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്നു ബേസിൽ പറയുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് ഒരു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലുള്ളത്.
ഈ സാലാ കപ്പ് നംദേ (ഈ വർഷം കപ്പ് ഞങ്ങളുടേത്) എന്ന ആർസിബി ആരാധകരുടെ വാചകം ബേസിൽ പറയുമ്പോൾ, ‘നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല’ എന്നു സഞ്ജു പറയുന്നു. ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്നു പണ്ടൊരു മഹാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു’ എന്നാണ് ഇതിനു ബേസിലിന്റെ തഗ് മറുപടി. ‘ചുമ്മാ അതിറുതില്ലേ..’ എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു.
∙ ജയം തുടരാൻ മലപ്പുറം, തിരിച്ചുവരവിന് കാലിക്കറ്റ്ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന മലപ്പുറം എഫ്സി, അപരാജിത കുതിപ്പ് തുടരാനുള്ള ഉറച്ച ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയോട് അടിപതറിയ കാലിക്കറ്റ് എഫ്സിക്ക് ഒരു തിരിച്ചുവരവിനായി ഈ മത്സരം ആവശ്യമാണ്. നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി മലപ്പുറം ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്തുമാണ്. ഇരുടീമുകൾക്കും പോയിന്റ് പട്ടികയിൽ മുന്നേറാൻ ഈ വിജയം അനിവാര്യമാണ്.
കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ രണ്ടു തവണയും വിജയം കാലിക്കറ്റ് എഫ്സിക്ക് ഒപ്പമായിരുന്നു. പയ്യനാട് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കാലിക്കറ്റ് ജയിച്ചപ്പോൾ, സ്വന്തം ഹോം ഗ്രൗണ്ടിൽ രണ്ടിനെതിരെ ഒരു ഗോളിനായിരുന്നു സീസൺ 1 ജേതാക്കളുടെ വിജയം. കഴിഞ്ഞ സീസണിൽ കാലിക്കറ്റിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഗനി നിഗം ഇത്തവണ മലപ്പുറം നിരയിലാണ് എന്നത് ഈ പോരാട്ടത്തിന്റെ മറ്റൊരു കൗതുകമാണ്.
ഈ മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരായ ഹജ്‌മലിന്റെയും (കാലിക്കറ്റ്) അസ്ഹറിന്റെയും (മലപ്പുറം) പ്രകടനം ഏറെ നിർണായകമാകും. സീസണിൽ ഇരുവരും മികച്ച ഫോമിലാണ്. തൃശൂരിനെതിരെയും കൊച്ചിക്കെതിരെയും കോഴിക്കോടിനായി നിർണായക സേവുകൾ നടത്തി ഹജ്മൽ തിളങ്ങിയപ്പോൾ, കണ്ണൂരിനെതിരായ മത്സരത്തിൽ അസ്ഹറായിരുന്നു മലപ്പുറത്തിന്റെ താരം. റോയ് കൃഷ്ണയെയും സെബാസ്റ്റ്യൻ റിങ്കണിനെയും പോലുള്ള പ്രധാന താരങ്ങൾ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഇരു ടീമിന്റെയും ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്റിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലെന്നപോലെ ഗാലറികളിലും ആവേശം അണപൊട്ടും.
English Summary:








English (US) ·